മാര്‍ച്ച് 22 ലെ സിഎജി ഓഡിറ്റ് റിപ്പോര്‍ട്ട് നല്കുന്ന സൂചനകള്‍, വളരെ അലംഭാവത്തൊടെയാണ് കേരളം അതിന്റെ സമ്പത്തിക ഭരണം കൈകാര്യം ചെയ്യുന്നതെന്നതാണ്. 2014-15ല്‍ 135,440 കോടി രൂപയായിരുന്ന കേരളത്തിന്റെ പൊതുകടം കഴിഞ്ഞ ബജറ്റ് അനുസരിച്ച് 3,35,645 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഒപ്പം കേരളത്തിന്റെ റവന്യൂ കമ്മി 2023-24ല്‍ ജിഎസ്ഡിപിയുടെ 2.1% (ഐഎന്‍ആര്‍ 23,942 കോടി) ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. 2022-23ല്‍ ജിഎസ്ഡിപിയുടെ 2.3% റവന്യൂ കമ്മി ബജറ്റ് എസ്റ്റിമേറ്റിനേക്കാള്‍ കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ 2023-24ലെ ധനക്കമ്മി ലക്ഷ്യമിടുന്നത് ജിഎസ്ഡിപിയുടെ 3.5% (ഐഎന്‍ആര്‍ 39,662 കോടി) ആണ്. ഇത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഏറ്റവും ഉയര്‍ന്ന പരിധിയാണ്. പരിധികള്‍ ലംഘിച്ചു കടം വാങ്ങുവാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതം നല്‍കാനുള്ള സാധ്യത വിരളവുമാണ്. ഈ സാമ്പത്തിക യാഥാര്‍ത്ഥ്യം മറച്ചുവെച്ച് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയലാഭം നോക്കിയാണെങ്കിലും, സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങള്‍ കേരളസമൂഹത്തിന്റെ നിലനില്പിനു തന്നെ ഭീഷിണിയാകുകയാണ്.
2023-24 ലെ കേരള ബജറ്റ് സ്റ്റാമ്പ് ഡ്യൂട്ടി, ഇലക്ട്രിസിറ്റി തീരുവ, വാഹനങ്ങളുടെ നികുതി എന്നിവയിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഒപ്പം വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി വസ്തു നികുതിയും ചെറുകിട ധാതുക്കളുടെ റോയല്‍റ്റിയും പരിഷ്കരിക്കുകയും ചെയ്തു. 1,150 കോടി രൂപ വരുമാനം നേടുന്നതിന് മദ്യം, പെട്രോള്‍, ഡീസല്‍ എന്നിവയില്‍ ലിറ്ററിന് 2 രൂപ സാമൂഹിക സുരക്ഷാ സെസ് ഈടാക്കി വരുമാന വര്‍ദ്ധന നേടാമെന്നാണ് കേരളത്തിന്റ പ്രതീക്ഷ.
ചെലവ് ഇനങ്ങളെ അവലോകനം ചെയ്യുമ്പോള്‍, ശമ്പളവും പെന്‍ഷനും ഏകദേശം 80,000 കോടിയായി വര്‍ദ്ധിച്ചു, ഇത് മൊത്തം റവന്യൂ ചെലവുകളുടെ 48% ആണ്. കണക്കാക്കുന്ന വരുമാനത്തിന്റെ 53% ശതമാനമാണിത്. സാമ്പത്തിക പലിശ ഇനത്തില്‍ ചെലവ് പ്രതീക്ഷിക്കുന്നത് 22-23 വര്‍ഷത്തില്‍ 24,960 കോടി രൂപയും, ബജറ്റ് 23-24 സാമ്പത്തിക വര്‍ഷത്തില്‍ 26,246 രൂപയും ആണ്. ഇത് പലിശയുടെ ചെലവ് തുടര്‍ച്ചയായി വര്‍ദ്ധിക്കുകയാണെന്ന് സൂചിപ്പിക്കുന്നു. പലിശ നല്‍കാനുള്ള വരുമാനവര്ദ്ധനയാകട്ടെ സമാനമായി ഉണ്ടാകുന്നുമില്ല. അതായത് 21-22 ല്‍ സംസ്ഥാനത്തിന് ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം 24,169.81 കോടി രൂപയും ഇപ്പോള്‍ പുതുക്കിയ എസ്റ്റിമേറ്റ് പ്രപകാരം മുന്‍ വര്‍ഷം 22-23 ലേക്ക് 30,238.00 കോടി രൂപയുമാണ്. യഥാര്‍ത്ഥ വരവ് ബജറ്റ് തുകയേക്കാള്‍ 6,580 കോടി രൂപ കുറവാണ്. എങ്കിലും 23-24 ലെ ബജറ്റ് 35,982.63 കോടി രൂപയാണ്. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് വരുമാനത്തിന്റെ വലിയൊരു ഭാഗം പലിശയ്ക്കും സാമ്പത്തിക ചാര്‍ജുകള്‍ക്കുമായി പോകുന്നുവെന്നാണ്.
വരുമാനത്തിലെ ഈ പൊരുത്തക്കേട് മറയ്ക്കാന്‍, വില്‍പ്പന നികുതി, വാറ്റ്, വാഹന നികുതി എന്നിവ വര്‍ദ്ധിപ്പിച്ച് സര്‍ചാര്‍ജ് ഈടാക്കുന്നതിലൂടെ 4000 കോടി രൂപയുടെ അധിക വരുമാന സമാഹരണം പ്രതീക്ഷിക്കുന്ന സര്‍ക്കാര്‍. ഇന്ധനക്കമ്മി, മൂലധനച്ചെലവ് വര്‍ധിപ്പിക്കാന്‍ നൂതനമായ ആശയങ്ങള്‍ സ്വീകരിക്കുന്നതിനുപകരം, ഈ പ്രശ്നബാധിതമായ സാമ്പത്തിക സ്ഥിതിയില്‍ പോലും പരമ്പരാഗത വരുമാന സ്രോതസുകള്‍ മാത്രമാണ് പിന്തുടരുന്നത്.
2014-15 നെ അപേക്ഷിച്ച്, വരുമാന വര്ദ്ധന് 40% മാത്രമാണെന്നും ചെലവ് പെരുകിയത് 100% ആണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. അങ്ങിനെ സംസ്ഥാനം അതിന്റെ റവന്യൂ കമ്മി നികത്താന്‍ കടമെടുക്കുന്നതിനെ മാത്രം ആശ്രയിക്കുന്നു. 23-24 ലെ ആദ്യ നാലുമാസത്തില്‍ തന്നെ 16,000 കോടി പൊതു വിപണിയില്‍ നിന്നും കേരളം കടമെടുത്തു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വരുമാനത്തിലെ കുറവ് പരിഹരിക്കാന്‍ പ്രതിമാസം 2000 കോടി കടം എന്നതാണ് സ്ഥിതി. കൗതുകകരമെന്നു പറയട്ടെ, കണക്കാക്കിയ പ്രതിമാസ ജിഎസ്ടി വരുമാനം പ്രതിമാസം 3000 കോടി രൂപയില്‍ താഴെയാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ജിഎസ്ടി പിരിവ് അപര്യാപ്തമായതിനാല്‍ കേരള സര്‍ക്കാര്‍ സാമ്പത്തികമായി പ്രതിസന്ധിയിലാണ്. അതോടൊപ്പം കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ 121 യൂണിറ്റുകള്‍ ചേര്‍ന്ന് 21-22 സാമ്പത്തിക വര്‍ഷത്തില്‍ 1718 കോടി രൂപയുടെ നഷ്ടം വരുത്തി. മാര്‍ച്ച് 22 ലെ പിരിക്കാത്ത നികുതി കുടിശ്ശിക 28,258 കോടി ആണെന്ന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സാമ്പത്തിക അച്ചടക്കമില്ലായ്മ പ്രതിസന്ധിക്ക് ഒരു കാരണമായി കാണാന്‍ കഴിയും. 31-03-23ലെ കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ മൊത്തം വായ്പാ കുടിശ്ശിക 3,70,342.32 കോടിയാണെന്ന് സംസ്ഥാന ബജറ്റും കണക്കാക്കുന്നു.
കേരളം: പ്രതിസന്ധികളും വെല്ലുവിളികളും
70 കളുടെ അന്ത്യത്തില്‍ മാവോ സാംസ്കാരിക വിപ്ലവം നടത്തി തകര്‍ത്തുകളഞ്ഞ ചൈനയെ ലോകത്തിലെ ഉത്പാദക രാജ്യമാക്കി മാറ്റിയത്, പിന്നീടുവന്ന ഡെങ്ങ് സിയാവോയുടെ ദീര്‍ഘവീക്ഷണമുള്ള നയങ്ങളായിരുന്നു. യാഥാര്‍ത്ഥ്യബോധമില്ലാത്ത ഇടതുപക്ഷ നയങ്ങള്‍ പൊളിച്ചെഴുതി വ്യാവസായിക രാജ്യമാക്കി ചൈനയെ ഡെങ്ങ് പരിവര്‍ത്തനം ചെയ്തു. അങ്ങിനെ നേടിയ ആഭ്യന്തര വരുമാനവും കയറ്റുമതിയുമാണ് ചൈനയെ ഇന്നത്തെ സാമ്പത്തിക ശക്തിയാക്കി ഉയര്‍ത്തിയത്. ജിഎസ്ടി അടിസ്ഥാനപ്പെടുത്തി മൂല്യവര്‍ധിത നികുതി വരുമാനം സൃഷ്ടിക്കുന്ന ഭാരതം, എംഎസ്എംഇ മേഖലയ്ക്ക് പ്രചോദനം നല്‍കിക്കൊണ്ട് ജിഎസ്ടി വരുമാനം വര്‍ധിപ്പിക്കാനുള്ള അവസരം എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്കുമ്പോള്, അതിനായി ഗൗരവമായ ശ്രമങ്ങളൊന്നും കേരളം നടത്തുന്നതായി കാണാന്‍ കഴിയുന്നില്ല. കടം വാങ്ങിയും ധനകമ്മി നികത്താന്‍ കേന്ദ്രഗ്രാന്റിനു ശ്രമിച്ചും വര്‍ദ്ധിച്ചുവരുന്ന ചെലവിനും ധൂര്‍ത്തിനും പണം കണ്ടെത്താമെന്ന അമിതമായി ലളിതവല്‍കരിച്ച കേരളത്തിന്റെ സാമ്പത്തികനയം വലിയ വിപത്തിലേക്കും തകര്‍ച്ചയിലേക്കുമാണ് കേരളത്തെ കൊണ്ടുപോകുന്നത്.
കേരള സംസ്ഥാനം, സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനാണ് ശ്രദ്ധിക്കുന്നതെങ്കില്‍, കടക്കെണിയില്‍ നിന്ന് കരകയറാന്‍ കര്‍ശനമായ സാമ്പത്തിക അച്ചടക്കവും ചെലവുചുരുക്കല്‍ നടപടികളും നടപ്പിലാക്കേണ്ടതുണ്ട്. സാമൂഹിക പെന്ഷന് വരെ സുതാര്യമായല്ല കൊടുക്കുന്നത് എന്ന സിഎജി കണ്ടെത്തല്‍ കെടുകാര്യസ്ഥതയുടെ ചൂണ്ടുപലകയാണ്. ഈ നിലപാട് തുടരുന്നത് ആശങ്കാജനകമാണെന്നും കേരളത്തെ അത് ശ്രീലങ്കന്‍ വഴിയിലേക്കോ പാകിസ്ഥാന് വഴിയിലേക്കോ കൊണ്ടുപോകുമെന്നത് ഉറപ്പാണെന്നതും പറയേണ്ടതില്ലല്ലോ. കേരള സംസ്ഥാനത്തിന്റെ അറിയപ്പെടുന്ന കടം 3.35 ലക്ഷം കോടിയാണ്, ബജറ്റില്‍ വകയിരുത്തിയ 81,038 കോടി ബജറ്റ് വരുമാനത്തിന് 26,247 കോടിയുടെ പലിശ ബാധ്യതയുള്ള സാമ്പത്തിക സ്ഥിതി കൈകാര്യം ചെയ്യാന്‍ കഴിയുമോ? ഇല്ല എന്നതാണ് സാമാന്യബുദ്ധിയുടെ ഉത്തരം.
സംസ്ഥാനത്തിന്റെയും അതിന്റെ പൗരന്മാരുടെയും സാമ്പത്തിക സ്ഥിതിയുടെയും വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക ആശങ്കകള്‍, ആര്‍ബിഐയുടെ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. സഹകരണ മേഖലയുടെ വര്‍ദ്ധിച്ചുവരുന്ന പ്രവര്‍ത്തനരഹിത ആസ്തികളില്‍ അവ പ്രതിഫലിക്കുന്നുമുണ്ട്. കേരളത്തിലെ പ്രാഥമിക സഹകരണ മേഖലയുടെ മൊത്തം നഷ്ടം 1861 കോടി രൂപയെന്നാണ് ആര്‍ബിഐയുടെ സമീപകാല കണക്കുകള്‍ സൂചിപ്പിക്കുന്നത്. സഹകരണമേഖലയുടെ വര്‍ദ്ധിച്ചുവരുന്ന നിഷ്ക്രിയ ആസ്തികളില്‍ പ്രതിഫലിക്കുന്നത് സംസ്ഥാനസാമ്പത്തിക സ്ഥിതിയിലെ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക ആശങ്കകളാണ്. 3412 കോടി രൂപ സാമൂഹിക പെന്‍ഷനുമായി ബന്ധപ്പെട്ട കുടിശ്ശിക കൂടാതെ 1146 കോടി രൂപ സഹകരണ മേഖലയ്ക്ക് കേരള സര്‍ക്കാരിന് നല്‍കേണ്ടിവരുമെന്നതാണ് ഭയാനകമായ സ്ഥിതിവിശേഷം. കേരളത്തെക്കുറിച്ചുള്ള നിക്ഷേപകരുടെ ധാരണ വളരെ പ്രോത്സാഹജനകമല്ലാത്തതിനാല് കേരളത്തില്‍ വളരെ മോശം എഫ്ഡിഐ നിക്ഷേപമുണ്ടെന്ന് ആര്‍ബിഐ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
കേരളം മറന്നുപോയ മാര്‍ഗങ്ങള്‍
നികുതി വരുമാനം കൂട്ടാതെ പലിശ കൊടുക്കന്‍ കഴിയില്ല എന്ന സാമാന്യ യുക്തിയുടെ അടിസ്ഥാനത്തില്‍, കാര്യമായ വരുമാനം കേരളത്തിന് നല്കാന് കഴിയാത്ത 200 ഓളം വ്യവസായ എസ്റ്റേറ്റുകളും പാര്‍ക്കുകളും സംസ്ഥാനത്തിന് എന്ത് ഗുണമാണ് നല്‍കുന്നത് എന്ന് നിര്‍ണ്ണയിക്കുന്നതിന് സോഷ്യല്‍ ഓഡിറ്റ് ആവശ്യമാണ്. ഫണ്ട് വകമാറ്റുന്ന സ്വഭാവം കേരളം കാണിക്കുന്നതും, പരിധിയില്ലാതെ വായ്പയെടുക്കുന്നതും, സാമ്പത്തിക അച്ചടക്കമില്ലായ്മയും നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവരേണ്ടതാവശ്യമാണ്. ഗ്രാന്റുകള്ക്കുമേല് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നും, വിവേകമില്ലാത്ത ചെലവുകള്‍ നിയന്ത്രിച്ചും, വരുമാനത്തിനായുള്ള ഗൗരവമേറിയ നീക്കങ്ങള്‍ നടത്തിയും, അനിയന്ത്രിതവും അതിരുകടന്നതുമായ ചെലവുകള്‍ വെട്ടിക്കുറച്ചും, സാമ്പത്തിക പ്രതിസന്ധികളിലേക്ക് നീങ്ങുന്ന കേരളത്തെ സാമ്പത്തികമായി ശരിയായപാതയില്‍ എത്തിക്കാന്‍ കഴിയും.
എംഎസ്എംഇ മേഖല, ജൈവ കൃഷി, പ്രതിരോധ മേഖല ഉള്‍പ്പെടെയുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുക, സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന് പ്രചോദനം നല്‍കുകയും അതുവഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും 5 ട്രില്യണ്‍ സമ്പദ്വ്യവസ്ഥ എന്ന ലക്ഷ്യം കൈവരിക്കുകയും ചെയ്യുക എന്ന ഭാരതത്തിന്റെ താത്പര്യത്തിനു വിരുദ്ധമായി നീങ്ങുകയാണ് ഇപ്പോഴും കേരളം. വരുമാനം വര്‍ധിപ്പിക്കാന്‍ കേരളത്തിന് എന്തെങ്കിലും ഒരു പദ്ധതിയുമുള്ളതായി കാണാന്‍ കഴിയുന്നില്ല. ഒപ്പം ഈ പലിശ ഭാരത്തില്‍ നിന്ന് കരകയറാന്‍ ഫലപ്രദമായ ഒരു സംവിധാനം നടപ്പിലാക്കാനോ, സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ ചെലവുകള്‍ നിയന്ത്രിക്കുന്നതിലോ താല്‍പ്പര്യം കാണിക്കുന്നില്ല. വിവിധ മേഖലകളില്‍ നിരവധി നികുതി വര്‍ധനയുണ്ടായിട്ടും, കരാറുകാരുടെ പണം പോലും നല്കാന് കഴിയാതെ കേരള സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നതാണ് വസ്തുത. ക്ഷേമ പെന്ഷന് വിതരണം പോലും വൈകുന്നത് പ്രാഥമിക സഹകരണ മേഖലയിലെ സാധാരണക്കാരുടെ സമ്പാദ്യത്തെ മോശമായി ബാധിക്കുന്നുണ്ട്.
കേരള സംസ്ഥാനം കയര്‍, കശുവണ്ടി, കളിമണ്ണ്, കരകൗശല വ്യവസായ യൂണിറ്റുകള്‍ എന്നിവയ്ക്ക് പേരുകേട്ടതാണ്, അവ സമ്പദ്വ്യവസ്ഥയുടെ അനുഗ്രഹമായിരുന്നു. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ എംഎസ്എംഇ മേഖല അവഗണിക്കപ്പെട്ടു. ഇത് വ്യവസായ അന്തരീക്ഷത്തെ മാത്രമല്ല, തൊഴിലവസരങ്ങളും സംസ്ഥാന ഖജനാവിലേക്കുള്ള വരുമാനവും ഇല്ലാതാക്കി. കേരള സംസ്ഥാനം ശ്രീലങ്കന്‍ വഴിയോ പാകിസ്ഥാന് മാതൃകയിലോ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, നഷ്ടത്തിലോടുന്ന പൊതുമേഖലാ യൂണിറ്റുകളില്‍ അടിയന്തിര ഇടപെടല്‍ നടത്തി സാമ്പത്തിക അച്ചടക്കം കൊണ്ടുവരണം. ശമ്പള, പെന്ഷന് ചെലവുകള്‍ നിയന്ത്രിക്കുന്നതിന് ഗൗരവമായ നടപടികള്‍ കൈക്കൊള്ളുകയും വേണം. സംസ്ഥാന സര്‍ക്കാരിന് ആത്മാര്‍ത്ഥതയോടെയും സത്യസന്ധതയോടെയും സമീപിക്കാന്‍ കഴിയുമെങ്കില്‍, കേരള സംസ്ഥാന സമ്പദ്വ്യവസ്ഥയുടെ പുനരുജ്ജീവനത്തിന് എംഎസ്എംഇ മേഖലയ്ക്ക് സ്വാഭാവികമായ ഒരു മാര്‍ഗമായി മാറാനാകും.
കേന്ദ്രവുമായും മറ്റ് സംസ്ഥാനങ്ങളുമായും സഹകരിച്ച് സംസ്ഥാനത്തിനുള്ളില്‍ ഒരു എംഎസ്എംഇ മന്ത്രാലയം സൃഷ്ടിക്കുന്നത്, അനുകൂലമായ അന്തരീക്ഷം ഉറപ്പുനല്‍കും. ചെറുകിട മേഖലകള്‍ കേരളത്തില്‍ നിലനില്ക്കാനായി അമിത വൈദ്യുതിനിരക്കു വര്‍ദ്ധന കുറക്കണം. അതുവഴി സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട നിലയിലേക്ക് സം സ്ഥാനത്തിനെ മാറ്റാന്‍ കഴിയും. വ്യാവസായിക സ്ഥിരത ഉറപ്പാക്കാന്‍ ട്രേഡ് യൂണിയന് രംഗത്തെ നിയന്ത്രിക്കാന്‍ എംഎസ്എംഇ മേഖലയ്ക്ക് ഒരു ശക്തമായ തൊഴില്‍ നയം നിര്‍ബന്ധമാണ്, അത് വ്യവസായമില്ലാതെ തൊഴില്‍ ഇല്ല എന്ന യാഥാര്‍ത്ഥ്യം ഉള്കൊണ്ടുകൊണ്ടാകണം. കേരളത്തില്‍ സംരംഭക സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനുപകരം വ്യാവസായിക സംസ്കാരത്തെ തകര്‍ക്കുന്ന സമരങ്ങള്‍ നടത്തി കൂടുതല്‍ അനുഭവപരിചയമുള്ളവര്‍ക്ക് ഭരണം നല്‍കിയതായിരിക്കാം ഒരു പക്ഷെ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാനപ്പെട്ട ഒരു കാരണം.
(ലേഖകന്‍ ഫിനാന്‍ഷ്യല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റും ലഘുഉദ്യോഗ ഭാരതിയുടെ സംസ്ഥാന ട്രഷററുമാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: