തിരുവനന്തപുരം: വിദ്യാഭ്യാസ അവകാശ നിയമത്തിലെ സെക്ഷന്‍ 27 പ്രകാരം ഉച്ചഭക്ഷണ വിതരണച്ചുമതലയില്‍ നിന്ന് പ്രധാനാധ്യാപകരെ ഒഴിവാക്കി കുടുംബശ്രീ
പോലെയുള്ള ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്‌റ്റേഴ്‌സ്
ഹെഡ്മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍(കെപിപിഎച്ച്എ) ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് കെപിപിഎച്ച്എ സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദ്, ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍ എന്നിവര്‍ മുഖ്യമന്ത്രി, ധനകാര്യ, വിദ്യാഭ്യാസ മന്ത്രിമാര്‍, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്കി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുവദിച്ച നിരക്കിലാണ് ഇപ്പോഴും ഫണ്ട് അനുവദിക്കുന്നത്. ഇത് കമ്പോള നിലവാരത്തിന് അനുസൃതമായി വര്‍ധിപ്പിക്കണം. സംസ്ഥാന സര്‍ക്കാരിന്റെ പോഷകാഹാര പദ്ധതിയുടെ ഭാഗമായ മുട്ടയ്‌ക്കും പാലിനും പ്രത്യേകം തുക അനുവദിക്കണം. സംസ്ഥാന വിഹിതമായ 40 ശതമാനം തുകയില്‍ ഉള്‍പ്പെടുത്തി ആഴ്ചയില്‍ ഒരു ദിവസം മുട്ടയും രണ്ടുദിവസം പാലും നല്കണമെന്നാണ് ഉത്തരവ്. പാചകവാതകത്തിന്റെയും ഭക്ഷ്യവസ്തുക്കളുടെയും വില ഇരട്ടിയിലേറെ വര്‍ധിച്ചതിനാല്‍ പ്രധാനാധ്യാപകര്‍ കടക്കെണിയിലായി. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതു വരെ പാല്‍ വിതരണം ആഴ്ചയില്‍ ഒരു തവണയായി കുറയ്‌ക്കണം.
ഇപ്പോള്‍ അനുവദിക്കുന്ന ഫണ്ടില്‍ പാചകവാതകം, പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍, മുട്ട, പാല്‍ തുടങ്ങിയവയ്‌ക്ക് എത്രരൂപ വീതമാണ് വിനിയോഗിക്കേണ്ടത് എന്ന് സര്‍ക്കാര്‍ ഇതേവരെ വ്യക്തമാക്കിയിട്ടില്ല. പ്രധാനാധ്യാപരായി വിരമിച്ച ഒട്ടേറെപ്പേര്‍ക്ക് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട ഓഡിറ്റ് തടസ്സവാദങ്ങള്‍ നിമിത്തം ആനുകൂല്യങ്ങള്‍ തടയപ്പെട്ടിരിക്കുകയാണ്. ഈ മൗലികാവകാശ ലംഘനത്തിന് അടിയന്തിര പരിഹാരമുണ്ടാകണമെന്നും കെപിപിഎച്ച്എ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: