ശിവഗിരി: ശ്രീശാരദാംബയുടെ സന്നിധിയില്‍ അറിവിന്റെ ആദ്യക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍. ശ്രീനാരായണ ഗുരുദേവന് വിദ്യാദേവതയായി പ്രതിഷ്ഠിച്ചതാണ് ശിവഗിരിയിലെ ശാരദാദേവി. ഇവിടെ നിത്യവും വിദ്യാരംഭവും അന്നപ്രാശനവും നടക്കുന്നുണ്ട്. ശിവഗിരി മഠത്തില്‍ നടക്കുന്ന വിവാഹങ്ങളും ശാരദാദേവി സന്നിധിയിലാണ്.
ഇന്നലെ പ്രഭാതം മുതല്‍ ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ട്രഷറര്‍ സ്വാമി ശാരദാനന്ദ, മുന്‍ ജനറല്‍ സെക്രട്ടറിയും നിലവില്‍ ട്രസ്റ്റ് ബോര്‍ഡംഗവുമായ സ്വാമി വിശാലാനന്ദ, സ്വാമി ശിവനാരായണ തീര്‍ത്ഥ തുടങ്ങിയവര്‍ കുട്ടികള്‍ക്ക് ആദ്യക്ഷരം പകര്‍ന്നു നല്കി.
മറ്റ് സംന്യാസി ശ്രേഷ്ഠരായ ബോര്‍ഡ് അംഗം സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ചൈതന്യാനന്ദ, സ്വാമി സത്യാനന്ദ തീര്‍ത്ഥ, സ്വാമി ദിവ്യാനന്ദഗിരി, സ്വാമി മഹാദേവാനന്ദ, സ്വാമി ധര്‍മ്മചൈതന്യ, സ്വാമി ശങ്കരാനന്ദ, സ്വാമി ദേശികാനന്ദയതി, സ്വാമി അസംഗാനന്ദഗിരി, സ്വാമി ഗോവിന്ദാനന്ദ, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി ശ്രീനാരായണ ദാസ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു.
തലേന്ന് മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ ശിവഗിരിയിലേക്ക് കുട്ടികളുമായി എത്തിക്കൊണ്ടിരുന്നു. ശിവഗിരി അതിഥി മന്ദിരം ഉള്‍പ്പെടെയുള്ള താമസക്രമീകരണങ്ങള്‍ മതിയാകാതെ സമീപ പ്രദേശങ്ങളിലെ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയാണ് രക്ഷിതാക്കള്‍ കുട്ടികളുമായി എത്തിയത്. ശിവഗിരിയിലെത്തിയ മുഴുവന്‍ പേര്‍ക്കും പ്രഭാതഭക്ഷണം, ഗുരുപൂജാ പ്രസാദം, അന്നദാനവും ഉണ്ടായിരുന്നു. കൊടിമര മൈതാനവും തീര്‍ത്ഥാടന സമ്മേളന ഓഡിറ്റോറിയത്തിന്റെ പിന്‍ഭാഗവും ശങ്കരാനന്ദ നിലയവും സമീപ പ്രദേശങ്ങളും വാഹന പാര്‍ക്കിംഗിന് സൗകര്യപ്പെടുത്തിയിരുന്നു. വഴിപാട് കൗണ്ടറുകളും നിലവിലുള്ളതിനേക്കാള്‍ മുമ്പേ പ്രവര്‍ത്തന സജ്ജമാക്കുകയും കൂടുതല്‍ സംവിധാനം ഒരുക്കുകയും ചെയ്തതിനാല്‍ തിക്കും തിരക്കും ഒഴിവായി.
ശാരദാദേവി സന്നിധിയിലെ നവരാത്രി മണ്ഡപത്തില്‍ 15 ന് സിനിമാതാരം ഇന്ദ്രന്‍സ് ദീപം തെളിച്ചതോടെ സമാരംഭിച്ച വൈവിദ്യമാര്‍ന്ന പരിപാടികളും ഇന്നലെ സമാപിച്ചു. സംസ്ഥാനത്ത് എല്ലാ ജില്ലകളില്‍ നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും ദുബായ്, കാനഡ എന്നിവിടങ്ങളില്‍ നിന്നും എത്തിയവരുടെ കലാപ്രകടനങ്ങളും, ഭക്തിഗാന സദസ്സുകളും, തിരുവാതിര, കൈക്കൊട്ടികളി, വിവിധ നൃത്തങ്ങള്‍ തുടങ്ങിയവ അത്യാകര്‍ഷകമായിരുന്നു. പരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കെല്ലാം ശിവഗിരി മഠത്തിന്റെ പ്രത്യേക സര്‍ട്ടിഫിക്കറ്റും സംന്യാസി ശ്രേഷ്ഠര്‍ നല്കുകയുണ്ടായി. ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉപഹാര വിതരണം നിര്‍വ്വഹിച്ചു. ട്രസ്റ്റ് ബോര്‍ഡംഗം സ്വാമി വിശാലാനന്ദ അവലോകനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: