തിരുവനന്തപുരം: സാമ്പത്തിക തിരിമറിയെത്തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയ കണ്ടല സഹകരണ ബാങ്കിന്റെ സഹസ്ഥാപനമായ കണ്ടല സഹകരണ ആശുപത്രിയില്‍ ജീവനക്കാരുടെ ഇഎസ്ഐയിലും പിഎഫിലും ബാങ്ക് മുന്‍ പ്രസിഡന്റ് ഭാസുരാംഗന് തട്ടിപ്പ് നടത്തി. കുടിശിക തിരിച്ച് അടപ്പിക്കാനായി നിയമ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തില്‍ ഇഎസ്ഐ കോര്പ്പറേഷന്.
ജീവനക്കാരുടെ ഇഎസ്ഐ കുടിശിഖ സംബന്ധിച്ച കാര്യങ്ങള്‍ക്കായി നിരവധി തവണ കത്തിടപാടുകള്‍ ആശുപത്രി അധികൃതരുമായി നടത്തിയെങ്കിലും ഇതിനൊന്നും നാളിതുവരെ ആശുപത്രിയുടെ ഭാഗത്തുനിന്ന് മറുപടി നല്‍കിയിട്ടില്ലെന്ന് ഇഎസ്ഐ കോര്പ്പറേഷന്. കൂടാതെ നിരവധി കത്തുകള്‍ കൈപ്പറ്റുക പോലും ചെയ്യാതെ തിരിച്ചു വിടുകയും ചെയ്തു.
രണ്ടുദിവസം മുന്‍പ് ഇഎസ്ഐ ഉദ്യോഗസ്ഥര്‍ നേരിട്ട് ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ ആശുപത്രി അധികാരികള്‍ ഇഎസ്ഐ ഉദ്യോഗസ്ഥരുമായി സഹരിക്കാന്‍ തയ്യാറായതു പോലുമില്ല. ഇഎസ്ഐയിലേക്ക് അടക്കേണ്ട തുകയും ജീവനക്കാരുടെ പ്രോവിഡന് ഫണ്ട് തുകയും ഉള്‍പ്പെടുത്തി നല്ലൊരു തുക ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പ്രതിമാസം ആശുപത്രി അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്.
ഇപ്പോഴും ഓരോ മാസവും ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് തുക ഈടാക്കുകയാണ്. ഇതിന്റെ രേഖ ഒന്നും തന്നെ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുമില്ല. ആശുപത്രിയില്‍ നിന്ന് പിരിഞ്ഞുപോയ ജീവനക്കാര്‍ക്ക് അവര്‍ അടച്ച തുകയുടെ തുല്യമായ തുക പോലും തിരികെ നല്‍കിയില്ല എന്ന ആരോപണവും നിലനില്ക്കുന്നു. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പിടിക്കുന്ന പിഎഫ് തുകയ്ക്ക് സമാനമായ തുക ആശുപത്രി നല്‍കണമെന്നാണ് നിയമം. എന്നാല്‍ പി എഫ് അക്കൗണ്ട് തുടങ്ങാതെ ജീവനക്കാരില്‍ നിന്നും തുക പിരിക്കുകയും പിരിഞ്ഞു പോയപ്പോള്‍ പിഎഫ് ആവശ്യപ്പെട്ട ജീവനക്കാര്‍ക്ക് തുച്ഛമായ തുക നല്കി അയയ്ക്കുകയുമാണ് ഉണ്ടായത്.
ജീവനക്കാരുടെ ചികിത്സാ സഹായത്തിനായി തുടങ്ങിയ ഇഎസ്ഐ അടവ് മുടക്കിയത് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയെ സഹായിക്കാനാണെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. കണ്ടല ബാങ്കിന്റെ മുന്‍ പ്രസിഡന്റും സഹകരണ ആശുപത്രിയുടെ ചെയര്‍മാനുമായിരുന്ന ഭാസുരാംഗന്റെ മകന് ഏജന്റായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ പോളിസി ജീവനക്കാരെക്കൊണ്ട് നിര്‍ബന്ധിച്ച് എടുപ്പിക്കും. അവര്‍ക്ക് എന്തെങ്കിലും അസുഖം വന്നാല്‍ ഈ പോളിസിയുടെ കീഴില്‍ ആശുപത്രിയില്‍ ചികിത്സ നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.
ജീവനക്കാരുടെ ഇന്‍ഷുറന്‍സ് തുകയ്ക്ക് പുറമേ എ ക്ലാസ് അംഗങ്ങള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുന്നു എന്ന പേരില്‍ അമ്പത് ശതമാനം ഇന്‍ഷുറന്‍സ് തുക ബാങ്കില്‍ നിന്ന് നല്‍കിക്കൊണ്ട് ആയിരക്കണക്കിന് എ ക്ലാസ് അംഗങ്ങള്‍ക്ക് പോളിസി എടുത്തിട്ടുണ്ട്. ഇതുവഴിയും ബാങ്കിന് കോടികള്‍ നഷ്ടമുണ്ടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: