ഭോപാല്‍: കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയ വേദിയില്‍ ഒരു തുണികീറല് വിവാദം. വാഗ്ദാനങ്ങള്‍ പാലിക്കാതിരുന്നാല്‍ ജനം ദിഗ് വിജയ് സിങ്ങിന്റെ തുണി വലിച്ചുകീറുമെന്ന് ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ പറഞ്ഞ തമാശയില്‍നിന്നാണ് വിവാദം കത്തിയത്. പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്ന കമല്‍നാഥ് അത് ജനങ്ങളുടെ ആശങ്കയാണെന്നും തീര്‍ച്ചയായും പരിഗണിക്കേണ്ടതാണെന്നും പറഞ്ഞത് ദിഗ് വിജയ് സിങ്ങിനെ ചൊടിപ്പിച്ചു.
പ്രകടനപത്രികയില്‍ ഒപ്പുവച്ചത് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റാണെന്നും താനല്ലെന്നും ഉടുപ്പ് വലിച്ച് കീറേണ്ടത് പ്രസിഡന്റേതാണെന്നും അദ്ദേഹം തിരിച്ചടിച്ചു. കമല്‍നാഥ് പ്രസംഗിക്കുന്നതിനിടെ ഇടപെട്ടായിരുന്നു ദിഗ് വിജയിന്റെ പ്രതികരണം. ദിഗ് വിജയും താനും തമ്മില്‍ രാഷ്ട്രീയബന്ധത്തിനപ്പുറം കുടുബബന്ധമാണെന്നും തന്നെ എന്തും പറയാന്‍ അദ്ദേഹത്തിന് അധികാരമുണ്ടെന്നും പറഞ്ഞ് കമല്‍നാഥ് അന്തരീക്ഷം തണുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതിനും അപ്പോള്‍ത്തന്നെ മറുപടി കിട്ടി. ജനങ്ങള്‍ക്കറിയാം ആരാണ് തെറ്റ് ചെയ്യുന്നത്. ആര് തെറ്റ് ചെയ്താലും ആക്ഷേപം പ്രസിഡന്റ് തന്നെ കേള്‍ക്കണമെന്നായിരുന്നു ദിഗ് വിജയിന്റെ മറുപടി.
സംഭവം ബിജെപി ഏറ്റെടുത്തതോടെ കോണ്‍ഗ്രസ് അണികളും കാര്യം വിശദീകരിക്കാനാകാതെ പ്രതിസന്ധിയിലായി. അഴിമതിയുടെ ഉടുതുണിയണിഞ്ഞാണ് കോണ്‍ഗ്രസ് നേതാക്കള്‍ പൊതുവേദിയില്‍ പോലും നില്‍ക്കുന്നതെന്ന് ബിജെപി പ്രതികരിച്ചു. മുതിര്‍ന്ന നേതാക്കൾ പോലും ജനമധ്യത്തില്‍ തമ്മിലടിക്കുകയാണെന്നും ജനങ്ങളുടെ ചോദ്യത്തിന് ഉത്തരമില്ലാത്തതുകൊണ്ടാണിതെന്ന് ബിജെപി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: