തിരുവനന്തപുരം: ലോകത്തിലെ അന്താരാഷ്ട്ര തുറമുഖ പട്ടികയില്‍ പ്രമുഖ സ്ഥാനത്തുനിന്നുള്ള പ്രയാണം വിഴിഞ്ഞം ആരംഭിച്ചിരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്.ഇത്തരമൊരു തുറമുഖം ഉയര്‍ന്നുവരുമ്പോള്‍ ചില അന്താരാഷ്ട്ര ലോബികള്‍ അവരുടെ താത്പര്യംവച്ചുള്ള എതിര് നീക്കങ്ങള്‍ നടത്താറുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലും അത്തരം ശക്തികള്‍ ഉണ്ടായിരുന്നുവെന്നതു വസ്തുതയാണ്. ചില പ്രത്യേക വാണിജ്യ ലോബികള്‍ക്കും ഇത്തരമൊരു പോര്‍ട്ട് ഇവിടെ യാഥാര്‍ഥ്യമാകുന്നതിനു താത്പര്യമുണ്ടായിരുന്നല്ല. അവരും പ്രത്യേക രീതിയല്‍ ഇതിനെതിരേ രംഗത്തുണ്ടായിരുന്നു. പക്ഷേ അതിനെയൊക്കെ അതിജീവിക്കാന്‍ കഴിഞ്ഞു. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് ആദ്യമായെത്തിയ ചരക്കുകകപ്പലിനെ സ്വീകരിച്ച ശേഷം നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു
കേരളം രാജ്യത്തിനു നല്കുന്ന മഹത്തായ സംഭാവനകളില്‍ ഒന്നാണ് വിഴിഞ്ഞം പദ്ധതി. രാജ്യത്തെ തുറമുഖങ്ങളില്‍ മറ്റൊരു തുറമുഖത്തിനും ഇല്ലാത്ത നിരവധി സാധ്യതകളാണു വിഴിഞ്ഞത്തിനു മുന്നില്‍ തുറന്നുകിടക്കുന്നത്. അതിദീര്‍ഘകാലം അതു വേണ്ട രീതിയില്‍ മനസിലാക്കപ്പെടാതെയും ഉപയോഗിക്കപ്പെടാതെയും ഇരുന്നുവെന്നത് നിര്‍ഭാഗ്യകരമാണ്. ആ അവസ്ഥയ്ക്ക് ഇപ്പോള്‍ അറുതിവരുത്താന്‍ കഴിഞ്ഞു.
ഈ തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ രാജ്യത്തെ കണ്ടെയ്നര്‍ ബിസിനസിന്റെ കേന്ദ്രമായി കേരളം മാറും. ആറു മാസംകൊണ്ട് ആ തലത്തിലേക്കു കേരളം മാറും. വ്യവസായം, വാണിജ്യം, ഗതാഗതം, ടൂറിസം തുടങ്ങിയ വിവിധ രംഗങ്ങളില്‍ വലിയ വികസനത്തിനും അതുവഴി സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക വളര്‍ച്ചയ്ക്കും വിഴിഞ്ഞം കാരണമാകും. തുറമുഖ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അനുബന്ധ വ്യവസായങ്ങള്‍ക്കു വലിയ സാധ്യതകളാണു വരാനിരിക്കുന്നത്. അവയെല്ലാം പ്രയോജനപ്പെടുത്താന്‍ കഴിയണം. വാണിജ്യ വ്യവസായ രംഗങ്ങളിലെ സംരംഭകര്‍ ഇക്കാര്യത്തില്‍ നിറഞ്ഞ മനസോടെ പിന്തുണ നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു
രാജ്യത്തിന്റെ പശ്ചാത്തല വികസനക്കുതിപ്പിലെ വിജയമുദ്രയാണു വിഴിഞ്ഞം തുറമുഖമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കേന്ദ്ര മന്ത്രി വി. മുരളീധരൻ, മന്ത്രിമാരായ കെ. രാജൻ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു, സജി ചെറിയാൻ, കെ.എൻ. ബാലഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ശശി തരൂർ എം.പി, എം. വിൻസന്റ് എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, തുടങ്ങിയവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: