തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കില്‍ വായ്പ അനുവദിച്ചിരുന്നത് പാര്‍ട്ടി സബ്കമ്മിറ്റിയെന്ന് ഇഡി. വസ്തു കണ്ടുകെട്ടല്‍ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. വായ്പ അനുവദിക്കുന്നതിന് പാര്‍ട്ടി പ്രത്യേക മിനിട്സും സൂക്ഷിച്ചിരുന്നുവെന്നും ഇഡി കണ്ടെത്തി.
സിപിഎമ്മിലെ ഉന്നതരായ നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് അനധികൃത വായ്പ നല്‍കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും ഇഡി വ്യക്തമാക്കുന്നു. ബാങ്കിന്റെ നയപരമായ കാര്യങ്ങളില്‍ ഇടപെട്ടിരുന്നതും വായ്പ അനുവദിക്കുന്നത് നിയന്ത്രിച്ചിരുന്നതും സിപിഎമ്മിന്റെ സബ് കമ്മിറ്റിയും പാര്‍ലമെന്ററി കമ്മിറ്റിയും ആയിരുന്നു
കരുവന്നൂര്‍ കള്ളപ്പണക്കേസ് ഇഡി അവസാനിപ്പിച്ചാലും ഇ.ഡി. ഉത്തരവിലെ പരാമര്‍ശം ചൂണ്ടിക്കാണിച്ച് പൊതുജനത്തിന് ഇതിലെ നിജസ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാകും. അത്തരത്തിലൊരു അന്വേഷണം വന്നാല്‍ കൂടുതല്‍ നേതാക്കള്‍ കേസിലേക്ക് വലിച്ചിഴയ്ക്കപ്പെടും. പാര്‍ട്ടി സൂക്ഷിച്ചിരുന്ന പ്രത്യേക മിനിട്സും പുറത്തുവരും. ഇതാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നത്. ഇഡിയുടെ ഉത്തരവിലെ പരാമര്‍ശം കണക്കിലെടുത്ത് പോലീസിന് സ്വമേധയാ കേസെടുക്കാനും സാധിക്കും.
കരുവന്നൂര്‍ കേസില്‍ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പിആര്‍ അരവിന്ദാക്ഷന്റെ അറസ്റ്റോടെ കാര്യങ്ങളെല്ലാം തീര്‍ന്നെന്നും കേസ് അവസാനഘട്ടത്തിലാണെന്നും കരുതി പാര്‍ട്ടി ആശ്വസിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് പാര്‍ട്ടിയുടെ ഇടപെടലിനെ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഉത്തരവ് ഇഡി പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: