തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പിനെ തുടര്‍ന്നുള്ള കള്ളപ്പണ കേസില്‍ സിപിഎം സംസ്ഥാന സമിതി അംഗം എം.കെ. കണ്ണനെതിരേ കടുത്ത നടപടികളിലേക്ക് ഇ ഡി. കണ്ണന്റെയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കള്‍ സംബന്ധിച്ച രേഖകള്‍ നാളെ കൊച്ചി ഓഫീസില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചു. വീഴ്ച വരുത്തിയാല്‍ അറസ്റ്റും മറ്റുമുണ്ടാകുമെന്നാണ് കത്തിലുള്ളത്. കണ്ണനെ രണ്ടുവട്ടം ഇ ഡി വിളിപ്പിച്ചിട്ടും പാന്‍ കാര്‍ഡ് പോലും ഹാജരാക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘം കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. കണ്ണന് പ്രസിഡന്റായ തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വഴി വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചതായി ഇ ഡി കണ്ടെത്തി.
കരുവന്നൂര്‍ കേസില്‍ ഒന്നാം പ്രതിയായ പി. സതീഷ്കുമാറിനെ കള്ളപ്പണം വെളുപ്പിക്കുന്നതിന് കണ്ണന് സഹായിച്ചിട്ടുണ്ടെന്നും അറിഞ്ഞു. സതീഷിന്റെ പേരില്‍ കോടികളുടെ നിക്ഷേപവും മറ്റു പല പ്രമുഖരുടെയും കോടികളുടെ കള്ളപ്പണവും തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലുണ്ടെന്നും ഇ ഡി മനസ്സിലാക്കി. കള്ളപ്പണമുള്ളതായി സംശയിക്കുന്ന അഞ്ഞൂറിലേറെ അക്കൗണ്ടുകളുടെ രേഖകള്‍ ഇ ഡി ശേഖരിച്ചു. അക്കൗണ്ട് ഉടമകളുടെ വരുമാന സ്രോതസ്സുകള്‍ പരിശോധിക്കുകയാണ്. കണ്ണനെ ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിക്കും.
അതിനിടെ കണ്ണനെതിരേ സിപിഎമ്മിലും ശക്തമായ അഭിപ്രായമുയരുന്നു. കേരള ബാങ്കിന്റെ വൈസ് ചെയര്മാന് കൂടിയായ കണ്ണന്റെ ഇടപാടുകള്‍ പാര്‍ട്ടിക്കും സഹകരണ മേഖലയ്ക്കും തീരാ കളങ്കമായെന്ന് സംസ്ഥാന നേതാക്കള്‍ തന്നെ പറയുന്നു. കഴിഞ്ഞ ദിവസം എളമരം കരീം പൊതുവേദിയില്‍ കണ്ണനെ വിമര്‍ശിച്ചു. സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന കാര്യങ്ങള്‍ ആരില്‍ നിന്നുമുണ്ടാകരുതെന്നായിരുന്നു കണ്ണനെ വേദിയിലിരുത്തി എളമരത്തിന്റെ വിമര്‍ശനം.
തന്നോട് ആലോചിക്കാതെ, കേരള ബാങ്കില്‍ നിന്ന് കരുവന്നൂര്‍ ബാങ്കിന് 50 കോടി നല്‍കുമെന്ന് കണ്ണന് പരസ്യ പ്രസ്താവന നടത്തിയത് ബാങ്ക് ചെയര്മാന് ഗോപി കോട്ടമുറിക്കലിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം അദ്ദേഹം സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദനെ അറിയിച്ചു. സിഎംപിയില്‍ നിന്ന് അടുത്തിടെ സിപിഎമ്മിലേക്ക് തിരിച്ചെത്തിയ കണ്ണന്റെ സംരക്ഷണ ബാധ്യത പാര്‍ട്ടിക്കില്ലെന്നും അത് കൂടുതല്‍ അപകടത്തിലാക്കുമെന്നുമാണ് വിമര്‍ശിക്കുന്ന നേതാക്കളുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: