റായ്പൂര്‍: മുന്‍ ഐഎഎസ് ഓഫീസര്‍ ശിശുപാല്‍ ഷോരിയെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് വെട്ടിയ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നീക്കം ഛത്തീസ്ഗഡില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍.
കോണ്‍ഗ്രസ് ഐഎഎസുകാരനെ തഴഞ്ഞപ്പോള്‍ ബിജെപി തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി രണ്ട് മുന്‍ ഐഎഎസ് ഓഫീസര്‍മാരെ രംഗത്തിറക്കിയത് ചര്‍ച്ചയാവുന്നു. ഇരുപത്തിമൂന്നാം വയസില്‍ ഐഎഎസുകാരനായ ഒ.പി. ചൗധരിയെ റായ്ഗഢിലും നീലകണ്ഠ ടേകം കേശകാലിലുമാണ് സ്ഥാനാര്‍ത്ഥികളാകുന്നത്.
മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ അടുപ്പക്കാരനെന്ന് അറിയപ്പെടുന്ന ഷോരിയെ ഒഴിവാക്കിയത് കോണ്‍ഗ്രസ് സാധ്യതകളെ തകര്‍ക്കും. കാങ്കര്‍ മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ തവണം 51 ശതമാനം വോട്ട് നേടിയാണ് എതിര് സ്ഥാനാര്‍ത്ഥി ബിജെപിയിലെ ഹിറ മര്ക്കമിനെതിരെ ഷോരി വന്‍ വിജയം നേടി എംഎല്‍എ ആയത്.
2000 ബാച്ചിലെ ഐഎഎസ് ഓഫീസറായ ഷോരി കോണ്‍ഗ്രസ് നേതാവ് എ. ശങ്കര്‍ ധ്രുവിന് പകരമായാണ് കാങ്കറില്‍ 2018ല്‍ മത്സരിക്കാനിറങ്ങിയത്. 2013ല്‍ കാങ്കര്‍ എംഎല്‍എ ആയിരുന്ന ശങ്കര്‍ ധ്രുവിനാണ് ഇക്കുറി കോണ്‍ഗ്രസ് സീറ്റ് നല്‍കിയത്.
2005 ബാച്ച് ഐഎഎസ് ഓഫീസറായ ഒ.പി. ചൗധരിയെ റായ്ഗഡ് മണ്ഡലത്തില്‍ നിന്നാണ് ബിജെപി മത്സരിപ്പിക്കുന്നത്. വനവാസി സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തിയ ചൗധരി സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക സാന്നിധ്യമായി ചുരുങ്ങിയ നാള് കൊണ്ട് മാറിയിരുന്നു.
മാവോയിസ്റ്റുകളുടെ അധീനതയില്‍ തകര്‍ന്നുപോയ ഛത്തിസ്ഗഡ് വനമേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങളെത്തിച്ചും വനവാസി യുവാക്കള്‍ക്ക് വിദ്യാഭാസ സൗകര്യമൊരുക്കിയും ശ്രദ്ധേയനായ ചൗധരി പ്രധാനമന്ത്രി എക്സലന്‍സ് അവാര്‍ഡ് നേടിയിട്ടുണ്ട്. നിലവില്‍ ഛത്തിസ്ഗഡ് ബിജെപി ജനറല്‍ സെക്രട്ടറിയായ ചൗധരി ഇത് രണ്ടാംതവണയാണ് ജനവിധി തേടുന്നത്. 2008 ബാച്ച് ഐഎഎസ് ഓഫീസറായ നീലകണ്ഠ ടേകം കോണ്ടഗാവ് ജില്ലാ കളക്ടറായിരിക്കെയാണ് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: