തിരുവനന്തപുരം: പൊള്ളചിട്ടികളടക്കം വന്‍തിരിമറിയാണ് കെഎസ്എഫ്ഇയില്‍ നടക്കുന്നതെന്നും ഇ ഡി നാളെ കെഎസ്എഫ്ഇയിലും വന്നുകൂടെന്നില്ലെന്നും സിപിഎം കേന്ദ്ര കമ്മറ്റിയംഗം എ.കെ. ബാലന്റെ പരാമര്‍ശത്തോടെ സര്‍ക്കാരിലും സിപിഎമ്മിലും പുതിയ വിവാദം. എ.കെ. ബാലന്റെ പ്രസംഗത്തോടെ ചര്‍ച്ചയാകുന്നത് വിജിലന്‍സിന്റെ ഓപ്പറേഷന് ബചത്. സര്‍ക്കാര്‍ അടിമുടി മരവിപ്പിച്ച് പൂട്ടിട്ട ബചത് പരിശോധനയില്‍ കെഎസ്എഫ്ഇയില്‍ കണ്ടെത്തിയത് ഗുരുതര വീഴ്ചകളായിരുന്നു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2020 നവംബര്‍ 27, 28 തീയതികളിലാണ് കെഎസ്എഫ്ഇ ഓഫീസുകളില്‍ വിജിലന്‍സ് സംഘം ഓപ്പറേഷന് ബചത് എന്ന പേരില്‍ മിന്നല്‍ പരിശോധന നടത്തിയത്. കെഎസ്എഫ്ഇ ഓഫീസുകള്‍ വഴി കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതായി വിജിലന്‍സ് സംഘം കണ്ടെത്തി. 30ല്‍ അധികം ഓഫീസുകളിലാണ് ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയത്.
സംസ്ഥാനത്തുള്ള അറുനൂറോളം ബ്രാഞ്ചുകളില്‍ 40 ഇടത്തായിരുന്നു പരിശോധന. ബ്രാഞ്ച് മാനേജര്‍മാരുടെ ഒത്താശയോടെ ചില വ്യക്തികളും ജീവനക്കാരും ബിനാമി ഇടപാടില്‍ ക്രമക്കേട് നടത്തുന്നു, ചിട്ടികളില്‍ ക്രമക്കേട് തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കെഎസ്എഫ്ഇ വഴി കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവെന്നും കണ്ടെത്തി.
പലയിടത്തും മാസം രണ്ടു മുതല്‍ ഒന്‍പതു ലക്ഷം രൂപ വരെ അടവുള്ള ചിട്ടികളില്‍ ബിനാമി പേരുകളില്‍ ആളുകള്‍ ചേര്‍ന്നതായി കണ്ടെത്തി. ചില ബ്രാഞ്ചുകളില്‍ നിയമവിരുദ്ധമായി ഡമ്മികളെ മുന്‍നിര്‍ത്തി കൊള്ളച്ചിട്ടികള്‍ നടക്കുന്നുവെന്നും കണ്ടെത്തി. തിരുവനന്തപുരം ഹൗസിങ് ബോര്‍ഡ് ജങ്ഷനിലെ ബ്രാഞ്ചില്‍ രണ്ട് കൊള്ളചിട്ടികള് കണ്ടെത്തി. മള്‍ട്ടി ഡിവിഷന് ചിട്ടികളില്‍ ജീവനക്കാര്‍ തന്നെ ബിനാമി ഇടപാടുകള്‍ നടത്തുന്നതായി വിജിലന്‍സ് കണ്ടെത്തി.
പിരിവ് തുക ബാങ്കുകളിലേക്കും ട്രഷറിയിലേക്കും മാറ്റുന്ന രീതി കെഎസ്എഫ്ഇ്ക്കുണ്ട്. എന്നാല്‍, പലസ്ഥലങ്ങളിലും അങ്ങനെ മാറ്റുന്നതിന് വീഴ്ച സംഭവിച്ചു. നാല് ഓഫീസുകളില്‍ സ്വര്‍ണപണയത്തിലും തട്ടിപ്പ് കണ്ടെത്തിയിരുന്നു. ഈടായി വാങ്ങുന്ന സ്വര്‍ണം സുരക്ഷിതമല്ലാതെ സൂക്ഷിക്കുന്നുവെന്നും കണ്ടെത്തി. നോട്ടുനിരോധന സമയത്തും കെഎസ്എഫ്ഇയില്‍ വ്യാപകമായി കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിരുന്നു എന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇത് വിജിലന്‍സ് തന്നെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് നടപടിക്ക് വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. എന്നാല്‍ റിപ്പോര്‍ട്ടില്‍ നടപടികളുണ്ടായില്ല. വിജിലന്‍സ് ഡയറക്ടര്‍ അവധിയിലായിരിക്കെ നടന്ന മിന്നല്‍ പരിശോധനയില്‍ സര്‍ക്കാരിന് അതൃപ്തിയുണ്ടായി.
വിജിലന്‍സ് കണ്ടെത്തലുകള്‍ ശുദ്ധഅസംബന്ധമാണെന്നായിരുന്നു അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിന്റെ ആദ്യ പ്രതികരണം. നിയമം എന്താണെന്ന് തീരുമാനിക്കേണ്ടത് വിജിലന്‍സല്ല. നിയമം വ്യാഖ്യാനിക്കാന്‍ സംസ്ഥാനത്ത് നിയമ വകുപ്പുണ്ട്.
കെഎസ്എഫ്ഇയില്‍ വരുന്ന പണം ട്രഷറിയില്‍ അടക്കേണ്ട കാര്യം ഇല്ല. ട്രഷറിയില്‍ അടക്കാനുള്ള പണമല്ല കെഎസ്എഫ്ഇയില്‍ എത്തുന്നത്. കെഎസ്എഫ്ഇ ഇടപാടുകളെല്ലാം സുതാര്യമാണ്, ഒരു ക്രമക്കേടും എവിടെയും നടന്നിട്ടില്ല. വിജിലന്‍സ് പരിശോധന ഇപ്പോള്‍ വേണ്ടിയിരുന്നില്ലെന്നും തോമസ് ഐസക് അന്ന് ന്യായീകരിച്ചു. ഇതോടെ സിപിഎം വെട്ടിലായി. തുടര്‍ന്ന് വിവാദം വേണ്ടെന്ന് അന്നത്തെ സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന് വ്യക്തമാക്കി. ഇതോടെ അന്നത്തെ വിജിലന്‍സ് റിപ്പോര്‍ട്ടും ചവറ്റുകുട്ടയിലെറിഞ്ഞു.
അന്ന് അവസാനിപ്പിച്ച വിവാദമാണ് എ.കെ. ബാലന് കോഴിക്കോട് നടന്ന കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയന് സംസ്ഥാന സമ്മേളനത്തില്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടു വന്നത്. എ.കെ. ബാലന്റെ പ്രസ്താവനയോട് ധനമന്തി കെ.എന്‍. ബാലഗോപാല്‍ വേദിയില്‍ നിന്നിറങ്ങിയ ഉടന്‍ തന്നെ നീരസം പ്രകടിപ്പിച്ചിരുന്നു.
ബാലഗോപാലിനോട് പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് ബാലനോട് തന്നെ ചോദിക്കാനായിരുന്നു മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: