ലണ്ടന്‍: ഇന്ത്യന്‍ ഹൈകമ്മീഷണറെ ബ്രിട്ടനിലെ ഗ്ലാസ്ഗോ ഗുരുദ്വാരയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഖലിസ്ഥാന്‍ തീവ്രവാദികള്‍ തടഞ്ഞ സംഭവത്തില്‍ ഗ്ലാസ് ഗോ ഗുരുദ്വാര അധികൃതര്‍ മാപ്പപേക്ഷിച്ചു. ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായ വിക്രം ദൊരൈസ്വാമിയെ ആണ് സ്കോട്ട് ലാന്റിലെ ഗുരുദ്വാരയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഖലിസ്ഥാന്‍ അനുകൂലികള്‍ തടഞ്ഞത്.
ഹര്‍ദീപ് സിങ്ങ് നിജ്ജര്‍ എന്ന ഖലിസ്ഥാന്‍ തീവ്രവാദി കാനഡയില്‍ വധിക്കപ്പെട്ട സംഭവത്തിന്റെ പേരില്‍ ഇന്ത്യ- കാനഡ നയതന്ത്രബന്ധം ഉലഞ്ഞിരിക്കുന്ന സമയത്താണ് ബ്രിട്ടനിലെ ഗ്ലാസ് ഗോ ഗുരുദ്വാരയിലെ സംഭവം ഉണ്ടായത്. ഇന്ത്യ ഉടനെ ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയത്തെയും ബ്രിട്ടീഷ് പൊലീസിനെയും ആശങ്ക അറിയിക്കുകയും സംഭവത്തെ അപലപിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഗ്ലാസ് ഗോ ഗുരുദ്വാരകമ്മിറ്റി ഇന്ത്യയോട് മാപ്പപേക്ഷിച്ചിരിക്കുന്നത്.
ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായ വിക്രം ദൊരൈസ്വാമി ഗ്ലാസ് ഗോയിലെ ഗുരുദ്വാര അംഗങ്ങളുമായി ഒരു സംവാദ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതിനിടയിലാണ് അനിഷ്ടസംഭവമുണ്ടായത്. രണ്ട് ദിവസത്തെ സ്കോട്ട്ലാന്റ് പര്യടനത്തിനിടെ ഗ്ലാസ് ഗോയിലെ ഗുരുദ്വാരയില്‍ സംവാദപരിപാടിയുടെ ഭാഗമായി സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് അനിഷ്ട സംഭവം ഉണ്ടായത്. ഹൈകമ്മീഷണറെ തടഞ്ഞത് മൂന്ന് പേരാണെന്നും അവര്‍ക്ക് ഗുരുദ്വാരയുമായി ബന്ധമില്ലെന്നും ഗ്ലാസ് ഗോ ഗുരുദ്വാര അധികൃതര്‍ ഹൈകമ്മീഷണര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
യുകെയിലെ സിഖ്സ് യൂത്ത് യുകെ (എസ് വൈ യുകെ) എന്ന സംഘടനയിലെ അംഗങ്ങളാണ് വിക്രം ദൊരൈസ്വാമിയെ തടഞ്ഞത്. ഇതിന്റെ വീഡിയോ എസ് വൈ യുകെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഗ്ലാസ് ഗോ ഗുരുദ്വാര കമ്മിറ്റിയുമായി നടത്താനിരുന്ന ഇന്ത്യന്‍ ഹൈകമ്മീഷണറുടെ ചര്‍ച്ചാപരിപാടി സ്കോട്ട് ലാന്റിന് പുറത്തുള്ളവര്‍ തടയുകയായിരുന്നുവെന്ന് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് അറിയിച്ചിരുന്നു. ഈ അഭിപ്രായം ശരിവെയ്ക്കുകയായിരുന്നു ഗ്ലാസ് ഗോയിലെ ഗുരുദ്വാര കമ്മിറ്റിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: