തിരുവനന്തപുരം: തിരുവനന്തപുരത്തെ ആരുടെയെങ്കിലും നിക്ഷേപം കരുവന്നൂര്‍ ബാങ്കില്‍ ഉണ്ടോയെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്റെ ചോദ്യം. തിരുവനന്തപുരത്ത് നടത്തിയ സഹകരണ സംരക്ഷണ സദസിലാണ് സഹകരണ മന്ത്രിയുടെ വിചിത്രമായ ചോദ്യം. രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം സഹകരണ മേഖലയിലുണ്ടെന്നും ഏതെങ്കിലും ഒരു കരുവന്നൂരോ, കണ്ട്ലയോ മാവേലിക്കരയോ പൂത്തൂരോ പ്രശ്നമുണ്ടായാല്‍ ആ സ്ഥലത്തെ മാത്രമല്ലേ ബാധിക്കൂ എന്നും മന്ത്രി പറഞ്ഞു. പൊതുമേഖലാ ബാങ്കുകള്‍ തകര്‍ന്നാല്‍ റിസര്‍വ് ബാങ്ക് പണം നല്‍കുമെന്നത് വെറുതെയാണെന്നും ഇത്തരത്തില്‍ എവിടെയെങ്കിലും റിസര്‍വ് ബാങ്ക് പണം നല്‍കിയിട്ടുണ്ടോ എന്നും വാസവന് ചോദിച്ചു.
കരുവന്നൂരിലെ നിക്ഷേപം മടക്കി കൊടുക്കാനുള്ള ക്രമീകരണം കേരള ബാങ്കുമായി ചേര്‍ന്ന് നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. 73 കോടി രൂപ തിരിച്ചുകൊടുത്തുവെന്നും അടുത്ത ദിവസം 53 കോടി കൂടി തിരിച്ചുകൊടുക്കുമെന്നും മന്ത്രി പറഞ്ഞു. 560 കോടി നിക്ഷേപമുണ്ടെന്നും 283 കോടി മാത്രമാണ് കൊടുക്കാനുള്ളതെന്നും വാസവന് അവകാശപ്പെട്ടു.
സ്പെഷല്‍ ഓവര്‍ഡ്രാഫ്റ്റ് നല്കാന് റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നും ഇത് മറികടക്കാന്‍ സമഗ്ര സഹകരണ നിയമം കൊണ്ടുവന്നുവെന്നും മന്ത്രി പറഞ്ഞു. മുന്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്, വി. ജോയി എംഎല്‍എ, വി.കെ. പ്രശാന്ത് എംഎല്‍എ, കോലിയക്കോട് കൃഷ്ണന്‍നായര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: