ഇസ്ലാമബാദ്: നാല് വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പാകിസ്ഥാനില്‍ തിരിച്ചെത്തി. 2024 ജനുവരിയില്‍ പാകിസ്ഥാനില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നവാസ് ഷെരീഫിന്റെ മടങ്ങിവരവ്.
മൂന്ന് തവണ പ്രധാനമന്ത്രി ആയെങ്കിലും 2017ല്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഷെരീഫിനെ രാഷ്ട്രീയത്തില്‍ നിന്ന് ആജീവനാന്തം അയോഗ്യനാക്കി പ്രധാനമന്ത്രി പദത്തില്‍ നിന്ന് നീക്കിയിരുന്നു.
തുടര്‍ന്ന് അധികാരത്തിലെത്തിയ ഇമ്രാന് ഖാന് സര്‍ക്കാര്‍ ഷെരീഫിനെതിരെ നിരവധി അഴിമതി കേസുകള്‍ ചുമത്തി. കേസില്‍ ഷെരീഫിനെ ഏഴ് വര്‍ഷത്തെ തടവും വിധിച്ചിരുന്നു. 2019 ല്‍ ചികിത്സയ്ക്കായി യുകെയിലേക്ക് പോകാന്‍ ലാഹോര്‍ ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. ഒരു മാസത്തിന് ശേഷം തിരിച്ചെത്തുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയെങ്കിലും എത്തിയില്ല.
കഴിഞ്ഞദിവസം ഷെരീഫിന് ഇസ്ലാമബാദ് ഹൈക്കോടതി ചൊവ്വാഴ്ച വരെ സംരക്ഷണ ജാമ്യം അനുവദിച്ചിരുന്നു. ശിക്ഷാ വിധി പ്രാബല്യത്തിലുണ്ടെങ്കിലും രാജ്യത്ത് തിരിച്ചെത്തിയാലുടന്‍ അറസ്റ്റ് ചെയ്യാതിരിക്കാനുള്ള ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്.
എന്നാല്‍ ഷെരീഫിന്റെ മടങ്ങിവരവിനെക്കുറിച്ച് വലിയ ആരോപണങ്ങളും ഉയരുന്നുണ്ട്. സഹോദരനായ ഷെഹ്ബാസ് ഷെരീഫ് കഴിഞ്ഞവര്‍ഷം അധികാരത്തിലെത്തിയതാണ് നവാസ് ഷെരീഫിന് അനുകൂലമായ ഘടകം. ഷെഹ്ബാസ് സര്‍ക്കാര്‍ നിയമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് നിയമനിര്‍മാതാക്കളുടെ അയോഗ്യത അഞ്ച് വര്‍ഷമായി ചുരുക്കുകയും ചെയ്തിരുന്നു. ഇതാണ് ഷെരീഫിന്റെ തിരിച്ചുവരവ് സുഗമമാക്കിയതെന്ന് നിയമവിദഗ്ധര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: