ടെല്‍ അവിവ്: ഹമാസിനെ പൂര്‍ണമായും തകര്‍ക്കാനുള്ള ആക്രമണത്തിന് പദ്ധതി തയ്യാറാക്കുകയാണെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഹമാസ് ബന്ദികളാക്കിയ ഇരുന്നൂറോളം പേരില്‍ നാല് പേരെ മാത്രം മോചിതരാക്കിയതിന് പിന്നാലെയാണ് ഐഡിഎഫ് വക്താവ് ഹെര്‍സി ഹലേവിയുടെ പ്രതികരണം. ഹമാസിന്റെ താവളങ്ങളും അവരുടെ മുഴുവന്‍ നേതാക്കളെയും നശിപ്പിക്കും. അദ്ദേഹം പറഞ്ഞു.
അതിനിടെ ദിവസങ്ങള്‍ പിന്നിട്ട യുദ്ധത്തില്‍ 1400 ഇസ്രയേലികള്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പറയുന്നു. അതേസമയം, ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 5000 ല്‍ അധികം പേര് കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയവും പറയുന്നു. ഏതായാലും യുദ്ധത്തില്‍ ഇതുവരെയായി 6000 ലേറെ പേര് കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.
ഇസ്രായേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ച് കരയുദ്ധം തുടങ്ങിയതായി ഹമാസ് പറയുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ത്തിരുന്ന ഗാസയിലെ റെസിഡന്‍ഷ്യല്‍ മേഖലയിലും ജബലിയ അഭയാര്‍ഥി ക്യാമ്പിലും ഗാസയ്ക്കരികിലുള്ള അല്‍-ഷിഫ, അല്‍-ഖുദ്സ് ആശുപത്രികള്‍ക്ക് നേരെയും ഇസ്രായേല്‍ ബോംബാക്രമണം നടത്തിയതായി പറയുന്നു. ആക്രമണത്തില്‍ നൂറുക്കണക്കിനുപേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യപ്രവര്‍ത്തകരും പറയുന്നു.
വടക്കന്‍ ഗാസയില്‍ നിന്ന് ഇനിയും പലായനം ചെയ്യാത്തവരെ ഹമാസ് അനുകൂലികളായി കണക്കാക്കുമെന്ന് ഇസ്രായേല്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ്, ഇസ്രായേല്‍ സൈനിക ടാങ്കുകള്‍ വടക്കന്‍ ഗാസയിലേക്ക് പ്രവേശിച്ചത്.
വിപുലമായ ആക്രമണത്തിലേക്ക് കടന്നിട്ടില്ലെന്നും ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള നിയന്ത്രിത ആക്രമണമാണ് നടത്തിയതെന്നും ഇസ്രയേല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: