കഴിഞ്ഞ വര്‍ഷത്തെ നോബേല്‍ പുരസ്ക്കാരം നേടിയ എഴുത്തുകാരി ആനി എര്‍നുവിന്റെ വരികളില്‍ സൂചിപ്പിക്കുന്നതുപോലെ ഒന്നിനെ നിരന്തരം എതിര്‍ത്തു കൊണ്ടിരിക്കുക. അത് സൃഷ്ടിക്കുന്ന വൈകാരികതയില്‍ വിള്ളലുണ്ടാക്കാതെ തുടരുക എങ്കില്‍ അതിന് സ്ഥായിഭാവം കൈവരിക്കാനാകും. ബോധപൂര്‍വ്വമായ ഈ കാഴ്ചപ്പാടിലാണ് കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങള്‍ സംഘപരിവാര്‍ വിരുദ്ധതയുടെ സ്ഥായിഭാവം സൃഷ്ടിക്കാനുള്ള ശ്രമം നിരന്തരം നടത്തുന്നത്. ശബരിമല, ഗണപതി തുടങ്ങിയ വിഷയങ്ങളില്‍ എടുത്ത നിലപാടും 370-ാം വകുപ്പിലും, പൗരത്വ നിയമത്തിലും ഏക സിവില്‍ കോഡിലുമടക്കം എതിര്‍പ്പിന്റെ സ്വരം മാത്രമാണ് കേരളത്തിലെ മാദ്ധ്യമങ്ങള്‍ ഉയര്‍ത്തുന്നത്. സംഘ പരിവാര്‍ വിരുദ്ധത സൃഷ്ടിച്ച് അസത്യങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ മാധ്യമ പ്രതലത്തില്‍ ദേശീയതയുടെയും യാഥാര്‍ത്ഥ്യത്തിന്റേയും ശബ്ദം മുഖരിതമാക്കേണ്ട ദൗത്യം നിര്‍വ്വഹിക്കേണ്ടത് രാജ്യ സ്നേഹികളുടെ കടമയാണ്. ഈ കാഴ്ചപ്പാടിലുള്ള പോരാട്ട ദൗത്യമാണ് ജന്മഭൂമി പ്രചാരണത്തിലൂടെ രാജ്യ സ്നേഹികള്‍ ഏറ്റെടുത്തിരിക്കുന്നത്.
യാതൊരു ഭേദവുമില്ലാതെ സത്യം വെളിച്ചത്തു കൊണ്ടുവരേണ്ട മാധ്യമങ്ങള്‍ ചിലരുടെ നാവായി, സ്വാര്‍ത്ഥ താല്പ്പര്യവാഹകരായി, ഒരു ഭാഗത്ത് അവാസ്തവങ്ങള്‍ പ്രചരിപ്പിച്ച് സംഘ പരിവാര്‍ പ്രസ്ഥാനങ്ങളെ കരിവാരി തേച്ച് അപഹസിക്കാന്‍ നോക്കുമ്പോള്‍ മറുഭാഗത്ത് മഹാഭൂരിപക്ഷത്തിന്റെ അവകാശങ്ങളും ആചാരങ്ങളും നിഷേധിച്ച് അവരുടെ വിശ്വാസം പോലും തകര്‍ത്ത് അവരെ നിരാശയിലും നിസ്സഹയാവസ്ഥയിലും തള്ളിവിടാന്‍ കുത്സിത ശ്രമം നടത്തുമ്പോള്‍, നിതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമായി ഇന്ന് മുഴങ്ങി കേള്‍ക്കുന്നത് ജന്മഭൂമിയുടെ വാര്‍ത്തകളും വിശകലനങ്ങളുമാണ്. അധമ മാധ്യമ ലോബികള്‍ സൃഷ്ടിക്കുന്ന ഇരുട്ടിനിടയിലും ദേശസ്നേഹത്തിന്റെ ശുക്രനക്ഷത്രമായി പ്രകാശം പരത്തുന്ന ജന്മഭൂമി ദിനപത്രം സാംസ്കാരിക ദേശീയതയുടെ മാധ്യമ പ്രത്യാശയാണ്.
അവാസ്തവങ്ങളിലൂടെ ഇരുട്ട് നിറക്കുന്നവര്‍ അത് തുടരുകയാണ്. എതിര്‍പ്പിന്റെ സ്ഥായിഭാവം സൃഷ്ടിച്ച് മഹാഭൂരിപക്ഷത്തേയും സംഘപരിവാറിനേയും ഒറ്റപ്പെടുത്തുവാനുള്ള സൃഗാല തന്ത്രം മെനയുന്ന കുബുദ്ധികള്‍ക്കെതിരെ നിതാന്ത ജാഗ്രതയോടെയുള്ള പോരാട്ടമാണ് ജന്മഭൂമി നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പോരാട്ടത്തില്‍ ഭാഗഭാക്കാകേണ്ടത് ധാര്‍മ്മിക കടമയാണ്. ജന്മഭൂമി പ്രചാരണത്തിലുടെ അത് സാധ്യമാകട്ടെ എന്ന് ആശംസിക്കുന്നതിനോടപ്പം പോരാട്ടത്തില്‍ ഒരു പാദം മുന്നോട്ട് ഞാനും ചേരുന്നു.
അഡ്വ. ബി. ഗോപാലകൃഷ്ണൻ (ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: