ധര്‍മ്മശാല: ഐസിസി 13-ാം ക്രിക്കറ്റ് ലോകകപ്പിലെ 15-ാം മത്സരത്തില്‍ ഇന്ന് മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്കയും ഓസ്ട്രേലിയയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ധര്‍മ്മശാലയിലെ മൂന്നാം മത്സരത്തില്‍ ഉച്ചയ്ക്ക് രണ്ടിന് കളി ആരംഭിക്കും. മുന്‍ ചാമ്പ്യന്മാരായ രണ്ട് ടീമകളും ഇത്തവണത്തെ മൂന്നാം മത്സരത്തിന് ഇന്നിറങ്ങുമ്പോള്‍ ഇരുവരും ഇതുവരെ ജയിച്ചിട്ടില്ല.
ഓസ്ട്രേലിയ ആദ്യ മത്സരത്തില്‍ ഭാരതത്തോടും രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടും പരാജയപ്പെട്ടു. ശ്രീലങ്കയാകട്ടെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടും പിന്നെ പാകിസ്ഥാനോടും തോറ്റു. ഇരുവരും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ തുല്യശക്തികളുടെ പോരാട്ടമെന്ന് പറയാനൊക്കില്ല. അല്‍പ്പം മുന്നില്‍ നില്‍ക്കുന്നത് ഓസ്ട്രേലിയ ആണ്. എന്നാല്‍ സ്വന്തം നാട്ടില്‍ ഏത് വമ്പന്മാരെയും മുട്ടുകുത്തിക്കാന്‍ ശേഷിയുള്ള ലങ്കയ്ക്ക് നാട്ടിലേചിന് സമാന സ്വഭാവമുള്ള പിച്ചാണ് ഭാരതത്തിലേത് എന്നത് അനുകൂല ഘടകമാണ്. എതിരാളികള്‍ ഓസീസ് ആണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സ്ഥിര സാന്നിധ്യമായ താരങ്ങളാണ് ഓസ്ട്രേലിയന്‍ പട്ടികയിലെ പ്രബല താരങ്ങള്‍. അതിനാല്‍ ഭാരത പിച്ചുകളുടെ സ്വഭാവം ശരിക്ക് പഠിച്ചിട്ടുള്ളവരാണ്. ഈയൊരു ഘടകം കൂടി വരുമ്പോള്‍ ശ്രീലങ്കയാണ് കൂടുതല്‍ ബുദ്ധിമുട്ടിലാകുക. പക്ഷെ തുടക്കത്തിലേ രണ്ട് മത്സരങ്ങള്‍ തുടരെ തോറ്റതിന്റെ ക്ഷീണം ഇരുവര്‍ക്കും ഉണ്ട്. ആ സമ്മര്‍ദ്ദം അതിജീവിക്കുന്നവരാകും ഇന്നത്തെ വിജയികള്‍.
ഇരു ടീമുകളും തമ്മിലുള്ള നേര്‍ക്കുനേര്‍ ലോകകപ്പ് പോരിന് അരനൂറ്റാണ്ടിനോടടുത്ത ചരിത്രമാണുള്ളത്. 48 വര്‍ഷം മുമ്പത്തെ പ്രഥമ ഏകദിന ലോകകപ്പില്‍ ഇരുവരും ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ജയിച്ചത് ഓസ്ട്രേലിയയാണ്. അന്ന് ടെസ്റ്റ് പദവി പോലും ഇല്ലാതിരുന്ന ലങ്കയ്ക്കിതെര അണിനിരന്നത് ഗ്രെഗ് ചാപ്പല്‍, അലന് ടര്‍ണര്‍, ഡെന്നിസ് ലില്ലി, ജെഫ് തോംസണ്‍ തുടങ്ങിയ ഇതിഹാസ നിരയാണ്. പിന്നീട് ഒമ്പത് തവണ കൂടി ഇരുവരും ഏറ്റുമുട്ടിയെങ്കിലും ശ്രീലങ്ക ജയിച്ചത് ഒരു കളിയില്‍ മാത്രം. 1996ല്‍ കിരീടം നേടിയ ഫൈനലില്‍. 2007ല്‍ ശ്രീലങ്കയെ ഫൈനലില്‍ തോല്‍പ്പിച്ചാണ് ഓസീസ് ഹാട്രിക് കിരീടം സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: