ന്യൂദല്‍ഹി: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാലാമത്തെ സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തിറക്കി. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് തന്റെ സ്ഥിരം സീറ്റായ ബുധ്നിയില്‍ നിന്ന് വീണ്ടും മത്സരിക്കുമെന്നാണ് വ്യക്തമാക്കുന്നത്.
57 സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ നരോത്തം മിശ്ര, ഗോവിന്ദ് സിംഗ് രാജ്പുത്, ഗോപാല്‍ ഭാര്‍ഗവ, രാജേന്ദ്ര ശുക്ല, ഓംപ്രകാശ് സഖ്ലേച്ച എന്നിവരുള്‍പ്പെടെ ചില പ്രമുഖ പേരുകളും ഉണ്ട്.
മധ്യപ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ച ദിവസമാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തുവിട്ടത്. മധ്യപ്രദേശില്‍ നവംബര്‍ 17ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും, ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുക.
230 നിയമസഭാ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആഗസ്ത് 17ന് മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തിറക്കിയിരുന്നു. അതില്‍ 39 സ്ഥാനാര്‍ത്ഥികളുണ്ട്.
സെപ്തംബര്‍ 25നാണ് രണ്ടാം പട്ടിക പുറത്തിറക്കിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍, ഗ്രാമവികസന, സ്റ്റീല്‍ സഹമന്ത്രി ഫഗ്ഗന്‍ സിംഗ് കുലത്സെ എന്നിവരും നാല് ലോക്സഭാ എംപിമാരും പട്ടികയില്‍ ഇടംപിടിച്ചു.
ഒരു ദിവസത്തിന് ശേഷം, എസ്ടിക്ക് സംവരണം ചെയ്ത സീറ്റായ അമര്‍വാരയില്‍ നിന്ന് മോണിക്ക ബട്ടി മത്സരിക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചു. ഗോണ്ട്വാന ഗാന്തന്ത്ര പാര്‍ട്ടി വിട്ട ശേഷമാണ് അവര്‍ ബിജെപിയില്‍ ചേര്‍ന്നത്.
തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മധ്യപ്രദേശില്‍ ബിജെപിയാണ് അധികാരത്തിലുള്ളത്. ഛത്തീസ്ഗഡ്, തെലങ്കാന, രാജസ്ഥാന്, മിസോറാം എന്നീ സംസ്ഥാനങ്ങളിലും അടുത്ത മാസം തിരഞ്ഞെടുപ്പും ഡിസംബര്‍ മൂന്നിന് വോട്ടെണ്ണലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: