ആലപ്പുഴ: നെല്ല് സംഭരണത്തിന് സഹകരണ സംഘങ്ങളെ ചുമതലപ്പെടുത്തില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നെല്ല് സംഭരിക്കാന്‍ സാധിക്കില്ലെന്ന് സഹകരണ വകുപ്പ് തന്നെ അറിയിച്ചു. നെല്ല് സംഭരണവും വിതരണവും വിജയകരമായി നടത്താന്‍ സപ്ലൈകോയ്ക്ക് സാധിക്കുമെന്ന് സഹകരണ മന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.
കര്‍ഷകര്‍ക്ക് പണം നല്കാന് തയാറാണെന്നാണ് സഹകരണ വകുപ്പ് അറിയിച്ചിട്ടുള്ളത്. വകുപ്പുകള്‍ തമ്മില്‍ യാതൊരു പ്രശ്നങ്ങളുമില്ല. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് എല്ലാ നാളുകളിലും പ്രശ്നങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. 2070 കോടി രൂപയുടെ നെല്ലാണ് കഴിഞ്ഞവര്‍ഷം സംഭരിച്ചത്. അതില്‍ 1600 കോടി രൂപ വിതരണം ചെയ്യുന്നതില്‍ തടസമൊന്നും ഉണ്ടായില്ല. അവസാന ഘട്ടത്തില്‍ ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട ചില തടസങ്ങള്‍ നേരിട്ടു. കേരള ബാങ്ക് ഉള്‍പ്പെടെ പല ബാങ്കുകളുമായി കര്‍ഷകര്‍ക്കുള്ള വായ്പ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ രണ്ടരലക്ഷം കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കുകയാണ്. കഴിഞ്ഞവര്‍ഷം 7.26 ലക്ഷം മെട്രിക്ക് ടണ്‍ നെല്ല് സംഭരിച്ചു. കഴിഞ്ഞതിന് മുന്‍വര്‍ഷം 7.36 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. ഇത്തവണയും നല്ല വിളവ് ലഭിക്കുമെന്നാണ് കര്‍ഷകര്‍ പറഞ്ഞിട്ടുള്ളത്. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ സംബന്ധിച്ച് 68 ഔട്ടര്‍ റേഷ്യോ വച്ച് മാത്രമേ മില്ലുടമകളില്‍ നിന്ന് നെല്ല് സംഭരിക്കാന്‍ സാധിക്കൂ എന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: