ഹുവാന്‍ഷു: ചൈനയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍, 12-ാം ദിനം ഇന്ത്യയുടെ സ്വര്‍ണ്ണ കുതിപ്പ് തുടര്‍ന്നു. ഇന്ന് രണ്ട് സ്വര്‍ണ മെഡലുകള്‍ നേടി. ഇതോടെ 20 സ്വര്‍ണവും 31 വെള്ളിയും 32 വെങ്കലവുമടക്കം രാജ്യത്തിന്റെ ആകെ മെഡല്‍ നേട്ടം 83 ആയി. നിലവില്‍ മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനമാണിത്.
ഇന്ന് അമ്പെയ്ത്ത്, വനിതാ കോമ്പൗണ്ട് ടീം ഇനത്തില്‍ ഇന്ത്യ സ്വര്‍ണം നേടി. ജ്യോതി വെണ്ണം, അദിതി സ്വാമി, പര്‍ണീത് കൗര്‍ എന്നിവരടങ്ങിയ ടീം ഫൈനലില്‍ ചൈനീസ് തായ്പേയെ പരാജയപ്പെടുത്തി.
സ്ക്വാഷ്, ഫൈനലില്‍ രണ്ടാം സീഡായ മലേഷ്യന്‍ ജോഡിയെ 2-0 ന് തോല്‍പ്പിച്ച്, മിക്സഡ് ഡബിള്‍സില്‍ ടോപ് സീഡായ ഇന്ത്യന്‍ ജോഡി ദീപിക പള്ളിക്കലും ഹരീന്ദര്‍പാല്‍ സിംഗും സ്വര്‍ണമണിഞ്ഞു.
ബാഡ്മിന്റണില്‍ മലേഷ്യന്‍ താരം ലീ സി ജിയയെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തകര്‍ത്താണ് എച്ച്എസ് പ്രണോയ് സെമിയില്‍ കടന്നത്. എന്നാല്‍, രണ്ട് തവണ ഒളിമ്പിക്സ് മെഡല്‍ ജേതാവായ പിവി സിന്ധു വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന് പുറത്തായി.
ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനത്തിന് ഇന്ത്യന്‍ താരങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: