കൊച്ചി: മസ്തിഷ്ക മരണമെന്ന് റിപ്പോര്‍ട്ട് നല്കി അവയവദാനം ചെയ്തെന്ന പരാതിയില്‍ കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നടപടിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ബെഞ്ച് സ്റ്റേ ചെയ്തത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടെയുള്ള മജിസ്ട്രേറ്റ് കോടതി ഇടപെടല്‍ ചോദ്യം ചെയ്താണ് ആശുപത്രിയും ഡോക്ടര്‍മാരും ഹൈക്കോടതിയെ സമീപിച്ചത്. സംഭവം നടന്ന് 12 വര്‍ഷത്തിന് ശേഷം പരാതിയില്‍ നടപടിയെടുക്കുന്നത് ക്രിമിനല്‍ നടപടി ക്രമത്തിന് വിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ ജൂണിലാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതി ലേക് ഷോര്‍ ആശുപത്രിക്കെതിരെ കേസെടുത്തത്. ഉടുമ്പന്‍ചോല സ്വദേശി വി ജെ എബിന് എന്ന 18 കാരന് മരിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. തലയില്‍ കട്ടപിടിച്ച രക്തം നീക്കം ചെയ്യാതെ ആശുപത്രി അധിക്യതര്‍ യുവാവിനെ മസ്തിഷ്ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് പരാതി.
രക്തം തലയില്‍ കട്ട പിടിച്ചാല്‍ തലയോട്ടിയില്‍ സുഷിരമുണ്ടാക്കി ഇത് തടയണമെന്ന പ്രാഥമിക ചികിത്സ നടന്നില്ലെന്നും കൂടാതെ, യുവാവിന്റെ അവയവങ്ങള്‍ വിദേശിക്ക് ദാനം ചെയ്തതിലും ചട്ടലംഘനമുണ്ടായെന്നും കോടതി നിരീക്ഷിച്ചിരുന്നു. കേസെടുത്തശേഷം പ്രതികള്‍ക്ക് കോടതി സമന്‍സ് അയക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ ദൂരൂഹത ആരോപിച്ച് കൊല്ലം സ്വദേശിയായ ഡോ. ഗണപതിയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: