ന്യൂദല്‍ഹി: ഭീകരസംഘടനയായ ഹമാസിന് വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ പ്രമേയം അവതരിപ്പിച്ചത് കേരളത്തില്‍ നിന്നുള്ള നേതാവും മുന്‍ സംസ്ഥാന ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല. ചെന്നിത്തലയ്ക്കൊപ്പം കര്‍ണ്ണാടകത്തില്‍ നിന്നുള്ള രാജ്യസഭാംഗമായ സയിദ് നാസര്‍ ഹുസൈനും കൂടിയതോടെ മുസ്ലിം സമൂഹത്തിന്റെ ആവശ്യമെന്ന നിലയില്‍ പ്രമേയം പ്രവര്‍ത്തക സമിതിയില്‍ പാസായി. ശശി തരൂര്‍ അടക്കമുള്ള ചില പ്രവര്‍ത്തക സമിതിയംഗങ്ങള്‍ ഹമാസിനെ അനുകൂലിച്ചുള്ള പ്രമേയത്തെ എതിര്‍ത്തെങ്കിലും രാഹുല്‍ ഗാന്ധിയുടെ പിന്തുണയും രമേശിന്റെ പ്രമേയത്തിന് ലഭിച്ചതോടെ വിവാദ പ്രമേയം പാസായി.
ഹിന്ദു സമൂഹത്തിലെ പിന്നാക്കക്കാര്‍ക്ക് വേണ്ടിയെന്ന വ്യാജേന ജാതി സെന്‍സസ് ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന കോണ്‍ഗ്രസിന് വോട്ടില്‍ മാത്രമാണ് കണ്ണെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ പ്രവര്‍ത്തകസമിതി പ്രമേയം. ജാതി സെന്‍സസ് മുഖ്യവിഷയമാക്കി പ്രമേയം തയ്യാറാക്കുന്നതിനിടെയാണ് ചെന്നിത്തല ഹമാസ് പ്രമേയവുമായി രംഗത്തെത്തുന്നത്. ഇസ്രയേല്‍-പാലസ്തീന് വിഷയം പ്രമേയമാക്കേണ്ടതില്ലെന്ന എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയേയും എതിര്‍പ്പ് പോലും തള്ളിയാണ് രാഹുലിന്റെ പിന്തുണയോടെ രമേശ് പ്രമേയം അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തത്. ഭീകരാക്രമണം നേരിട്ട ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പ്രസ്താവന പുറത്തിറക്കിയെങ്കിലും പ്രവര്‍ത്തക സമിതി പ്രമേയം ജയറാം രമേശിന്റെ നിലപാടുകളെ തള്ളിക്കളയുന്നതായി.
പൂര്‍ണ്ണമായും ഹമാസിനൊപ്പം നില്ക്കുന്ന പ്രമേയത്തില്‍ ഭീകരവാദത്തെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ല എന്നതും ശ്രദ്ധേയമായി. ഇതു ദേശീയ തലത്തില്‍ വലിയ തിരിച്ചടിയാവുമെന്ന് ശശി തരൂര്‍ അടക്കമുള്ള നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഹമാസിന്റെ ഭീകരവാദത്തെ അപലപിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ഗാന്ധി അടക്കമുള്ളവര്‍ അനുകൂലിച്ചില്ല. ഇതോടെ ജാതി സെന്‍സസിന് വേണ്ടി ചേര്‍ന്ന എഐസിസി മുസ്ലിം പ്രീണനത്തിന് വേണ്ടി അജണ്ട മാറ്റി ഹമാസ് അനുകൂല പ്രമേയം പാസാക്കുകയായിരുന്നു.
കേരളത്തിലെ മുസ്ലിം മതന്യൂനപക്ഷത്തെ പ്രീണിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് താന്‍ പ്രമേയം കൊണ്ടുവന്നതെന്നാണ് രമേശ് ചെന്നിത്തല പിന്നീട് ചില കോണ്‍ഗ്രസ് നേതാക്കളോട് വിശദീകരിച്ചത്. കേരളത്തില്‍ രാഷ്ട്രീയമായി ഇതു ഗുണം ചെയ്യുമെന്നും ചെന്നിത്തല വിശദീകരിക്കുന്നു. എന്നാല്‍ ദേശീയ തലത്തില്‍ ചെന്നിത്തലയുടെ പ്രമേയം കോണ്‍ഗ്രസിന് വലിയ ബൂമറാങ്ങായി മാറിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: