മുംബൈ: നാലാം തവണയും പണ വായ്പാനയ യോഗത്തില്‍ പലിശ നിരക്ക് റിസര്‍വ് ബാങ്ക് മാറ്റംവരുത്തിയില്ല. ഇതോടെ റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ തുടരും. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനവും അഞ്ചാം തവണയും 6.5ശതമാനത്തില്‍ നിലനിര്‍ത്തി.
വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉയര്‍ത്തിയ സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി(എസ്ഡിഎഫ്), മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി (എംഎസ്എഫ്) എന്നിവയും യഥാക്രമം 6.25 ശതമാനത്തിലും 6.75 ശതമാനത്തിലും തുടരുമെന്നും ആര്‍ബിഐ വ്യക്തമാക്കി. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഇപ്പോഴും ആര്‍ബിഐയുടെ ക്ഷമതാ പരിധിക്ക് മുകളിലാണ്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് കര്‍ശന നടപടികളുമായി മുന്നോട്ടുപോകുകയുമാണ്.
വളര്‍ച്ചാധിഷ്ഠിത നിലപാട് തുടരുന്നതിന്റെ ഭാഗമായാണ് നിരക്ക് വര്‍ധനവില്‍നിന്ന് ഇത്തവണയും വിട്ടുനില്‍ക്കുന്നത്. ആറംഗ സമിതിയില്‍ അഞ്ച് പേരും നിരക്ക് വര്‍ധനവിനെതിരെ വോട്ട് ചെയ്തു. ഉത്സവ സീസണ് വരുന്നതിനാല്‍ വായ്പാ ഡിമാന്റിനെ ബാധിക്കാതിരിക്കാന്‍ മതിയായ പണലഭ്യത വിപണിയില്‍ നിലനിര്‍ത്താനും ആര്‍ബിഐ ലക്ഷ്യമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: