മധ്യപ്രദേശ്: ബിജെപിയെ നേരിടാന്‍ ഒരുമിച്ച് നില്‍ക്കുമെന്ന് പ്രഖ്യാപിച്ച ഐഎന്‍ഡിഐ സഖ്യം മധ്യപ്രദേശില്‍ ധാരണയാവാതെ ഉലയുന്നു. ആംആദ്മി പാര്‍ട്ടി കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സമാജ്വാദി പാര്‍ട്ടിയും സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് തീരുമാനിച്ചു.
എസ്പിയുടെ സീറ്റുകളില്‍ കോണ്‍ഗ്രസ് ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം. ലഖ്നൗവില്‍ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.
സീറ്റ് പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് ഒരു വിലയും നല്‍കിയില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഇതുവരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടിക അനുസരിച്ച് അഞ്ചിടത്തെങ്കിലും ഇരുപാര്‍ട്ടികളും തമ്മില്‍ മത്സരിക്കുന്നുണ്ട്.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കാട്ടുന്ന അമിതാവേശം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ സീറ്റ് ധാരണയില്‍ തിരിച്ചടിയാകുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്കുള്ള 144 സ്ഥാനാര്‍ത്ഥികളുടെ പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.
സമാജ്വാദി പാര്‍ട്ടിയുടെ സിറ്റിങ് സീറ്റായ ബിജാവര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ചരണ്‍ സിങ് യാദവിന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തി. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്പിയുടെ രാജേഷ് കുമാര്‍ 67,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണിത്.
അഖിലേഷ് യാദവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ശിവ്പാല്‍ യാദവ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. രണ്ട് മണിക്കൂറിലേറെ നടന്ന കൂടിയാലോചനയ്ക്ക് ശേഷം ഒമ്പത് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി മുതിര്‍ന്ന എസ്പി അംഗങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: