ആലുവ: കേരളത്തില്‍ ആലുവ കേന്ദ്രആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കിന് 2023-24 ജൂലായ്-സെപ്തംബര്‍ ത്രൈമാസത്തില്‍ 953.82 കോടിയുടെ അറ്റ ലാഭം (Net Profit). ഒരു ത്രൈമാസപാദത്തില്‍ ബാങ്കിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ലാഭമാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2022-23) ഇതേ ജൂലായ്-സെപ്തംബര്‍ ത്രൈമാസത്തില്‍ ലഭിച്ച ലാഭം 70371 കോടി മാത്രമായിരുന്നു.
സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച മികച്ച പ്രകടനം
സാമ്പത്തിക നിരീക്ഷകള്‍ ഊഹിച്ചതിനേക്കാള്‍ മികച്ച ലാഭമാണ് ഫെഡറല്‍ ബാങ്ക് നേടിയിരിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം (2023-24) ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള ത്രൈമാസത്തില്‍ പരമാവധി 850 കോടി വരെ നേടാന്‍ കഴിയുമെന്നായിരുന്നു കണക്കുകൂട്ടല്‍.
ബാങ്കിന്റെ എല്ലാ വിഭാഗങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിച്ചതാണ് ഇത്രയും വലിയ നേട്ടത്തിന് കാരണമായതെന്ന് ബാങ്കിന്റെ എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന് പറഞ്ഞു. ആദ്യ സാമ്പത്തിക പാദത്തേക്കാള്‍ മെച്ചപ്പെട്ട ലാഭമാണ് ജൂലായ്-സെപ്തംബര്‍ ത്രൈമാസമായ രണ്ടാം സാമ്പത്തിക പാദത്തില്‍ ലഭിച്ചത്. ഇനി ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാം സാമ്പത്തിക പാദത്തില്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാനാവുമെന്നും ശ്യാം ശ്രീനിവാസന് പറഞ്ഞു. പ്രവര്‍ത്തനലാഭവും കൂടിയിട്ടുണ്ട്. 1324.45 കോടിയാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 1212.24 കോടി മാത്രമായിരുന്നു ലാഭം.
കിട്ടാക്കടം കുറഞ്ഞു; നിക്ഷേപം കൂടി
കിട്ടാക്കടം (Non-Performing Asset-NPA) കുറഞ്ഞതും ബാങ്കിന് വലിയ ആശ്വാസമായി. ഇതോടെ ബാങ്കിന്റെ ആസ്തിയുടെ ഗുണനിലവാരും വര്‍ധിച്ചു. ബാങ്കില്‍ ലഭിച്ച മൊത്തം നിക്ഷേപത്തില്‍ (Deposit) 23 ശതമാനം കുതിപ്പുണ്ടായി. വാര്‍ഷിക കണക്കെടുത്താല്‍ ഇത് 2.33 ലക്ഷം കോടി രൂപയോളം വരും. അതേ സമയം കറന്റ് ആന്റ് സേവിംഗ്സ് അക്കൗണ്ടിന്റെ (കാസ- CASA)നിക്ഷേപം 72,859 കോടി രൂപയോളം വരും. കാസ നിക്ഷേപത്തില്‍ അഞ്ച് ശതമാനം വര്‍ധനവുണ്ടായി. അറ്റ പലിശ വരുമാനം 16.72 ശതമാനത്തോളം കൂടി. പലിശയിനത്തിനുള്ള വരുമാനവും പലിശയിനത്തില്‍ ചെലവഴിക്കേണ്ടിവരുന്ന തുകയും തമ്മിലുള്ള അന്തരമാണ് അറ്റ പലിശ വരുമാനം.
ഓഹരി വില കൂടാത്തതില്‍ നിരാശ
ഇത്രയൊക്കെ തിളക്കമാര്‍ന്ന പ്രകടനം നടത്തിയിട്ടും ബാങ്കിന്റെ ഓഹരി വില ഉയര്‍ന്നിട്ടില്ല. ഇപ്പോഴും 148.35 രൂപയില്‍ തന്നെ നില്‍ക്കുകയാണിത്. രണ്ടാഴ്ച മുന്‍പ് 150 രൂപ മറികടന്നെങ്കിലും പൊടുന്നനെ വീണ്ടും 148 രൂപയിലേക്ക് ഇറങ്ങുകയായിരുന്നു. പല ഓഹരി വിദഗ്ധരും ഫെഡറല്‍ ബാങ്ക് ഓഹരിവില വരും ആഴ്ചകളില്‍ വര്‍ധിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: