ലൂസെയ്ന്‍(സ്വിറ്റ്സര്‍ലന്‍ഡ്): 2024 പാരിസ് ഒളിംപിക്സിനുള്ള വനിതാ ഹോക്കി യോഗ്യതാ മത്സരങ്ങള്‍ക്ക് ഭാരതം ആതിഥേയരാകും. ജനുവരി 13 മുതല്‍ 19 വരെയായിരിക്കും മത്സരങ്ങള്‍. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്(എഫ്ഐഎച്ച്) അറിയിച്ചതാണിക്കാര്യം.
എല്ലാ യോഗ്യതാ മത്സരങ്ങളും റാഞ്ചിയിലെ മാരംഗ് ഗോംകെ ജയ്പാല് സിങ് ആസ്ട്രോ ടര്‍ഫ് ഹോക്കി സ്റ്റേഡിയത്തിലായിരിക്കും നടക്കുക. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ നേട്ടത്തോടെ പാരിസ് ഒളിംപിക്സ് ഹോക്കിയിലേക്ക് ചൈന സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിയ ഭാരത പുരുഷ ടീമും ഒളിംപിക്സ് ഹോക്കിയില്‍ യോഗ്യത ഉറപ്പിച്ചു. ഏഷ്യന്‍ ഗെയിംസില്‍ ഭാരത വനിതകള്‍ക്ക് വെങ്കലനേട്ടമാണ് സ്വന്തമാക്കാനായത്.
ഭാരതത്തിലെ റാഞ്ചിയിലേത് കൂടാതെ സ്പെയിനിലെ വലന്‍സിയയിലും വനിതാ ഹോക്കി ഒളിംപിക്സ് യോഗ്യത നടക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പുരുഷ ഇനത്തിലും വനിതാ ഇനത്തിലും 12 വീതം ഹോക്കി ടീമുകള്‍ക്കാണ് പാരിസ് ഒളിംപിക്സില്‍ മത്സരിക്കാനാകുക.
യോഗ്യതാ മത്സരം കൂടാതെ ഇക്കൊല്ലം നടക്കുന്ന കോണ്ടിനെന്റല് ചാമ്പ്യന്‍ഷിപ്പുകളില്‍ ജേതാക്കളാകുന്നവര്‍ക്കും പാരിസ് ഒളിംപിക്സില്‍ നേരിട്ട് യോഗ്യത നേടാന്‍ സാധിക്കും. അഞ്ച് കോണ്ടിനെന്റല് ചാമ്പ്യന്‍ഷിപ്പുകളാണ് ഉള്ളത്. ഇതുപ്രകാരം യൂറോ ഹോക്കി ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ നെതര്‍ലന്‍ഡ്സും ഓഷ്യാനിയ കപ്പ് ജേതാക്കളായ ഓസ്ട്രേലിയയും നിലവിവല്‍ യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: