കൊച്ചി: ആഗോള പ്രഖ്യാപനങ്ങള്‍ അനുസരിച്ച്, 2027ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് കേന്ദ്ര വനിതാശിശു വികസന, ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി സുബിന് ഇറാനി പറഞ്ഞു. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 6.1% ല്‍ നിന്ന് 6.3% ആയി പരിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 6.5% വളര്‍ച്ച പ്രവചിച്ചിരുന്നു, ഇത് ഇന്ത്യന്‍ സാധ്യതയെ കൂടുതല്‍ വെളിവാക്കുന്നതായും അവര്‍ പറഞ്ഞു . 2027 മുതല്‍ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് ഉറപ്പാണ്, മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ന് കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന മനോരമ ന്യൂസ് കോണ്‍ക്ലേവ് 2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ബാലപീഡന കേസുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവേ, ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്, 80% അതിക്രമങ്ങളും കുട്ടിക്ക് കുടുംബത്തിനുള്ളില്‍ നിന്നോ സുഹൃത്ത് വലയത്തില്‍ നിന്നോ അറിയാവുന്ന ആളുകളില്‍ നിന്നോ എന്നതാണ് എന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസുമായി (നിംഹാന്‍സ്) സഹകരിച്ച് നിയമ സംരക്ഷണം ആവശ്യമുള്ള കുട്ടികള്‍ക്കായി വനിതാ ശിശു വികസന മന്ത്രാലയം രാജ്യത്തുടനീളം കൗണ്‍സിലിംഗ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അത്തരം കുട്ടികളെ പരിചരിക്കുന്നവരിലേക്കും സേവനങ്ങള്‍ വിപുലീകരിച്ചതായും, മാനസികാഘാതം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്ക് അറിവ് പകരാന്‍ ഇത് സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇത്തരം വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ വിവിധ സംരംഭങ്ങളുടെ ഉദാഹരണം ചൂണ്ടിക്കാട്ടി, രാജ്യത്തുടനീളം 1036 അതിവേഗ കോടതികള്‍ സ്ഥാപിക്കാനുള്ള തീരുമാനത്തെക്കുറിച്ച് കേന്ദ്രമന്ത്രി സംസാരിച്ചു, അതില്‍ 400 എണ്ണം പോസ്കോ കേസുകള്‍ക്കായി സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കുട്ടികളെ കാണാതാകുന്ന കേസുകളില്‍, ഓരോ കുട്ടിയും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ഉറപ്പാക്കിയതായും, അതോടെ ഓരോ ജില്ലാ മജിസ്ട്രേറ്റിനും പോലീസ് സൂപ്രണ്ടിനും കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കാനുള്ള ചുമതലകളുണ്ട് എന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.
ജി 20 യില്‍ സ്ത്രീകളുടെ അജണ്ടയ്ക്ക് പ്രാധാന്യം ലഭിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, വിഷയം എല്ലായ്പ്പോഴും പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്നു എന്നും അതിനെ മുഖ്യധാരയുടെ ഭാഗമാക്കിയത് പ്രധാനമന്ത്രിയുടെ ശ്രമങ്ങളുടെ ഭാഗമായി ആണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ കായിക സംസ്കാരത്തെക്കുറിച്ച് സംസാരിക്കവേ, ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നേടിയ 107 മെഡലുകള്‍ നമ്മുടെ കായിക വാഗ്ദാനങ്ങളെ പറ്റി പറയുന്നതായി സ്മൃതി ഇറാനി പറഞ്ഞു. 2018ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 30 ല്‍ 18 ഇനങ്ങളില്‍ നമ്മള് 70 മെഡല്‍ നേടിയപ്പോള്‍ ഇത്തവണ 22 ഇനങ്ങളില്‍ വിജയിച്ചാണ് നമ്മുടെ കായിക താരങ്ങള്‍ തിരിച്ചെത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ ടോപ്സ് (ടാര്‍ഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം) പദ്ധതിയാണ് ഈ വിജയത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത് എന്നും അവര്‍ പറഞ്ഞു.
തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നീ വിഷയങ്ങള്‍ സ്പര്‍ശിച്ച മന്ത്രി, 13.5 കോടി ഇന്ത്യക്കാരെ ബഹുമുഖ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയതായി പറഞ്ഞു. 500 ദശലക്ഷത്തിലധികം ബാങ്ക് അക്കൗണ്ടുകള്‍ ആളുകള്‍ തുറക്കുകയും 2 ലക്ഷം കോടി രൂപ ദരിദ്രര്‍ നിക്ഷേപിക്കുകയും ചെയ്തു. തൊഴിലില്ലായ്മ 6 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3.2 ശതമാനത്തിലെത്തിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: