‘പൊതുപണം – ഒരു നയാപൈസ ഞാനെടുക്കില്ല. ഞാനിവിടെ ഇരിക്കും കാലത്ത് ഒരു പൈസപോലും ഒരുത്തനേയും എടുക്കാനനുവദിക്കില്ല.’ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ പ്രസ്താവന അച്ചട്ടായി. ഒന്പതരവര്ഷമായി അഴിമതി എന്ന ഒരു വാക്കുപോലും കേള്‍ക്കേണ്ടി വന്നിട്ടില്ല. അതിനുമുമ്പത്തെ പത്തുവര്‍ഷം എന്തായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ അവസ്ഥ. വെറും ആരോപണം ഉന്നയിക്കലല്ല. സിഎജി റിപ്പോര്‍ട്ട് എണ്ണിയെണ്ണി പറഞ്ഞ അഴിമതിക്കണക്കിന് കയ്യും കണക്കുമുണ്ടായിരുന്നോ? എട്ടര ലക്ഷം കോടി രൂപയുടെ അഴിമതിക്കഥയായിരുന്നില്ലെ അതൊക്കെ.
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അഴിമതിക്കഥ, കല്‍ക്കരി കുംഭകോണത്തിന്റെ കഥ, സ്പെക്ട്രം, മുംബൈയിലെ ഫഌറ്റ് കൊള്ള തുടങ്ങി അഴിമതിക്കഥകളുടെ പട്ടിക നീളുകയാണ്. അഴിമതിക്കെതിരെ അന്ന് നടന്ന പ്രക്ഷോഭങ്ങളുടെ പട്ടിക നീണ്ടതാണല്ലോ. അന്നല്ലെ അണ്ണാഹസാരയെക്കുറിച്ച് ജനം അറിഞ്ഞത്. അണ്ണാഹസാരെ ആരംഭിച്ച സമരത്തിന്റെ കയ്യാളായി പ്രവര്‍ത്തിച്ച അരവിന്ദ് കേജ്രിവാളുണ്ടാക്കിയ കക്ഷിയാണല്ലോ ആം ആദ്മി പാര്‍ട്ടി. ആ കക്ഷി അധികാരത്തിലെത്തിയ ദല്‍ഹി, കോണ്‍ഗ്രസിന്റെ പകര്പ്പുതന്നെയായതും ചരിത്രം. അവിടെ രണ്ട് മന്ത്രിമാര്‍ അഴിമതിക്കേസില്‍ ജയിലിലുമായി. അഴിമതി ആരു നടത്തിയാലും പിടികൂടും. അതിനായി ഇ ഡി പ്രവര്‍ത്തിക്കുന്നു. അക്ഷീണം. ദിവസത്തില്‍ 24 മണിക്കൂറെയുള്ളൂ. അവിടെയാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി.
ഈ കാലയളവില്‍ ഭാരതം നേടിയ വിജയമോ വിസ്മരിക്കാന്‍ കഴിയാത്തതല്ലെ. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുന്നു. റോഡ്, റെയില്‍ മാത്രമല്ല. വിമാനത്താവളങ്ങള്‍. നൂറു വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം ദ്രുതഗതിയില്‍ നടക്കുകയാണ്. 10 കോടി അമ്മമാര്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന് നല്കാന് മോദി സര്‍ക്കാരിന് സാധിച്ചു. ഇന്‍ഷ്വറന്‍സ് പദ്ധതികളുടെ വിപുലീകരണം ശ്രദ്ധേയമാണ്. പ്രതിസന്ധികള്‍ ഏറെ ഉണ്ടാക്കിയ കാലമായിരുന്നല്ലോ കൊവിഡ് കാലം. ഒരാളുപോലും പട്ടിണികിടക്കാത്ത സാഹചര്യമുണ്ടാക്കാന്‍ കഴിഞ്ഞത് നിസ്സാരകാര്യമാണോ ? ലോകം മുഴുവന്‍ കൊവിഡ് വിരുദ്ധ മരുന്നിന് ആശ്രയിച്ചത് ഭാരതത്തെയാണെന്നോര്ക്കണം.
ഇതൊന്നും കാണാതെ പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കാന്‍ വരുന്നവരെക്കുറിച്ചെന്ത് പറയണം. ഒരു പൈസപോലും വ്യക്തിപരമായ ആവശ്യത്തിനോ ചികിത്സയ്ക്കോ വിനിയോഗിക്കാത്ത പ്രധാനമന്ത്രിക്കെതിരെ ആരോപണമുന്നയിക്കാന്‍ കോണ്ഗ്രസുകാരന് കണ്ടെത്തിയ മാര്‍ഗ്ഗമാണ് അദാനിയുടെ വ്യാപാരത്തെ. എട്ടര ലക്ഷം കോടിയുടെ കോണ്‍ഗ്രസ് കൊള്ളയ്ക്ക് പകരം 32000 കോടിയുടെ അദാനിയുടെ വ്യാപാരമാണ് രാഹുല്‍ അഴിമതിയായി ചൂണ്ടിക്കാട്ടുന്നത്. ‘എല്ലില്ലാത്ത നാക്കല്ലെ എന്തും പറയാന്‍ വഴങ്ങു’മെന്ന ധാരണ പ്രകാരമാണിത്.
ഇന്തോനേഷ്യയില്‍നിന്ന് വാങ്ങുന്ന കല്‍ക്കരി ഇരട്ടിവിലയ്ക്ക് അദാനി ഇന്ത്യയില്‍ വില്‍ക്കുന്നു. എന്നാണ് രൂഹാല് കണ്ടെത്തിയ അഴിമതിക്കഥ. വൈദ്യുതി ചാര്‍ജ് വര്‍ധനയുടെ രൂപത്തില്‍ ഈ അധികഭാരം ജനങ്ങളിലേക്കെത്തുന്നു. പതിവുപോലെ കേന്ദ്ര സര്‍ക്കാരും മാധ്യമങ്ങളും മൗനം പാലിക്കുകയാണ്. അദാനിക്ക് സര്‍ക്കാര്‍ ബ്ലാങ്ക് ചെക്ക് നല്‍കിയിരിക്കുകയാണെന്നും രാഹുല്‍ ആരോപിക്കുകയാണ്.
അദാനി ഗ്രൂപ്പ് കല്‍ക്കരി ഇറക്കുമതിയില്‍ കാണിക്കുന്ന അമിത നിരക്ക് മൂലമാണ് വൈദ്യുതി ബില്ലുകള്‍ വര്ധിക്കുന്നതത്രെ. കണക്കില്‍പ്പെടാത്ത 20,000 കോടി രൂപയാണ് ഇതില്‍ ഉള്‍പ്പെടുന്നതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, നിലവില്‍ 12,000 കോടി രൂപകൂടി ഈ കണക്കില്‍ ഉയര്‍ന്നു. അങ്ങനെ ആകെ 32,000 കോടി രൂപയുടെ കൊള്ളയാണ് അദാനി ഗ്രൂപ്പ് നടത്തിയിരിക്കുന്നതെന്നാണ് രാഹുലിന്റെ പരാതി. അദാനിക്കെതിരായ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ മാധ്യമ റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ആരോപണം. വിഷയത്തില്‍ തങ്ങള്‍ക്ക് രേഖകള്‍ ലഭിച്ചിട്ടില്ലെന്നാണ് സെബി സര്‍ക്കാരിനെ ബോധിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഫിനാന്‍ഷ്യല്‍ ടൈംസിന് എല്ലാം രേഖകളും ലഭിക്കുന്നുണ്ട്. അദാനി ഗ്രൂപ്പിനെതിരെ എന്തുകൊണ്ട് സര്‍ക്കാര്‍ അന്വേഷണം നടത്തുന്നില്ലെന്നാണ് രാഹുലിന്റെ ചോദ്യം.
ശരദ് പവാറും ഗൗതം അദാനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് ”ഗൗതം അദാനിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് ശരദ് പവാറിനോട് ഞാന്‍ ചോദിച്ചിട്ടില്ല. ശരദ് പവാര്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയല്ല. ശരദ് പവാര്‍ മിസ്റ്റര്‍ അദാനിയെ സംരക്ഷിക്കുന്നില്ല. മിസ്റ്റര്‍ മോദിയാണ് അദാനിയെ സംരക്ഷിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ ഈ ചോദ്യം മോദിയോട് ചോദിച്ചത്. ശരദ് പവാറിനോട് ചോദിക്കാത്തതും. ശരദ് പവാര്‍ പ്രധാനമന്ത്രിയുടെ കസേരയില്‍ ഇരിക്കുകയും അദാനിയെ സംരക്ഷിക്കുകയും ചെയ്യുകയാണെങ്കില്‍, ഞാന്‍ ഈ ചോദ്യം ശരദ് പവാറിനോട് ചോദിക്കുമെന്നും” രാഹുല്‍ അവകാശപ്പെട്ടു.
ബിജെപി തങ്ങളുടെ ആശയം രാജ്യത്ത് അടിച്ചേല്‍പ്പിക്കുകയാണ്. അവരുടെ ആശയത്തിനു കീഴിലേക്കു രാജ്യത്തെ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. എന്‍ഡിഎയുടെ സഖ്യ കക്ഷിയായ മിസോ നാഷനല്‍ ഫ്രണ്ടിലൂടെ മിസോറമിലേക്കു കടന്നു കയറാന്‍ ബിജെപി ശ്രമിക്കുകയാണെന്നും രാഹുലിന് പരിഭവമുണ്ട്.
”നേരിട്ട് സംസ്ഥാനത്തേക്ക് കടന്നുകയറാന്‍ ശ്രമിച്ചാല്‍ അടുത്ത നിമിഷത്തില്‍ തന്നെ മിസോ ജനത ബിജെപിയെ പുറത്താക്കുമെന്ന് അവര്‍ക്കു തന്നെ അറിയാം. ബിജെപിയെ സഹായിക്കുന്നതിനാണ് എംഎന്‍എഫും സെഡ്പിഎമ്മും സംസ്ഥാനത്തുള്ളത്. ബിജെപിയുടെ ആശയങ്ങളെ ഈ പാര്‍ട്ടികളിലൂടെ മിസോറാമിലേക്ക് എത്തിക്കുകയാണ് അവരുടെ ലക്ഷ്യം. ബിജെപിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് അവരുടെ നേതാക്കള്‍ പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ട്.”
നവംബര്‍ 7 ന് നടക്കുന്ന മിസോറം തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളിലൊന്ന് മണിപ്പുരിലെ വംശീയകലാപമാണ്. കുക്കികളും മിസോകളും ഒരേ ഗോത്രപരമ്പരയുടെ ഭാഗമാണ്. ആയിരക്കണക്കിനു കുക്കി വിഭാഗക്കാരാണു കലാപത്തിനു ശേഷം മിസോറാമില്‍ അഭയം തേടിയത്. മിസോറാം ഭരിക്കുന്ന മിസോ നാഷനല്‍ ഫ്രണ്ട് ബിജെപിയുമായി കൈകോര്‍ത്തിരിക്കുകയാണ്.
ഇസ്രയേല്‍ സംഭവങ്ങളെക്കുറിച്ച് ആശങ്കാകുലനായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനും മണിപ്പുരില്‍ എന്തുസംഭവിക്കുന്നുവെന്നതില് ആശങ്കയില്ലെന്നാണ് രാഹുല്‍ പറയുന്നത്. ഒരു വലിയ പ്രശ്നത്തിന്റെ ലക്ഷണമാണ് മണിപ്പുര്‍. ഇതേ ലക്ഷണങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ കാണാം. ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, ദലിതര്‍ എന്നിവര്‍ അരക്ഷിതാവസ്ഥയിലാണ്. മിസോ നാഷനല്‍ ഫ്രണ്ടും പുതുതായി ആരംഭിച്ച സൊറാം പീപ്പിള്‍സ് മൂവ്മെന്റും (സെഡ് പിഎം) തമ്മിലാണ് മിസോറമിലെ പ്രധാന മത്സരം. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമുണ്ടായാല്‍ കോണ്‍ഗ്രസിനു ലഭിക്കുന്ന സീറ്റുകള്‍ നിര്‍ണായകമായിരിക്കും. ഒരുകാലത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ അടക്കി ഭരിച്ച കോണ്‍ഗ്രസിന് നിലവില്‍ ഈ മേഖലയില്‍ ഒരിടത്തും ഭരണമില്ല. പ്രാദേശിക കക്ഷികളുമായി ചേര്‍ന്ന് ഭരണത്തിന്റെ ഭാഗമാകാനാണു പാര്‍ട്ടിയുടെ ശ്രമം. അതും വിജയിക്കാന്‍ പോകുന്നില്ല. പൊതുവായ നയമോ പരിപാടിയോ നേതൃത്വമോ ഇല്ലാത്ത കക്ഷിക്ക് എങ്ങനെ ഭരണമേല്പ്പിക്കാന് ജനം തയ്യാറാകും എന്ന ചോദ്യമാണ് രാജ്യമെങ്ങും. ഇതിനിടയിലും കളിയായാലും കളവരുത് എന്ന തത്വം വിസ്മരിക്കുകയാണ് പ്രതിപക്ഷ നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: