ഇടുക്കി: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്നത് നിര്‍ത്തമെന്ന് ആര്‍ക്കും ഉറപ്പ് നല്‍കിയിട്ടില്ലെന്നും കോടതി നിരീക്ഷണത്തിലുള്ള കാര്യത്തില്‍ തനിക്ക് ഉറപ്പ് നല്കാന് കഴിയില്ലെന്നും ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്.ദൗത്യം തുടരുമെന്നും കളക്ടര്‍ പറഞ്ഞു.
ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവയ്ക്കുമെന്ന ജില്ലാ കളക്ടറുടെ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് സി പി എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പറഞ്ഞതിന് പിന്നാലെയാണ് കളക്ടറുടെ പ്രതികരണം. കോടതി നിര്‍ദേശപ്രകാരമുള്ള ഒറ്റപ്പെട്ട സംഭവമാണ് ഒഴിപ്പിക്കല്‍ നടപടിയെന്നാണ് സി വി വര്‍ഗീസ് പറഞ്ഞത്. പ്രദേശത്ത് മറ്റൊരിടത്തും ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടക്കില്ലെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ടെന്നായിരുന്നു സി വി വര്‍ഗീസ് പറഞ്ഞത്.
ആനയിറങ്കല്‍ – ചിന്നക്കനാല്‍ മേഖലയിലെ സര്‍ക്കാര്‍ ഭൂമി കയ്യേറി ഏലക്കൃഷി നടത്തിയതാണ് ഒഴിപ്പിച്ചത്. ആനവിരട്ടി വില്ലേജില്‍ അനധികൃതമായി കൈവശം വച്ചിരുന്ന 224.21 ഏക്കര്‍ ഭൂമിയും കെട്ടിടവും ചിന്നക്കനാല്‍ വില്ലേജില്‍ 5.55 ഏക്കര്‍ സ്ഥലവുമാണ് ഏറ്റെടുത്ത് സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിച്ചത്.
തഹസില്‍ദാറുടെ നേതൃത്വത്തിലെത്തിയ സംഘമാണ് നടപടി സ്വീകരിച്ചത്.
നേരത്തെ മുന്‍ മന്ത്രിയും സി പി എം മുന്‍ ജില്ലാ സെക്രട്ടറിയുമായ എം എം മണിയും കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: