തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പുകേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അറസ്റ്റിലായ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും വില്പന നടത്തി ഇരകള്‍ക്ക് പണം നല്‍കാനും തീരുമാനം. ഡയറക്ടറേറ്റിന്റെ കേന്ദ്ര കാര്യാലയത്തില്‍ നിന്ന് അനുമതി ലഭിച്ചതോടെയാണ് നടപടികള്‍ വേഗത്തിലാക്കുന്നത്.
നിലവില്‍ അറസ്റ്റിലായ പി. സതീഷ്കുമാര്‍, പി.പി.കിരണ്‍, പി.ആര്. അരവിന്ദാക്ഷന്, സി.കെ. ജില്‍സ് എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടുക. ആകെ 117 സ്ഥലങ്ങളും 11 വാഹനങ്ങളുമാണ് കണ്ടുകെട്ടാന്‍ തീരുമാനിച്ചത്. ഇവയുടെ മൂല്യം 87.75 കോടി രൂപ വരും. ഇതു കൂടാതെ 92 എഫ്ഡികളിലായി പ്രതികള്‍ നിക്ഷേപിച്ച പണവും കണ്ടുകെട്ടും. പത്തു കോടിയിലേറെ രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്.
കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലാണ് കണ്ടുകെട്ടുന്ന സ്ഥലങ്ങള്‍. ഭൂമിയുടെ അറ്റാച്ച്മെന്റിന് തുടക്കം കുറിച്ചു. ആഡംബര കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഉടന്‍ കസ്റ്റഡിയിലെടുക്കും. ഒന്നാം പ്രതി പി. സതീഷ്കുമാറിന്റെ പേരിലാണ് കൂടുതല്‍ വസ്തുക്കളുള്ളത്. ഷെഡ്യൂള്‍ഡ് ബാങ്കുകളിലും വിവിധ സഹകരണ ബാങ്കുകളിലുമായാണ് നിക്ഷേപം.
ഇപ്പോള്‍ പിടിയിലായ നാലു പ്രതികള്‍ക്കു പുറമേ കേസില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തുന്നവരുടെ സ്വത്തുക്കളും കണ്ടുകെട്ടും. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് പ്രതികളാക്കപ്പെടുന്ന മുഴുവന്‍ പേരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടും. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഈ തുക കരുവന്നൂരില്‍ പണം നഷ്ടമായവര്‍ക്ക് തിരികെ നല്‍കാനാണ് തീരുമാനം. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ഇ ഡിയുടെ ദല്‍ഹി കാര്യാലയത്തിലേക്ക് നേരത്തേ റിപ്പോര്‍ട്ട് കൊടുത്തിരുന്നു. കേന്ദ്ര കാര്യാലയത്തില്‍ നിന്ന് അനുമതി ലഭിച്ചതോടെയാണ് നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയിലും സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: