കൊൽക്കത്ത: ദുർഗാപൂജയ്ക്ക് മുന്നോടിയായി, 71 തടവുകാരെ ശിക്ഷയിൽ പ്രത്യേക ഇളവുനൽകി വിട്ടയക്കുന്നതിന് അനുവാദം നൽകി പശ്ചിമബംഗാളിൽ ഗവർണർ ഡോ സി.വി ആനന്ദബോസിന്റെ നടപടി. സംസ്ഥാനത്ത് ഇതാദ്യമായാണ് ദുർഗാപൂജ ആഘോഷങ്ങളുടെ ഭാഗമായി കുറ്റവാളികളെ മോചിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നത്.
ഇന്ത്യൻ പൗരൻമാരായ 71 തടവുകാരെ കൂടാതെ, ഭാരതസർക്കാരിന്റെ അംഗീകാരത്തോടെ 16 വിദേശ തടവുകാരെയും മോചിപ്പിക്കാനാണ് ഗവർണർ അനുമതി നൽകിയത്. ശിക്ഷാകാലാവധി പൂർത്തിയാക്കുന്നതിനുമുന്പ് തടവുകാരെ മോചിപ്പിക്കുന്നതിന് കുറ്റമറ്റരീതിയിൽ മാനദണ്ഡങ്ങൾ രൂപീകരിക്കണമെന്നും വരുംവരായ്കകൾ വിലയിരുത്തുന്നതിന് വിദഗ്ധ കമ്മിറ്റിക്ക് രൂപം നൽകണമെന്നുമുള്ള കർശന വ്യവസ്ഥയോടെയാണ് ഗവർണർ ശുപാർശയ്ക്ക്അംഗീകാരം നൽകിയത്.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക വേളയിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ സ്മരണയ്ക്കായി മാനുഷിക കാരണങ്ങളാൽ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് ഭാരത ഗവൺമെന്റ് തുടക്കമിട്ടിരുന്നു. എന്നാൽ ‘അർഹരായ’ തടവുകാരിൽ നിന്ന് ‘യോഗ്യരായ’ തടവുകാരെ തിരഞ്ഞെടുക്കുന്നതിൽ സംസ്ഥാന സർക്കാർ പിന്തുടരുന്ന മാനദണ്ഡങ്ങളെക്കുറിച്ച് ഗവർണർ സംശയമുന്നയിച്ച് വിശദീകരണം ആവശ്യപ്പെടുകയും തുല്യ നീതി ഉറപ്പാക്കാൻ മാനദണ്ഡങ്ങൾ നിശ്ചയിച്ച് അവ കര്‍ശനമായി പാലിക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.
സർക്കാരിൽ നിന്ന് യഥാസമയം തൃപ്തികരമായ പ്രതികരണം ലഭിക്കാത്തതിനാൽ തീരുമാനം വൈകുകയായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിതമായ നീക്കത്തിലൂടെ ബംഗാൾ ജനതയുടെ ദേശീയാഘോഷത്തിനിടെ ദുർഗാപൂജ ആശംസകൾ നേർന്നുകൊണ്ട് തടവുകാരെ മോചിപ്പിക്കാനുള്ള ഫയലിൽ ഡോ ആനന്ദബോസ് ഒപ്പിട്ടത്. ദുർഗ്ഗ മാതാവ് നമ്മെ എല്ലാവരെയും നയിക്കുകയും നമ്മുടെ പാതകളെ പ്രകാശിപ്പിക്കുകയും ചെയ്യട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: