ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ പ്രവര്‍ത്തനത്തിലൂടെ ജാതിഭേദം ദൂരീകരിക്കാനും രാജ്യത്തെ തീര്‍ത്ഥാലയമാക്കാനും കഴിഞ്ഞെങ്കിലും ഇപ്പോഴും ജാതിഭേദത്തിന്റെ അവശിഷ്ടങ്ങള്‍ പലയിടങ്ങളിലുമുണ്ടെന്ന് ശിവഗിരിയില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ 96-ാം വാര്‍ഷികപൊതുയോഗം പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
ഭരണസിരാകേന്ദ്രങ്ങള്‍ ഇപ്പോഴും തമ്പുരാന് കോട്ടകളാണ്. ചില ക്ഷേത്രങ്ങളില്‍ മന്ത്രിമാര്‍ പോലും അയിത്താചരണത്തിന് വശംവദരാകുന്നു. ചില പ്രമുഖ ക്ഷേത്രങ്ങളില്‍ പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് പൂജാരിമാരാകാനോ ശ്രീനാരായണഗുരുദേവകൃതികളായ സ്തോത്രങ്ങള്‍ ആലപിക്കാനോ പാടില്ല. പ്രമുഖ ക്ഷേത്രങ്ങളില്‍ ശാന്തിക്കാരെ തിരഞ്ഞെടുക്കുമ്പോള്‍ അപേക്ഷകര്‍ ബ്രാഹ്മണരായിരിക്കണമെന്നും അതിനുമപ്പുറത്ത് ക്ഷേത്രത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതിനായി അപേക്ഷിക്കുന്നവരും ബ്രാഹ്മണര്‍ തന്നെയായിരിക്കണമെന്നുള്ള തീരുമാനവും വരുന്നു. അയിത്തവും ജാതിഭേദവും ഇല്ലാതാക്കി എല്ലാ വിശ്വാസികള്‍ക്കും തുല്യമായ സാമൂഹിക നീതി കൈവരുത്തുവാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
ശ്രീനാരായണ ഗുരുദേവ മഹാസമാധിദിനമായ കന്നി 5 ഏകലോക സദ്ഭാവനാദിനമായി ഭാരത സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.
ലോകത്ത് അശാന്തിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്ന പശ്ചിമേഷ്യന്‍ പ്രശ്നങ്ങള്‍ക്കു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഭാരത സര്‍ക്കാര്‍ ഐക്യരാഷ്ട്ര സഭയിലൂടെ ഗുരുദേവ തത്വദര്‍ശനത്തിന്റെ വെളിച്ചത്തില്‍ പ്രശ്ന പരിഹാരത്തിന് എത്രയും വേഗം മുന്നിട്ടിറങ്ങണം. ഇസ്രായേലും പാലസ്തീനും ഇതര അറബ് രാജ്യങ്ങളും പരസ്പരം പോരാടി ലോകത്തിന്റെ സമാധാനം നഷ്ടപ്പെടുത്തുന്നു. മതമല്ല വലുത് മനുഷ്യനാണ്. മതമേതായാലും മനുഷ്യന് നന്നായാല്‍ മതി എന്ന ശ്രീനാരായണഗുരുദേവന്റെ ദര്‍ശനം കൊണ്ടുമാത്രമേ പ്രശ്ന പരിഹാരം ഉണ്ടാക്കാന്‍ സാധിക്കൂ എന്നും യോഗം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: