ദുബായ്: മാലിദ്വീപ് ആസ്ഥാനമായുള്ള ആഡംബര എയർലൈൻ സ്റ്റാർട്ടപ്പ് “ബിയോണ്ട് ” അടുത്ത മാസം പ്രവർത്തനം ആരംഭിക്കും. കഴിഞ്ഞ ബുധനാഴ്ച ദുബായ് വേൾഡ് സെൻട്രലിലെ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിൽ 44 യാത്രക്കാർക്ക് ഇരിക്കാവുന്ന എയർബസ് എ319 വിമാനവും പുതുതായി ആരംഭിച്ച സ്വകാര്യ കാരിയറും കമ്പനി ഇതിനോടനുബന്ധിച്ച് പ്രദർശിപ്പിച്ചു.
ബിയോണ്ടിന്റെ ഉദ്ഘാടന സർവ്വീസുകൾ നവംബർ 9 നും 17 നും ഇടയിൽ റിയാദ്, മ്യൂണിക്ക്, സൂറിച്ച് എന്നീ നഗരങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. എല്ലാ ബിസിനസ് ക്ലാസ് ഫ്ലൈറ്റുകളും ഈ സർവീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ 2024 മാർച്ച് അവസാനത്തോടെ മിലാനിൽ നിന്ന് പുതിയ റൂട്ടുകൾ എയർലൈൻ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 32 വിമാനങ്ങളും 60 ലക്ഷ്യസ്ഥാനങ്ങളും യാഥാർത്ഥ്യമാക്കാനാണ് കമ്പനി പ്ലാൻ ചെയ്യുന്നത്.
യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഏഷ്യ-പസഫിക് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ മാലിദ്വീപിലേക്ക് കൊണ്ടുവരുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകുന്നത്. ഇതിനായി എയർബസ് എ320 വിമാനങ്ങളാണ് കമ്പനി സ്വന്തമാക്കാൻ പോകുന്നത്. ഇതോടനുബന്ധിച്ചുള്ള ആദ്യ ബിയോണ്ട് വിമാനം നവംബർ പകുതിയോടെ ദുബായ് എയർ ഷോയിൽ പ്രദർശിപ്പിക്കും.
കൂടുതൽ എയർബസ് വിമാനങ്ങൾ 2023 അവസാനത്തിലും 2024 തുടക്കത്തിലും കമ്പനി സ്വന്തമാക്കും. ഒരാൾക്ക് 1,500 യൂറോ (6,000 ദിർഹം) മുതലാണ് വൺ-വേ വിമാന നിരക്ക് ആരംഭിക്കുന്നത്. കമ്പനിയുടെ ലക്ഷ്യം ലളിതമാണ്, തങ്ങളുടെ യാത്രികരെ അവരുടെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ അവധിക്കാലത്ത് അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സുക്ഷിതമായി എത്തിക്കുക എന്നതാണെന്ന് ബിയോണ്ടിന്റെ സ്ഥാപകനും സിഇഒയുമായ ടെറോ തസ്കില പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: