ചങ്ങനാശ്ശേരി: സവര്‍ണ-അവര്‍ണ ചേരി തിരിവുണ്ടാക്കിയും, മുന്നാക്ക-പിന്നാക്ക വിഭാഗീയത വളര്‍ത്തിയും, ജാതിയമായി ഹിന്ദുക്കളെ വേര്‍തിരിക്കുകയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ചങ്ങനാശ്ശേരി താലൂക്ക് എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തില്‍ 110-ാമത് വിജയദശമി നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വോട്ടു ബാങ്കിനു വേണ്ടി സര്‍ക്കാരുകളും രാഷ്ട്രീയ പാര്‍ട്ടികളും വിഭാഗീയതയും, ജാതീയതയും പ്രോത്സാഹിപ്പിക്കുന്നത് ഖേദകരമാണ്. ഒരു പ്രത്യേക കാലയളവിലേക്ക് നടപ്പാക്കിയ ജാതിസംവരണം യാതൊരു കണക്കെടുപ്പോ അവലോകനമോ കൂടാതെ ഇപ്പോഴും തുടരുകയാണ്. സംവരണ സമുദായങ്ങളിലെ സമ്പന്നര്‍ക്കു മാത്രമാണ് അതിന്റെ നേട്ടം ലഭിക്കുന്നത്. 164 സമുദായങ്ങള്‍ ഉള്‍പ്പെടുന്ന മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് അടുത്ത കാലത്താണ് പത്ത് ശതമാനം സംവരണം ലഭിച്ചു തുടങ്ങിയത്. എല്ലാ വിഭാഗങ്ങളിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണാനുകൂല്യം ലഭിക്കുകയാണ് വേണ്ടതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.
പെരുന്നയിലെ എന്‍എസ്എസ് കണ്വന്ഷന് സെന്ററില്‍ ചേര്‍ന്ന സമ്മേളനത്തില്‍ എന്‍എസ്എസ് പ്രസിഡന്റ് ഡോ.എം.ശശികുമാര്‍ അധ്യക്ഷനായി. എന്‍എസ്എസ് ട്രഷറര്‍ എന്‍.വി.അയ്യപ്പന് പിള്ള, വൈസ് പ്രസിഡന്റ് എം.സംഗീത് കുമാര്‍, എന്‍എസ്എസ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം ഹരികുമാര്‍ കോയിക്കല്‍, കരയോഗം രജിസ്ട്രാര്‍ വി.വി.ശശിധരന് നായര്‍, യൂണിയന് വൈസ് പ്രസിഡന്റ് വി.ജി.ഭാസ്കരന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചങ്ങനാശ്ശേരി താലൂക്ക് യൂണിയന്റെ ഉപഹാരമായി ഗണപതിയുടെ വെങ്കലവിഗ്രഹം യൂണിയന് പ്രസിഡന്റ് ഹരികുമാര്‍ കോയിക്കല്‍ ജി.സുകുമാരന്‍നായര്‍ക്ക് കൈമാറി.
മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സമ്മേളനം ആരംഭിച്ചത്. പ്രൊഫ.മാടവന ബാലകൃഷ്ണപിള്ള, പന്തളം ശിവന്‍കുട്ടി, വിജുലാല്‍, രാധാകൃഷ്ണ പണിക്കര്‍, വി.ഉദയഭാനു, എ.ജി.രാധാകൃഷ്ണന്, എം.എസ്.മേനോന്, ഗോവിന്ദന്കുട്ടിമാസ്റ്റര്, ശശിധരന് നായര്‍, പ്രൊഫ.പ്രദീപ്, ബി.ഗോപകുമാര്‍, പി.ജി.എം.നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: