കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരേയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേയും രൂക്ഷമായി വിമര്‍ശനവുമായി ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍. മൈക്ക് കൂവിയാൽ ഓപ്പറേറ്ററെ തെറി വിളിക്കുന്നത് വിവരമില്ലാത്തവരും സംസ്കാരമില്ലാത്തവരുമാണ്. അന്തസില്ലായ്മയും പഠനമില്ലായ്മയും വളർന്നുവന്ന പശ്ചാത്തലവുമാണ് ഇത്തരം സമീപനത്തിന് കാരണമെന്നും അദ്ദേഹം വിമർശിച്ചു. പാലായില്‍നടന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു മൈക്ക് ഓപ്പറേറ്റര്‍ വെറുതേ ഉഴപ്പി, സ്റ്റേജിലെ പരിപാടി കളയണമെന്ന് ആഗ്രഹിക്കുന്നവരല്ല. എത്ര സഹിച്ചാലും ലൈറ്റും സൗണ്ടും തരുന്നവര്‍ ഒരു പരിപാടി ഭംഗിയാക്കാന്‍ ശ്രദ്ധിക്കും. ഒരുപക്ഷേ വിവരമില്ലാത്ത ചില ആള്‍ക്കാരുണ്ട്, അല്പം മൈക്ക് കൂവിയാല്‍ അവനെ തെറിവിളിക്കുക, അത് സംസ്കാരമില്ലാത്തവന്റെ രീതിയാണ്. അത് ഏത് മുഖ്യമന്ത്രിയായാലും ആരാണെങ്കിലും ഒരിക്കലും ശരിയല്ല. അത് അന്തസ്സില്ലായ്മയും പഠനമില്ലായ്മയും വളര്‍ന്നുവന്ന പശ്ചാത്തലവുമാണ്. അത് പാര്‍ട്ടി സെക്രട്ടറി ക്ഷോഭിച്ചതും മുഖ്യമന്ത്രി ക്ഷോഭിച്ചതും. കേരളത്തിലെ വിലയില്ലാത്ത മനുഷ്യരായില്ലേ ഇവര്‍. ഏതെങ്കിലും മൈക്ക് ഓപ്പറേറ്റര്‍ പ്രധാനമനുഷ്യന്റെ ശബ്ദവും വെളിച്ചവും തകര്‍ക്കുവോ?’, എന്നായിരുന്നു ഫാദര്‍ പുത്തന്‍ പുരയ്ക്കലിന്റെ പരാമര്‍ശം.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കെ.പി.സി.സി. സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി സംസാരിക്കവെ മൈക്ക് കൂവിയതിനെത്തുടര്‍ന്ന് ഓപ്പറേറ്റര്‍ക്കെതിരെ കേസ് എടുത്തിരുന്നു. ജനകീയപ്രതിരോധ ജാഥയില്‍ മൈക്ക് ശരിയാക്കാന്‍ എത്തിയ ഓപ്പറേറ്ററെ എം.വി. ഗോവിന്ദന് ശകാരിച്ച സംഭവവും വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: