ന്യൂദല്‍ഹി: വായ്പാ ആപ്പുകള്‍ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇവയെ ശക്തമായി നേരിടാന്‍ ആര്‍ബിഐയോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. കെവൈസി (നോ യുവര്‍ കസ്റ്റമര്‍) വിപുലവും ശക്തവുമാക്കി ഇത്തരം ആപ്പുകള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാനാണ് ആര്‍ബിഐ പദ്ധതി.
കൂടുതല്‍ വിശദമായ കെവൈസി തയാറാക്കാന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം ചെയ്യണമെന്ന് റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ധനകാര്യ സേവന വിഭാഗത്തിന്റെയും റിസര്‍വ് ബാങ്കിന്റെയും പ്രതിനിധികളുമായി ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശമുയര്‍ന്നത്.
വ്യാജ വായ്പാ ആപ്പുകള്‍ തിരിച്ചറിയാന്‍ ഇത് സഹായകമാകുമെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. നിയമപരമായ, സൂക്ഷ്മമായി പരിശോധിച്ച വായ്പാ ആപ്പുകള്‍ക്ക് മാത്രമേ ബാങ്കിങ് സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുന്നുള്ളുവെന്ന് ഉറപ്പാക്കണം, അദ്ദേഹം പറഞ്ഞു.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഇത്തരം ആപ്പുകള്‍ക്കെതിരെ ആയിരത്തിലേറെ പരാതികളാണ് ധനമന്ത്രാലയത്തിന് ലഭിച്ചിട്ടുള്ളത്. ഇന്ത്യന്‍ ശിക്ഷാ നിയമം ലംഘിക്കുന്ന ഇത്തരം ആപ്പുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ആപ്പിള്‍ ആപ്പ് സ്റ്റോറുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: