തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ സഹകരണ വകുപ്പിലെ ഉന്നതര്‍ മുതല്‍ താഴെതലത്തിലെ ജീവനക്കാര്‍ വരെ കൂട്ടുനിന്നതായി തെളിവ്. 2011 മുതല്‍ ബാങ്കില്‍ നടന്ന തട്ടിപ്പുകള്‍ സഹകരണ വകുപ്പ് ജീവനക്കാര്‍ക്ക് അറിയാമായിരുന്നു എന്ന നിഗമനത്തിലാണ് ഇ ഡി.
മുന്‍ ജോയിന്റ് രജിസ്ട്രാര്‍ ശബരിനാഥിനെ ഇന്നലെ ഇ ഡി ചോദ്യം ചെയ്തു. നേരത്തെ സഹകരണ വകുപ്പ് രജിസ്ട്രാര്‍ ടി.കെ. സുഭാഷിനെയും വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. തട്ടിപ്പ് നടന്ന കാലയളവില്‍ തൃശ്ശൂര്‍ ജോയിന്റ് രജിസ്ട്രാറായിരുന്നു ശബരിനാഥ്. കേസില്‍ ബന്ധമുണ്ടെന്ന് കരുതുന്ന കൂടുതല്‍ ഉദ്യോഗസ്ഥരെ വരുംദിവസങ്ങളില്‍ വിളിപ്പിക്കുമെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2014 മുതല്‍ 2019 വരെ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ ബാങ്കിലെ തട്ടിപ്പുകളെക്കുറിച്ചും ക്രമക്കേടുകളെക്കുറിച്ചും പരാമര്‍ശങ്ങളുണ്ട്. എന്നാല്‍ ഒരിക്കല്‍പോലും നടപടി ഉണ്ടായിട്ടില്ല. ക്രമക്കേടുകള്‍ തടയാനോ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഒരു നീക്കവും ഉണ്ടായില്ല.
ബാങ്ക് ഭരണസമിതിയും ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവുമായി ചേര്‍ന്ന് തട്ടിപ്പിന് കൂട്ടുനിന്നുവെന്ന നിഗമനത്തിലാണ് ഇ ഡി. ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള മൊഴികളാണ് ഇന്നലെ ശബരിനാഥില്‍ നിന്ന് ഇ ഡിക്ക് ലഭിച്ചത്. 2015 മുതല്‍ ഒരു സ്ഥിരം കണ്‍കറന്റ് ഓഡിറ്ററെ ബാങ്കിനായി നിയോഗിച്ചിരുന്നു.
എന്നാല്‍ ഈ ഓഡിറ്റര്‍ ഒരു റിപ്പോര്‍ട്ട് പോലും ബാങ്കിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് സമര്‍പ്പിച്ചിട്ടില്ല. ജോയിന്റ് രജിസ്ട്രാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍, ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരെല്ലാം കുറ്റവാളികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന നിഗമനത്തിലാണ് ഇ ഡി. രാഷ്ട്രീയ ഇടപെല്‍ ഇതിന് കാരണമായിട്ടുണ്ടാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: