തിരുവനന്തപുരം: ഒരൊറ്റ ഫോണ്‍കോളില്‍ ശബരിമലയിലേക്ക് എസ്എഫ്ഐക്കാരായ ആയിരക്കണക്കിന് വനിതകളെ കയറ്റുമെന്ന് പറഞ്ഞ ആലപ്പുഴ എംപി എ.എം.ആരിഫിന്റെ തട്ടം വിഷയത്തിലെ ഇരട്ടത്താപ്പില്‍ സിപിഎമ്മിനുള്ളില്‍ പ്രതിഷേധം. മതവിശ്വാസം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമെന്ന് പറഞ്ഞ് സിപിഎം സംസ്ഥാനകമ്മിറ്റി അംഗം അനില്‍കുമാറിന്റെ പ്രസംഗത്തിനെതിരെ സിപിഎം നേതാക്കള്‍ രംഗത്ത് എത്തിയതോടെ ശബരിമലയിലെ യുവതീപ്രവേശന നിലപാടും ചര്‍ച്ചയായത്.
‘ജെസ്റ്റൊരു കോള്‍ പോരെ, ഒരൊറ്റ കോള്‍, നാളെ മുതല്‍ നാല്പത് വയസിന് താഴെ പ്രായമുള്ള മുഴുവന്‍ എസ്എഫ്ഐക്കാരായ വനിതകളും ശബരിമലയില്‍ എത്തണം എന്ന് കോടിയേരി ബാലകൃഷ്ണന് കോളുചെയ്താല്‍ മതി . ലക്ഷക്കണക്കിന് പേര് വരും. ഏത് പോലീസും പട്ടാളവും പീരങ്കിയും വന്നാലും അവിടെ എത്തും’. ഇതായിരുന്നു ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ആരിഫിന്റെ നിലപാട്. അന്ന് ശബരിമലയിലെ വിശ്വാസികള്‍ക്ക് എതിരായിരുന്നു ആരിഫ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെയായിരുന്നു ആരിഫ് നിലപാട് വ്യക്തമാക്കിയത്.
എന്നാല്‍ ‘തട്ടം വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ കൂടെ ഭാഗമായാണെന്ന് കെ. അനില്‍കുമാര്‍ പറഞ്ഞതിനെതിരെ ആരിഫ്തന്നെ രംഗത്ത് എത്തി. മതപരമായ കാര്യങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ച് കുറെക്കൂടി പഠിക്കാന്‍ അനില്‍കുമാര്‍ ശ്രദ്ധിക്കണമെന്നു പറഞ്ഞ ആരിഫ്, മതവിശ്വാസം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും പറഞ്ഞു. അബദ്ധങ്ങള്‍ പറയുന്നത് പാര്‍ട്ടിയുടെ അഭിപ്രായമായി വ്യാഖ്യാനിക്കരുത്. ഹിജാബിനുവേണ്ടി വിവാദം വന്നപ്പോള്‍ അതിനുവേണ്ടി നിലകൊണ്ട പാര്‍ട്ടിയാണ് സിപിഎം. ഹിജാബ് നിര്‍ബന്ധമാക്കാനോ ധരിക്കണമെന്ന് ആഗ്രഹിക്കുന്നവരെ തടയാനോ പാടില്ല. അതിനെതിരെ സിപിഎം ഇന്നുവരെ നിഷേധാത്മകമായ നിലപാട് എടുത്തിട്ടില്ല. മലപ്പുറത്തും കണ്ണൂരുമെല്ലാമുള്ള പാര്‍ട്ടി പരിപാടികളില്‍ തട്ടമിട്ടവരാണ് കൂടുതലെന്നും ആരിഫ് ന്യായീകരിച്ചു.
സംഭവത്തില്‍ ആദ്യം പ്രതികരിച്ചത് മുന്‍മന്ത്രി കെ.ടി. ജലീല്‍ ആയിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തിലെ ഒരു മുസ്ലിം പെണ്‍കുട്ടിയെയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്നാണ് കെ.ടി. ജലീല്‍ ഫെയിസ് ബുക്കില്‍ കുറിച്ചത്. വ്യക്തിപരമായ അഭിപ്രായം പാര്‍ട്ടിയുടേതാക്കി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തും. മതാചാരപ്രകാരം ജീവിക്കുന്ന ലക്ഷക്കണക്കിന് സഖാക്കള്‍ ഉള്ള നാടാണ് കേരളം, ബഹുജന പാര്‍ട്ടിയാണ് സിപിഎം. അത് മറന്ന് ചില തല്പര കക്ഷികള്‍ അഡ്വ. അനില്‍കുമാറിന്റെ വ്യക്തിപരമായ നിരീക്ഷണം സിപിഎമ്മിന്റേതാണെന്ന് വരുത്തിത്തീര്‍ത്ത് വിശ്വാസികളായ മുസ്ലിം വിഭാഗത്തിനിടയില്‍ പ്രചരിപ്പിക്കുന്നത് മാന്യതക്ക് ചേര്‍ന്നതല്ല. വിദ്യാഭ്യാസമുള്ള, തട്ടമിട്ട തലമുറയാണ് മലപ്പുറത്തെ പുരോഗമന പ്രസ്ഥാനത്തിന്റെ കരുത്തെന്നും ജലീല്‍ ഫെയ്സ്ബുക്കില്‍ പ്രതികരിച്ചിരുന്നു. അത് ആരിഫ് ഷെയര്‍ ചെയ്യുകയും ചെയ്തു. പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും അനില്‍കുമാറിനെ തള്ളി രംഗത്ത് എത്തി. ശബരിമലയില്‍ യുവതീ പ്രവേശന പ്രക്ഷോഭകാലത്ത് വനിതാ മതിലിന് എം.വി.ഗോവിന്ദനും നേതൃത്വം നല്‍കിയിരുന്നു. ആലപ്പുഴ ജില്ലാകമ്മിറ്റി അംഗംകൂടിയായ എ.എം ആരിഫ് അമ്മയുടെ മയ്യത്ത് നമസ്കാരത്തിന് നേതൃത്വം നല്‍കിയെന്നും ജലീല്‍ ഫെയിസ് ബുക്കില്‍ കുറിച്ചിരുന്നു. ഇതും ഇപ്പോള്‍ സിപിഎമ്മിനുള്ളില്‍ ചര്‍ച്ചയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: