തൃശ്ശൂര്‍: സഹകരണ ബാങ്കുകളിലെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ അന്വേഷണം നേരിടുന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് ചെയര്‍മാനുമായ എം.കെ. കണ്ണന് ഇ ഡിക്കു സമര്‍പ്പിച്ച സ്വത്തുവിവരങ്ങള്‍ അപൂര്‍ണം. ആവശ്യപ്പെട്ട രേഖകള്‍ പലതും നല്‍കിയിട്ടില്ല. നേരിട്ടു ഹാജരാകാതെ ദൂതര്‍ മുഖാന്തിരം രേഖകള്‍ ഇ ഡി ഓഫീസിലെത്തിക്കുകയായിരുന്നു.
നേരത്തേ രണ്ടു തവണ ആവശ്യപ്പെട്ടിട്ടും കണ്ണന് വരുമാന സ്രോതസ്സും സ്വത്തുവിവരങ്ങളും വെളിപ്പെടുത്താന്‍ തയാറായിരുന്നില്ല. തുടര്‍ന്ന് ഒക്ടോ. അഞ്ചിനുള്ളില്‍ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ഇ ഡി അന്ത്യശാസനം നല്കി. പത്തു വര്‍ഷത്തെ ആദായ നികുതി കണക്കുകളും പൂര്‍വിക, ആര്‍ജിത സ്വത്തുവിവരങ്ങളും സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരുന്നത്. അടുത്ത ദിവസം വീണ്ടും ചോദ്യം ചെയ്യാന്‍ കണ്ണനെ വിളിപ്പിക്കും.
വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറും സിപിഎം പ്രാദേശിക നേതാവുമായ മധു അമ്പലപുരത്തിനെ ചോദ്യം ചെയ്യുന്നത് രണ്ടു ദിവസം പിന്നിട്ടു. കരുവന്നൂര്‍ തട്ടിപ്പുകേസില്‍ പ്രതിയായ വടക്കാഞ്ചേരി സിപിഎം കൗണ്‍സിലര്‍ പി.ആര്. അരവിന്ദാക്ഷന്റെ കൂട്ടാളിയാണ് മധു അമ്പലപുരം. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് പണം ചാക്കില്‍ക്കെട്ടി കൊണ്ടുപോയത് സതീഷ്കുമാറും അരവിന്ദാക്ഷനും മധുവും ചേര്‍ന്നാണ്. മൊയ്തീന്റെ അടുത്തയാളാണ് മധു.
പി.ആര്. അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ 63 ലക്ഷം രൂപയുണ്ടെന്ന് കണ്ടെത്തിയ പെരിങ്ങണ്ടൂര്‍ ബാങ്ക് സെക്രട്ടറി ടി.ആര്. രാജനെ ഇന്നലെ ഇ ഡി ചോദ്യം ചെയ്തു. അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ പേരില്‍ അങ്ങനെയൊരു അക്കൗണ്ടില്ലെന്ന് ബാങ്ക് പത്രക്കുറിപ്പ് ഇറക്കിയിരുന്നു. അരവിന്ദാക്ഷന്റെയും കുടുംബാംഗങ്ങളുടെയും പേരില്‍ പെരിങ്ങണ്ടൂര്‍ ബാങ്കില്‍ നടന്ന പണമിടപാടുകളെക്കുറിച്ചാണ് രാജനോട് ചോദിച്ചത്.
കേസില്‍ നേരത്തേ അറസ്റ്റിലായ ഒന്നാം പ്രതി പി. സതീഷ്കുമാറിന്റെ സഹോദരന് പി. ശ്രീജിത്തിനെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സനില്‍കുമാറിനെയും ഇ ഡി ഇന്നലെ ചോദ്യം ചെയ്തു.
അയ്യന്തോള്‍, തൃശ്ശൂര്‍ സഹ. ബാങ്കുകളിലെ കള്ളപ്പണ ഇടപാടു സംബന്ധിച്ചാണ് ചോദ്യം ചെയ്തത്. സതീഷ്കുമാറിന്റെ സഹോദരന് ശ്രീജിത്തിന്റെ പേരിലും കോടികളുടെ കള്ളപ്പണം സഹ. ബാങ്കുകള്‍ വഴി വെളുപ്പിച്ചെടുത്തു. ഇയാളുടെ പേരില്‍ വന്‍ നിക്ഷേപവുമുണ്ട്. സതീഷ്കുമാറിന്റെ കൂട്ടാളിയായ തൃശ്ശൂര്‍ ഗോസായിക്കുന്നിലെ എസ്ടി ജുവലറി ഉടമ കെ.കെ. സുനില്‍കുമാറിനെ വിളിപ്പിച്ചെങ്കിലും ഇന്നലെയും ഹാജരായില്ല.
നേരത്തേ രണ്ടു തവണ വിളിപ്പിച്ചിട്ടും സുനില്‍കുമാര്‍ എത്തിയില്ല. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണെന്നാണ് ഇയാള്‍ ഇ ഡിയോട് പറഞ്ഞത്. സുനില്‍കുമാറിന് സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. മന്ത്രി കെ. രാധാകൃഷ്ണന്റെ സഹോദരിയുടെ മകള്‍ക്ക് വിവാഹ സമ്മാനമായി സ്വര്‍ണം നല്‍കിയത് സുനില്‍കുമാറാണ്. സതീഷ്കുമാറിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: