‘ഓംകാരം ബിന്ദു സംയുക്തം
നിത്യം ധ്യായന്തി യോഗിനഃ
കാമദം മോക്ഷദം ചൈവ
ഓംകാരായ നമോനമഃ’
യോഗികള്‍ അനുസ്വാരയുക്തമായ ഓംകാരത്തെ സദാ ധ്യാനിക്കുന്നു. അതിനാല്‍ സമസ്തകാമനകളും പൂര്‍ത്തീകരിക്കുന്നതും മോക്ഷദായകവുമായ ഓംകാരത്തെ
നാം നമസ്‌ക്കരിക്കുന്നു.
ഓംകാരത്തെ അവലംബിക്കുന്നതുമൂലം ബ്രഹ്മതത്ത്വങ്ങളുടെ അളവ് നമ്മുടെ ഉള്ളില്‍ വര്‍ദ്ധിക്കുന്നു. തല്‍ഫലമായി ഗുണകര്‍മ്മസ്വഭാവങ്ങളില്‍ ബ്രാഹ്മീഭാവങ്ങളുടെ പ്രാധാന്യം വിളയാടാന്‍ തുടങ്ങുന്നു. ഈ അഭിവൃദ്ധിയുടെ ഫലമായി മനുഷ്യന്‍ സ്വര്‍ഗ്ഗം, മോക്ഷം, അമരത്വം, സിദ്ധി, മംഗളം, നിര്‍ഭയത്വം, ആത്മദര്‍ശനം, ബ്രാഹ്മനിര്‍വ്വാണം, മനോജയം, ശിവത്വം എന്നിവയിലേക്കു മുന്നേറുന്നു. ഈശ്വരന്റെ സ്വയംസിദ്ധമായ ഈ നാമത്തിന്റെ ആലംബം ഗ്രഹിച്ചുകഴിഞ്ഞാല്‍ മനുഷ്യന്‍ ഈശ്വരന്റെ പക്കലേക്കു തന്നെ ഗമിക്കുന്നു. കയറില്‍
പിടിച്ചു കയറുന്നവര്‍ ചെന്നെത്തുന്നത് കയര്‍ കെട്ടിയിരിക്കുന്നിടത്തു തന്നെ ആയിരിക്കും. പ്രണവം ബ്രഹ്മവുമായിട്ടാണ് ബന്ധിക്കപ്പെട്ടിരിക്കുന്നത്. ഈ സംബന്ധത്തെ ആധാരമാക്കി സാധകന്‍ ബ്രാഹ്മീയസ്ഥിതിയില്‍ എത്തുന്നു. താഴെ കൊടുത്തിരിക്കുന്ന പ്രമാണങ്ങളില്‍ ഈ ഭാവങ്ങളാണ് പ്രതി
പാദിച്ചിരിക്കുന്നത്.
‘ഓം ഇതി സ്മരണേനൈവ
ബ്രഹ്മജ്ഞാനം പരാവരം
തദേവം മോക്ഷസിദ്ധിം ച
ലഭേതമൃതമശ്‌നുതേ’
മനുഷ്യന്‍ ഓംകാരത്തെ കേവലം സ്മരിക്കുന്നതുകൊണ്ടുതന്നെ ബ്രഹ്മജ്ഞാനത്തിന്റെ പാരമ്യവും മോക്ഷവും അമരത്വവും പ്രാപിക്കുന്നു.
‘ഓംകാരോ ചാഥശബ്ദശ്ച
ദ്വാവേതൗ ബ്രാഹ്മണഃപുരാ
കണ്ഠം ഭിത്വാ വിനിര്‍യാതൗ
തസ്മാന്മാംഗലികാവുഭൗ’
അനാദ്ധ്യായേ ശാന്തിപാഠാത്
‘ഓംകാരം’ ‘അഥ’ എന്നീ രണ്ടു ശബ്ദങ്ങളും പ്രാചീനകാലത്ത് ബ്രഹ്മാവിന്റെ കണ്ഠത്തില്‍ നിന്നും സ്വതവേ ഉതിര്‍ന്നതാണ്. അതിനാല്‍ ഇവ രണ്ടും മംഗളകരമായി കല്പിക്കപ്പെട്ടിരിക്കുന്നു.
‘പ്രണവേ വിതിസ്യ
വ്യാഹൃതീഷു ച സപ്തസു
ത്രിപദായാം ച ഗായത്ര്യാം
ന ഭയം വിദ്യതേ ക്വചിത്’
ഓംകാരത്തോടും സപ്തവ്യാഹൃതികളോടും ഗായത്രിയുടെ ത്രിപദയോടും ബന്ധപ്പെട്ട പുരുഷനു ഭയം ഉണ്ടാകുന്നതല്ല.
‘അമാത്രോളനന്തമാത്രശ്ച
ദൈ്വതസേ്യാപശമഃ ശിവഃ
ഓംകാരോ വിദിതൗ യേന
സമുനിര്‍നേതരോ ജനഃ’
ഓംകാരം വിഷയരഹിതവും വിഷയസഹിതവും, ദൈ്വതഭാവത്തെ നശിപ്പിക്കുന്നതും ക്ഷേമദായകവുമാകുന്നു. മനുഷ്യന്‍ ഓംകാരത്തെപ്പറ്റി അറിവു ഗ്രഹിച്ചു മുനി ആയിത്തീരുന്നു.
‘ഏതദാലംബനം ശ്രേഷ്ഠം
ഏതദാലംബനം പരം
ഏതദാലംബനം ജ്ഞാത്വാ
ബ്രഹ്മലോകേ മഹീയതേ’
ഓംകാരത്തിന്റെ ആലംബം ശ്രേഷ്ഠമാണ്. ഓംകാരത്തിന്റെ ആലംബംതന്നെയാണ് പരമമായിട്ടുള്ളത്. ഓംകാരത്തെ അവലംബിച്ചു മനുഷ്യന്‍ ബ്രഹ്മലോകത്തില്‍ മഹത്തായ സ്ഥാനവും കൈവരിക്കുന്നു.
‘യുഞ്ജീത പ്രണവേ ചേതഃ
പ്രണവോ ബ്രഹ്മനിര്‍ഭയം
പ്രണവേ നിത്യയുക്തസ്യ
ന ഭയ വിദ്യതേ ക്വചിത്’
‘ഓം’ നിര്‍ഭയബ്രഹ്മമാണ്. അതിനാല്‍ മനസ്സിനെ ബ്രഹ്മത്തോടു യോജിപ്പിക്കൂ. നിത്യവും പ്രണവത്തോടു ചേര്‍ന്നുകഴിയുന്ന പുരുഷനു ഒരിടത്തും ഭയം ഉണ്ടാകുന്നതല്ല.
‘ബുദ്ധിതത്ത്വേന ധീശൂന്യം
മൗനമേകാന്തവാസിനാ
ദീര്‍ഘ പ്രണവമുച്ചാര്യ
മനോരാജ്യം വിജീയതേ’
നിരന്തരം ഓംകാരം ജപിച്ചാല്‍ മൗനബുദ്ധിമൂലം അങ്ങുമിങ്ങും അലഞ്ഞുനടക്കുന്ന മനസ്സിന്മേല്‍ ആധിപത്യം കൈവരിക്കാന്‍ കഴിയുന്നു.
‘ഓം ഇത്യേകാക്ഷരം ധ്യാനാത്
വിഷ്ണുര്‍ വിഷ്ണുത്വമാപ്തവാന്‍
ബ്രഹ്മാ ബ്രഹ്മത്വമാപന്നഃ
ശിവതാമഭവത് ശിവഃ’
‘ഓം’ എന്ന ഏകാക്ഷരമന്ത്രധ്യാനത്താല്‍ വിഷ്ണു വിഷ്ണുത്വവും ബ്രഹ്മാവു ബ്രഹ്മത്വവും ശിവന്‍ ശിവത്വവും പ്രാപിച്ചു.
‘ഓം സ്മര’ (യജു. അ. 15)
ഓംകാരത്തെ സ്മരിക്കൂ എന്നു വേദഭഗവാന്‍ ഉപദേശിക്കുന്നു.
‘ഓം സ്മരണാത് കീര്‍ത്തനാദ്വാപി
ശ്രവണാച്ച ജപാദപി
ബ്രഹ്മ തത് പ്രാപ്യതേ നിത്യം
ഓം ഇത്യേതത്പരായയണഃ’
ഓംകാരത്തെ സ്മരിക്കുകയും കീര്‍ത്തിക്കുകയും ജപിക്കുകയും ശ്രവിക്കുകയും ചെയ്യുന്നതുമൂലം മനുഷ്യന്‍ പരബ്രഹ്മത്തെ പ്രാ
പിക്കുന്നു. അതിനാല്‍ ഓംകാരത്തില്‍ പരായണരായി കഴിയുക.
‘തൈലധാരമിവാച്ഛിന്നം
ദീര്‍ഘഘണ്ടാനിനാദവത്
ഉപാസ്യം പ്രണവസ്യാഗ്രം
യസ്തം വേദ സ വേദവിത്’
എണ്ണയുടെ നിരന്തര ധാര പോലെ അഥവാ നിരന്തര മണിനാദം പോലെ യഥാര്‍ത്ഥത്തില്‍ സദാ ‘ഓം’എന്ന ചിന്താധാരയില്‍ മുഴുകി കഴിയുന്നവര്‍ വേദജ്ഞാനി ആകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: