കുന്നംകുളം: അറുപത്തഞ്ചാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിലെ ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ മുഹമ്മദ് അമീന് ഓടിക്കയറിയത് ചരിത്ര സ്വര്‍ണത്തിലേക്ക്. കായികമേളയുടെ ചരിത്രത്തില്‍ മലപ്പുറം ചീക്കോട് കെകെഎംഎച്ച്എസ്എസിന്റെ ആദ്യ സ്വര്‍ണമാണിത്.
കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന കായികമേളയില്‍ 3000, 1500 മീറ്ററുകളില്‍ വെങ്കലവും മുഹമ്മദ് അമീന് നേടിയിരുന്നു. അമീന്റെ ആദ്യ സ്വര്‍ണമാണ് ഇന്നലെ കുന്ദംകുളം ഗവ. ബിവിഎച്ച്എസ്എസിലെ സിന്തറ്റിക് ട്രാക്കില്‍ പിറന്നത്. ഒന്‍പതു മിനിറ്റ് 13.32 സെക്കന്‍ഡിലാണ് അമീന് ഫിനിഷ് ലൈന്‍ കടന്നത്. സുഹൃത്തും സഹപാഠിയുമായ മുഹമ്മദ് ജസീല്‍ വെള്ളിയും സ്വന്തമാക്കി. ഇതോടെ സ്കൂളിന് ഇരട്ടിമധുരമായി. ഒന്‍പത് മിനിറ്റ് 13.50 സെക്കന്‍ഡിലാണ് ജസീല്‍ ഫിനിഷ് ചെയ്തത്.
മലപ്പുറം കിഴിശ്ശേരി കടുങ്ങല്ലൂര്‍ വാച്ചാപ്പുറം വീട്ടില്‍ ബിസിനസുകാരനായ അബ്ദുള്‍ റഹ്മാന്റെയും മുനീറയുടെയും മകനാണ് പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിയായ അമീന്. ചീക്കോട് കളത്തിങ്ങല്‍ ചിറ്റാര്‍പറ്റ വീട്ടില്‍ ബിസിനസുകാരനായ ജമാല്‍കുട്ടി-സഫറീന ദമ്പതികളുടെ മകനാണ് പ്ലസ് വണ്‍ കൊമേഴ്സ് വിദ്യാര്‍ഥിയായ മുഹമ്മദ് ജസിന്.
50 മീറ്റര്‍ മാത്രമുള്ള സ്കൂള്‍ മൈതാനത്ത് പരിശീലനത്തിനുള്ള സൗകര്യമൊന്നുമില്ലാത്തതിനാല്‍ ആഴ്ചയില്‍ രണ്ട് ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ കൊണ്ടുവന്നാണ് സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ പരിശീലകന് ആമിര്‍ സുഹൈല്‍ ഇവരെ പരിശീലിപ്പിക്കുന്നത്. മറ്റ് ദിവസങ്ങളില്‍ പറപ്പൂര് സ്കൂള്‍ ഗ്രൗണ്ടില്‍ കൊണ്ടുപോയും പരിശീലനം നല്കുന്നു. സ്കൂളിലെ കായികാദ്ധ്യാപകന്‍ മുനീര്‍ ബാബുവിന്റെ പിന്തുണയും ഇവര്‍ക്കുണ്ട്. ഒന്‍പതു മിനിറ്റ് 15.25 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത കൊല്ലം സായിയിലെ മെല്ബിന് ബെന്നിക്കാണ് വെങ്കലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: