ഗാന്ധിനഗര്‍(കോട്ടയം): എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം കോട്ടയം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന മെഡെക്സ് 23 എസ്എഫ്ഐ പരിപാടിയാക്കാന്‍ ശ്രമം. മെഡെക്സ് പ്രചാരണ പോസ്റ്ററില്‍ സംഘാടകരായ യൂണിയന്റെ പേരിനൊപ്പം എസ്എഫ്ഐ എന്നുകൂടി ചേര്‍ത്താണ് ഇറക്കിയിരിക്കുന്നത്.
എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന ആരോഗ്യ വിദ്യാഭ്യാസ പ്രദര്‍ശനമായ മെഡക്സിനെ എസ്എഫ്ഐ യുടെ മാത്രം പരിപാടിയാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും ശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. വരും തലമുറക്ക് വൈദ്യശാസ്ത്രത്തെക്കുറിച്ച് അറിവു പകര്‍ന്ന് നല്കാന് സംഘടിപ്പിക്കുന്നതാണ് മെഡെക്സ്. അഞ്ചു വര്‍ഷം കൂടുമ്പോള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് വൈദ്യരംഗത്തെ നൂതന സാങ്കേതിക വിദ്യകളും മനുഷ്യ ശരീരത്തിന്റെ സങ്കീര്‍ണ്ണതകളും വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മനസ്സിലാക്കുന്നതിനാണ് മെഡക്സ് മേള സംഘടിപ്പിച്ചുവരുന്നത്.
1976 ലായിരുന്നു ആദ്യത്തെ മെഡെക്സ്. തുടര്‍ന്ന് 81, 86, 2004, 09, 14, വര്‍ഷങ്ങളിലും മെഡെക്സ് നടന്നു. ഇക്കാലത്തൊന്നും വിദ്യാര്‍ത്ഥി രാഷ്ട്രീയം പ്രകടിപ്പിക്കാതെ എല്ലാവരും ഒത്തുചേര്‍ന്നാണ് പരിപാടികള്‍ നടത്തിയിരുന്നത്.
മെഡിക്കല്‍ വിദ്യാര്‍ത്ഥി യൂണിയന് നടത്തേണ്ട പരിപാടി, യൂണിയന് ഭാരവാഹികള്‍ എസ്എഫ്ഐക്കാരാണെന്നതിനാല് എസ്എഫ്ഐ പരിപാടിയായി മാറുമോയെന്നാണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: