ജറുസലേം: ഗാസ മുനമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവിനെ വധിച്ചതായി ഇസ്രായേൽ. ഹമാസ് സൈനിക കമാൻഡർ മുറാദ് അബു മുറാദാണ് കൊല്ലപ്പെട്ടത്. ഹമാസ് ഭീകരസംഘം വ്യോമാക്രമണം നടത്തിയിരുന്ന ആസ്ഥാനത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് ഹമാസിന്റെ വ്യോമസേന മേധാവി കൂടിയായ മുറാദ് അബു കൊല്ലപ്പെട്ടത്.
ഇസ്രായേലിനെതിരായ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നവരിൽ പ്രധാനിയാണ് കൊല്ലപ്പെട്ട മുറാദ്. ഇയാൾ നിരവധി ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച യുദ്ധത്തിന് കാരണമായ ഭീകരാക്രമണം നടത്തിയതിൽ മുറാദിന് പങ്കുണ്ടെന്നും ഇസ്രായേൽ വ്യക്തമാക്കി. ആ ആക്രമണത്തിൽ ഹാംഗ് ഗ്ലൈഡറുകൾ വഴി ഇസ്രായേലിലേക്ക് കടന്ന ആക്രമണകാരികളുമുണ്ടെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു.
രാത്രിയായിരുന്നു ഇസ്രായേൽ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ശക്തമായ വ്യോമാക്രമണം നടത്തിയത്. ഇതിൽ നിരവധി ഹമാസ് ഭീകരർ കൊല്ലപ്പെട്ടതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ മുറാദ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത് ഇപ്പോഴാണ്. അതേസമയം സംഭവത്തിൽ ഹമാസ് പ്രതികരിച്ചിട്ടില്ല.
ഒക്ടോബർ ഏഴിന് ഇസ്രായേലിലേക്കുള്ള നുഴഞ്ഞുകയറ്റത്തിന് നേതൃത്വം നൽകിയ ഹമാസിന്റെ കമാൻഡോ സേനയുടെ സൈറ്റുകൾ ഒറ്റരാത്രികൊണ്ട് വിവിധ ആക്രമണങ്ങളിലൂടെ നശിപ്പിച്ചെന്നും ഇസ്രായേൽ പ്രതിരോധസേന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: