ന്യൂദല്‍ഹി: വിദ്യാര്‍ത്ഥികളെ സമ്മര്‍ദത്തില്‍ നിന്ന് മുക്തരാക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണെന്നും കോച്ചിങ് ഇല്ലാതെ തന്നെ മത്സരപരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നും കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്. ഇതിന് നവോദയ വിദ്യാലയങ്ങള്‍ ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോച്ചിങ് ഹബ്ബായ രാജസ്ഥാനിലെ കോട്ടയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ വര്‍ധിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
കോട്ടയിലെ വിദ്യാര്‍ത്ഥി ആത്മഹത്യ സെന്‍സിറ്റീവായ വിഷയമാണ്. ഒരു ജീവനും നഷ്ടപ്പെടരുത്. മത്സരപരീക്ഷകള്‍ക്ക് പ്രത്യേകപരിശീലനം ആവശ്യമില്ലെന്നും സ്കൂള്‍ വിദ്യാഭ്യാസം മതിയെന്നും ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കുകയാണ്. രാജ്യത്ത് നിരവധി പോസിറ്റീവ് മാതൃകകളുണ്ട്, അവ സാങ്കേതികവിദ്യയിലൂടെയും സാമൂഹിക ഇടപെടലുകളിലൂടെയും പരിചരണത്തിലൂടെയും കൗണ്‍സിലിങ്ങിലൂടെയും ആവര്‍ത്തിക്കണം.
എന്‍സിഇആര്‍ടി അതിനെക്കുറിച്ച് ചിന്തിക്കുകയും വിദ്യാഭ്യാസവകുപ്പ് പ്രവര്‍ത്തിക്കുകയും സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ഈ വിഷയത്തില്‍ സമൂഹവും ഒരുമിക്കണം.
നിരവധി വിദ്യാര്‍ത്ഥികളാണ് സ്വന്തം സംസ്ഥാനത്തെ സ്കൂളുകളില്‍ ചേര്‍ന്നതിനുശേഷം കോച്ചിങ്ങിനായി കോട്ടയിലേക്ക് വരുന്നത്. അവര്‍ ബോര്‍ഡ് പരീക്ഷകള്‍ക്ക് നേരിട്ടെത്തുമെങ്കിലും മുഴുവന്‍ സമയവും സ്കൂളുകളില്‍ ഹാജരാകുന്നില്ല.
ഇത് വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വളര്‍ച്ചയെ തടസപ്പെടുത്തും. പലപ്പോഴും ഒറ്റപ്പെടലും സമ്മര്‍ദ്ദവും അനുഭവപ്പെടാനും ഇത് കാരണമാകുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ഗൗരവമായ ആലോചനകളുടെ സമയം അതിക്രമിച്ചുവെന്നും മന്ത്രി പറഞ്ഞു.
കോട്ടയില്‍ ഈ വര്‍ഷം 23 വിദ്യാര്‍ത്ഥികളാണ് ആത്മഹത്യചെയ്തത്. കഴിഞ്ഞ വര്‍ഷം ഇത് 15 ആയിരുന്നു. എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍, ജെഇഇ, നീറ്റ് എന്നിവയ്ക്ക് തയാറെടുക്കുന്നതിനായി പ്രതിവര്‍ഷം രണ്ടര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ കോട്ടയില്‍ എത്തുന്നുവെന്നാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: