തിരുവനന്തപുരം: കഴിഞ്ഞ രാത്രി പെയ്ത തോരാമഴയില്‍ വെള്ളത്തില്‍ മുങ്ങി തലസ്ഥാനം. നഗര, ഗ്രാമ വ്യത്യാസമില്ലാതെ വെളളം കയറി. തിരുവനന്തപുരത്ത് പലയിടങ്ങളിലും വെളളക്കെട്ട് രൂക്ഷമായി. തേക്കുമൂട് ബണ്ട് കോളനിയില്‍ വെളളം കയറിയതിനെ തുടര്‍ന്ന് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ഇവിടെ താമസിക്കുന്നത് 122 കുടുംബങ്ങളാണ്.
കണ്ണമ്മൂല ഭാഗത്തും നിരവധി വീടുകളില്‍ വെള്ളം കയറി. പുത്തന്‍പാലത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് 45 പേരെ ക്യാമ്പുകളിലേക്ക് മാറ്റി.
കോസ്മോപോളിറ്റന്‍ ആശുപത്രിയുടെ താഴത്തെ നിലയില്‍ വെളളം കയറി. മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹങ്ങള്‍ മാറ്റേണ്ടി വന്നു.ചാക്ക, നെയ്യാറ്റിന്‍കര, മരുതൂര്‍, എന്നിടങ്ങളിലും വെളളംകയറി.
പോത്തന്‍കോട് കരൂരില്‍ ഏഴ് വീടുകളില്‍ വെള്ളം കയറി. ടെക്നോപാര്‍ക്കിലും വെള്ളക്കെട്ടുണ്ട്.തീരപ്രദേശങ്ങളിലും വെളളം കയറി ജനങ്ങള്‍ ദുരിതത്തിലാണ്. മംഗലപുരം, കഠിനംകുളം, അഞ്ചുതെങ്ങ് , വര്‍ക്കല എന്നിവിടങ്ങളിലും വെള്ളം കയറി.
ശ്രീകാര്യം ഗുലാത്തി ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്റെ മതില് ഇടിഞ്ഞ് സമീപത്തെ നാല് വീടുകളുടെ മുകളിലൂടെ പതിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
ചെങ്കല്‍, നെയ്യാറ്റിന്‍കര തുടങ്ങി വിവിധയിടങ്ങളില്‍ വ്യാപകകൃഷി നാശം സംഭവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: