പാനൂര്‍: പാറാട് അഭിലാഷിന്റെയും, ഷജീഷിന്റേയും സൗഹൃദത്തെ വേര്‍പെടുത്താന്‍ മരണത്തിനു പോലും കഴിഞ്ഞില്ല. ആറാംമൈലില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപ്രതീക്ഷിത ദുരന്തത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് പാറാട് ഗ്രാമം. സുഹൃത്തുക്കളായ അയല്‍വാസികളുടെ ദുരന്ത വാര്‍ത്തയറിഞ്ഞ ഞെട്ടലില്‍നിന്നും ഇനിയും പാറാട് മുക്തമായിട്ടില്ല.
ആറാംമൈലില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ കത്തി രണ്ട്പേര് മരിച്ചതായ വിവരം അറിഞ്ഞിരുന്നെങ്കിലും ആ ദുര്‍ഗതി തങ്ങളുടെ സമീപവാസികള്ക്കായിരിക്കുമെന്ന് കണ്ണങ്കോട് നിവാസികള്‍ കരുതിയിരുന്നില്ല. ഓട്ടോയുടെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോ അഭിലാഷിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ കൂട്ടത്തോടെ അപകട സ്ഥലത്തും മോര്ച്ചറിയിലുമെത്തുകയായിരുന്നു. അഭിലാഷിന്റെ ഓട്ടോയിലാണ് ഷജീഷ് സ്ഥിരമായി സഹോദരിയുടെ വീട്ടില്‍ പോകാറുള്ളത്. സഹോദരിയുടെ വീടിന് 100 മീറ്റര്‍ അടുത്ത്വച്ചാണ് ദുരന്തമുണ്ടായത്. ബസ് അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അഭിലാഷും, ഷജീഷും അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്. ഓട്ടോ ഡ്രൈവറായിരുന്ന അഭിലാഷ് നാട്ടുകാര്‍ക്കൊക്കെ പ്രിയപ്പെട്ടവനായിരുന്നു.
കഴിഞ്ഞദിവസമാണ് പാറാട് മീത്തലെ കണിയാങ്കണ്ടി കുഞ്ഞബ്ദുള്ള പാലക്കൂലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. അടുത്തടുത്ത ദിവസങ്ങളില്‍ മൂന്നു മരണമാണ് സംഭവിച്ചത്.
അഭിലാഷിന്റെയും ഷജീഷിന്റെയും മൃതദേഹങ്ങള്‍ ഇന്നലെ വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു. നൂറുകണക്കിന് ആളുകള്‍ അന്തിമോപചാരമര്പ്പിക്കാനെത്തിചേര്ന്നിരുന്നു. പാറാട് ടൗണിലെ പൊതുദര്‍ശനത്തിനുശേഷം മൂന്നുമണിയോടുകൂടി വീടുകളില്‍ എത്തിച്ച് സംസ്കാര കര്‍മ്മം നടത്തുകയായിരുന്നു.
കണ്ണങ്കോട്ടെ പരേതനായ പിലാവുള്ളതില്‍ കണ്ണന്റെയും പൊക്കിയുടെയും മകനാണ് അഭിലാഷ്. ഭാര്യ: ജാന്‍സി. മക്കള്‍: ഇഷാന്, നൈമിക, നയോമി. സഹോദരങ്ങള്‍: അനീഷ്, പ്രസന്ന, ശോഭ.
പിലാവുള്ളതില്‍ പരേതനായ കുമാരന്റെയും ജാനുവിന്റെയും മകനാണ് സജീഷ്, സഹോദരങ്ങള്‍: ഷൈമ, ഷബ്ന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: