കോഴിക്കോട്: കായികകേരളത്തിന്റെ അഭിമാനമായി മറേണ്ടിയിരുന്നയാളാണ് ചെറുവണ്ണൂരില്‍ തയ്യുള്ളതില്‍ കെ.സി. പ്രകാശന്. പഠന കാലത്ത് ബധിരര്‍ക്കുള്ള സംസ്ഥാന ദേശീയ മീറ്റുകളില്‍ നിരവധി മെഡലുകള്‍ വാരിക്കൂട്ടിയിട്ടുണ്ട് പ്രകാശന്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയില്‍ നിന്ന് സ്വര്‍ണ മെഡല്‍ വരെ വാങ്ങി. പക്ഷേ പ്രകാശനെ കായിക രംഗത്ത് ഉറപ്പിച്ച് നിര്‍ത്താനോ വഴി കാട്ടാനോ ആരുമുണ്ടായിരുന്നില്ല. ജീവിതം കരുപ്പിടിപ്പിക്കാന്‍ ഇന്ന് തടിമില്ലില്‍ കൂറ്റന്‍ തടികളുമായി മല്പ്പിടുത്തത്തിലാണ്. പക്ഷേ, തടിപിടിത്തം ഒരു കായിക മത്സരമല്ലല്ലോ!
വോളിബോള്‍, ഫുട്ബോള്‍, 800 മീറ്റര്‍, റിലേ, ലോങ് ജംപ്, ഡിസ്കസ് ത്രോ, ജാവലില്‍ ത്രോ എന്നീ ഇനങ്ങളില്‍ ഒരു കാലത്തെ താരമായിരുന്നു പ്രകാശന്. 1986ല്‍ ബെംഗളൂരുവില്‍ നടന്ന ബധിരര്‍ക്കുള്ള രണ്ടാമത് ദേശീയ അത്ലറ്റ് മീറ്റില്‍ 800 മീറ്ററിലും ഡിസ്കസ് ത്രോയിലും റെക്കോഡോടെ സ്വര്‍ണവും 400 മീറ്ററില്‍ വെള്ളിയും നേടി. അതേവര്‍ഷം കാണ്‍പൂരില്‍ നടന്ന മീറ്റില്‍ ഷോട്പുട്ടില്‍ റെക്കോഡ് സര്‍ണവും ഒന്നാം സ്ഥാനം നേടിയ റിലേ ടീമില്‍ അംഗവുമായിരുന്നു. പുണെയില്‍ നടന്ന ബധിര ദേശീയ വോളി ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്.
കായിക ജീവിതത്തില്‍ ജില്ലാ തലത്തില്‍ 45-ഉം സംസ്ഥാന തലത്തില്‍ 27 – ഉം ദേശീയ തലത്തില്‍ ഒന്‍പതു മെഡലുകളും കരസ്ഥമാക്കിയ പ്രകാശനിപ്പോള്‍ 50 വയസായി. കഠിനമായ തൊഴിലുകള്‍ ചെയ്തു ജീവിക്കാനുള്ള ആരോഗ്യവും കുറവാണ്. കായികരംഗത്തെ തന്റെ നേട്ടങ്ങള്‍ പരിഗണിച്ച് അര്‍ഹതപ്പെട്ട തൊഴില്‍ ലഭിക്കാന്‍ ബിജെപി ജില്ലാ ജനറല്‍ സെക്രറി എം. മോഹനന് മാസ്റ്റര്‍, ജില്ല കമ്മിറ്റി മെമ്പര്‍ കെ.കെ. രജീഷ്, പേരാമ്പ്ര മണ്ഡലം ട്രഷറര്‍ ടി.എം. ഹരിദാസ്, ഭാര്യ പുഷ്പ എന്നിവര്‍ക്കൊപ്പം ജില്ലാ കളക്ടര്‍ എ. ഗീതക്ക് നിവേദനം നല്കി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രകാശന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: