എം.വി.ഗോവിന്ദന് ചില്ലറക്കാരനല്ല. സിപിഎം സംസ്ഥാന സെക്രട്ടറിക്കു പുറമെ പോളിറ്റ് ബ്യൂറോ മെമ്പര്‍ കൂടിയാണ്. പഴയ ഡ്രില്ല് മാഷല്ലെന്ന് ചുരുക്കം. അതുകൊണ്ടുതന്നെ അപാരബുദ്ധിയും അതിലേറെ കുബുദ്ധിയും സ്വാഭാവികം. ആര്‍എസ്എസിന്റെ സാധാരണ പ്രവര്‍ത്തകര്‍ പോകട്ടെ. സര്‍സംഘചാലക് പോലും കേട്ടിട്ടില്ലാത്ത ആദര്‍ശവും ആശയവും പിബി മെമ്പര്‍മാര്‍ക്ക് പച്ചവെള്ളം പോലെ കാണാപ്പാടമാണ്. അറിയുന്നകാര്യം മറയില്ലാതെ വിളിച്ചുപറയാലോ. അതാണ് കോടിയേരി ബാലകൃഷ്ണന്റെ ചരമദിനത്തില്‍ തളിപ്പറമ്പിലെ യോഗത്തില്‍ കണ്ടത്. മാഷ് മറയില്ലാതെ ആധികാരികമായി തന്നെ പറയുകയാണ്.
”വര്‍ഗീയ ധ്രുവീകരണത്തിലൂടെ ഇന്ത്യയെ ഹിന്ദുത്വ രാജ്യമാക്കുന്നതിനുള്ള നീക്കമാണ് ആര്‍എസ്എസ് നടത്തുന്നത്. ദല്‍ഹിയില്‍ നടന്ന സന്യാസിമാരുടെ സമ്മേളനത്തില്‍ ഹുന്ദുത്വരാജ്യത്തിനുള്ള ഭരണഘടനയുടെ കരട് തയ്യാറാക്കിയിട്ടുണ്ട്. അതില്‍ ഒന്നാമതായി പറയുന്നത് ഇന്ത്യ ഹിന്ദുത്വരാജ്യമാക്കുമെന്നാണ്. മറ്റ് മതത്തില്പെടുന്നവര്ക്ക് ഇവിടെ ജീവിക്കാം. എന്നാല്‍ വോട്ടവകാശമുണ്ടായിരിക്കില്ല. രണ്ടാംതരം പൗരന്മാരായാണ് കണക്കാക്കുക. ഭരണഘടനയേയും പാര്‍ലമെന്ററി സംവിധാനത്തേയും തകര്‍ക്കാനാണ് ആര്‍എസ്എസ് പിന്തുണയോടെ ബിജെപി ശ്രമിക്കുന്നത്. ഇന്ത്യ ഹിന്ദുരാജ്യമാക്കുന്നതിനെ എതിര്‍ത്തതിനാണ് രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജീവനെടുത്തത്. ഇന്ത്യയെ ഹിന്ദുരാജ്യമാക്കുന്നതിന് ആര്‍എസ്എസ് ഏതറ്റംവരെയും പോകും.” മാഷിന്റെ പ്രസംഗം പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ (2.10.2023) അച്ചടിച്ചുവന്നിട്ടുണ്ട്.
പിബി മെമ്പറായാല്‍ ഇത്രയും അറിവല്ലായ്മയും അതിലെല്ലാമുപരി വിവരക്കേടും വിളമ്പാന്‍ കഴിയുമെന്നറിയുമ്പോള്‍ സഖാവേ നല്ല നമസ്കാരം. ‘ഇന്ത്യന്‍ ഭരണഘടനയാണ് എന്റെ മത’ മെന്ന് പരസ്യമായി പ്രസ്താവിച്ച ഒരേയൊരു രാഷ്ട്രീയനേതാവിനെയേ ഇതുവരെ കണ്ടിട്ടുള്ളൂ. അതാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നിട്ടും ഭരണഘടനയേയും പാര്‍ലമെന്റിനെയും തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്നുപറയണമെങ്കില്‍ അതിന് അപാരമായ തൊലിക്കട്ടി തന്നെ വേണം. ദല്‍ഹിയില്‍ സന്യാസിമാരുടെ സമ്മേളനം നടന്നത് ആര്‍എസ്എസ് അറിഞ്ഞിട്ടില്ല. നടക്കാത്ത സമ്മേളനത്തില്‍ ഭരണഘടനയുടെ കരടുണ്ടാക്കി എന്നാണ് വിളമ്പിയത്.
ദല്‍ഹിയില്‍ നടന്നത് സന്യാസിമാരുടെ സമ്മേളനമല്ല. സഖാക്കളുടെ സമ്മേളനമാണ്. അവിടെ നിന്നെടുത്ത തീരുമാനമാണ് പാര്‍ട്ടി വക്താവ് അനില്‍കുമാര്‍ വിളിച്ചുപറഞ്ഞത്. അനില്‍കുമാര്‍ തട്ടത്തില്‍ പിടിച്ചുവലിച്ചപ്പോള്‍ സഖാക്കളാകെ ഞെട്ടിയത് അസമയത്ത് അത് പറഞ്ഞതുകൊണ്ടാണ്. തിരുവനന്തപുരത്ത് ഒരു സമ്മേളനത്തിലാണ് അനില്‍കുമാര്‍ പറഞ്ഞകാര്യം വിവാദമായത്. തട്ടം തലയിലിടാന്‍ തന്നാല്‍ അത് വേണ്ടെന്നുപറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമാണെന്നായിരുന്നു അനില്‍കുമാറിന്റെ അവകാശവാദം. അതില്‍ കയറിപ്പിടിച്ച് സമസ്തയും സഖാക്കളും അര്‍മാദിക്കുകയാണ് ‘തട്ടം പിടിച്ചുവലിക്കല്ലെ മൈലാഞ്ചിച്ചെടിയേ’ എന്ന പാട്ടാണ് ഓര്‍മ്മവരുന്നത്. ‘വെള്ളിക്കൊലുസിന്മേല്‍ ചുറ്റിപ്പിടിക്കല്ലേ, തൊട്ടാവാടി തയ്യേ’ എന്നമാതിരി ഓരോരുത്തരും നട്ടം തിരിയുകയാണ്. ആര്‍എസ്എസും ബിജെപിയും എവിടെയെങ്കിലും ‘തട്ട’ത്തില്‍ കയറിപ്പിടിച്ചിട്ടുണ്ടോ? തട്ടമിട്ട് നടക്കുന്നതിനെ എതിര്‍ത്തിട്ടുണ്ടോ? ആര്‍എസ്എസിനേയും ബിജെപിയേയും ചേര്‍ത്തുകെട്ടിയാല്‍ എതിരാളികളെയാകെ ചേര്ത്തുകെട്ടാമെന്ന ദുഷിച്ച ചിന്താഗതിയല്ലെ ഇവിടെയും പ്രകടമാകുന്നത്.
അനില്‍കുമാറിന്റെ പരാമര്‍ശം പാര്‍ട്ടിയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമാണെന്നും ഇത്തരത്തിലുള്ള ഒരു പരാമര്‍ശങ്ങളും പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതില്ലെന്നുമാണ് ഗോവിന്ദന് പറഞ്ഞത്. വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യ അവകാശമാണെന്നു ഹിജാബ് വിഷയം ഉയര്‍ന്നുവന്നപ്പോള്‍ തന്നെ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും എം.വി.ഗോവിന്ദന് പറയുന്നു.
തട്ടം വിവാദപരാമര്‍ശം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനില്‍കുമാറിന്റെ പ്രസംഗത്തില്‍ വന്ന പിശകെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് പറയുന്നത്. ആര്‍എസ്എസ് നയിക്കുന്ന ബിജെപി സര്‍ക്കാരില്‍ നിന്നും മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ കടുത്ത ആക്രമണമാണുണ്ടാവുന്നത്. ലക്ഷദ്വീപില്‍ ആഹാരത്തെ നിയന്ത്രിക്കുന്നതു ബിജെപി സര്‍ക്കാരാണ്. അവിടെ മാംസാഹാരം നിരോധിച്ചു. കര്‍ണാടകത്തില്‍ ബിജെപി അധികാരത്തിലിരുന്ന സമയത്ത് ഹിജാബിനെതിരെ നടപടി സ്വീകരിച്ചു എന്നുമാണ് ജയരാജന് പറഞ്ഞത്. കര്‍ണാടകയില്‍ ഹിജാബിനെതിരെയല്ല, സ്കൂള്‍ യൂണിഫോമിനുപകരം ഹിജാബ് ധരിക്കുന്നതിനെതിരെയാണ് എതിര്‍പ്പുണ്ടായത്. ഇതിനേക്കാള്‍ പ്രധാനമാണ് പുത്തന്‍ കമ്യൂണിസ്റ്റുകാരന് കെ.ടി.ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുസ്ലീങ്ങളുടെ ശതമാനക്കണക്ക് നിരത്തിയാണ് ജലീലിന്റെ അഭിപ്രായം.
”വ്യക്തിപരമായ അഭിപ്രായം പാര്‍ട്ടിയുടേതാക്കി അവതരിപ്പിക്കുന്നതു തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തും. തട്ടമിടാത്തതു പുരോഗമനത്തിന്റെ അടയാളമേ അല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഒരു മുസ്ലിം പെണ്‍കുട്ടിയെയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല. പര്‍ദ്ദയിട്ട മുസ്ലിം സഹോദരിയെ വര്‍ഷങ്ങളായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കൗണ്‍സിലറാക്കിയ പാര്‍ട്ടിയാണ് സിപിഎം. സ്വതന്ത്രചിന്ത എന്നാല്‍ തട്ടമിടാതിരിക്കലാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചതിനെ പഴിചാരി കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കാന്‍ ആരും ശ്രമിക്കേണ്ട.
ഒരു വ്യക്തിയുടെ അബദ്ധം ഒരു പാര്‍ട്ടിയുടെ തീരുമാനമാക്കി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് തികഞ്ഞ വിവരക്കേടാണ്. കാളപെറ്റു എന്ന് കേള്‍ക്കുമ്പോഴേക്ക് കയറെടുക്കുന്ന പ്രവണത ശരിയല്ല. ലീഗ് നേതാവ് അബ്ദുറഹിമാന് കല്ലായി മന്ത്രി റിയാസിനെ കുറിച്ച് ആക്രോശിച്ച ജല്പ്പനങ്ങള് മുസ്ലിം ലീഗിന്റെ നിലപാടല്ലാത്തതു പോലെ, മന്ത്രി വീണാ ജോര്‍ജിനെതിരെ കെ.എം.ഷാജി ഉപയോഗിച്ച സംസ്കാരശൂന്യ വാക്കുകള്‍ ലീഗിന്റെ നയമല്ലാത്തത് പോലെ, അഡ്വ. അനില്‍കുമാറിന്റെ അഭിപ്രായം സിപിഎമ്മിന്റേതുമല്ലെന്നു തിരിച്ചറിയാന്‍ വിവേകമുള്ളവര്‍ക്കാവണം.
കേരളത്തിലെ 26% വരുന്ന മുസ്ലിം സമൂഹത്തെ കുറിച്ച് അത്യാവശ്യത്തിന് പോലുമുള്ള അറിവ് വലിയൊരു ശതമാനം പൊതുപ്രവര്‍ത്തകര്‍ക്കും സാഹിത്യകലാ സാംസ്കാരിക നായകര്‍ക്കും പത്രമാധ്യമ പ്രവര്‍ത്തകര്‍ക്കും മതസാമുദായിക നേതാക്കള്‍ക്കുമില്ലെന്നത് വസ്തുതയാണ്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള പിശകുകള്‍ പലപ്പോഴും സംഭവിക്കുന്നത്. അവര്‍ ഏത് രാഷ്ട്രീയ ചേരിയില്‍പ്പെട്ടവരാണെങ്കിലും ശരി.”
അനില്‍കുമാര്‍ പറഞ്ഞതിനെ വ്യക്തിപരമായ അഭിപ്രായമായി ചുരുക്കിയാലും പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍, ഞങ്ങള്‍ വരുത്തിയ പുരോഗതിയാണ് അതെന്നു പറയുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ അതു സ്വന്തം ആശയമല്ല, അതു പാര്‍ട്ടിയുടെ ആശയമാണ്.
ഒരുപക്ഷേ വോട്ടു രാഷ്ട്രീയത്തിനു വേണ്ടി നാളെ നിഷേധിച്ചേക്കാം. അത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമാണെന്നു പ്രകടമാക്കിയേക്കാം. എങ്കില്‍പോലും അദ്ദേഹം പാര്‍ട്ടി ക്ലാസില്‍നിന്നു പഠിച്ചൊരു യാഥാര്‍ഥ്യം വച്ചുകൊണ്ടായിരിക്കുമല്ലോ അങ്ങനെ പറയാന്‍ കാരണം. എന്നാണ് സമസ്തയുടെ അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞത്.
തട്ടം തലയിലിടാന്‍ വന്നാല്‍ അതു വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായിട്ടുതന്നെയാണെന്നും വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്നും ഞങ്ങള്‍ വിശ്വസിക്കുന്നെന്നായിരുന്നു അനില്‍കുമാറിന്റെ പ്രസ്താവന. സ്വതന്ത്രചിന്ത വന്നതില്‍ ഈ പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ലെന്നും മുസ്ലിം സ്ത്രീകള്‍ പട്ടിണി കിടക്കുന്നില്ലെങ്കില്‍ അതിനു നന്ദി പറയേണ്ടത് എസ്സന്‍സിനോടല്ല, മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോടാണെന്നും പറയുമ്പോള്‍ മലപ്പുറത്ത് പട്ടിണിയേയില്ല എല്ലാവരും സമ്പല്സമൃദ്ധരാണെന്നുമാണ് അനില്‍കുമാറിന്റെ ഭാഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: