എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് ആസൂത്രിതമായ ഭീകരാക്രമണമാണെന്നു കാട്ടി ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നു. ദല്‍ഹി നിവാസിയായ ഷാറൂക് ഫക്രൂദ്ദീന്‍ സെയ്ഫി മാത്രമാണ് കേസിലെ പ്രതിയെങ്കിലും തുടരന്വേഷണം ആവശ്യമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മൂന്നു പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് കേരളം തെരഞ്ഞെടുത്തത് ബോധപൂര്‍വമാണെന്നും, തിരിച്ചറിയാതിരിക്കാനാണിതെന്നും അന്വേഷണത്തില്‍ വ്യക്തമാവുകയുണ്ടായി. സമൂഹമാധ്യമങ്ങളിലൂടെ ഇസ്ലാമിക തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട സെയ്ഫിയെ പാകിസ്ഥാനിലെ മതപ്രഭാഷകര്‍ സ്വാധീനിച്ചതായും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. അന്യമതത്തില്‍പ്പെട്ടവരെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സെയ്ഫി ആക്രമണം നടത്തിയതെന്നും, കാഫിറുകള്‍ ആണെന്ന് ഇയാള്‍ക്ക് തോന്നിയ വ്യക്തികള്‍ക്കു നേരെയാണ് ട്രെയിനില്‍ വച്ച് പെട്രോളൊഴിച്ച് തീയിടാന്‍ ശ്രമിച്ചതെന്നും അന്വേഷണ എജന്‍സി കരുതുന്നു. ആക്രമണത്തിലൂടെ ജനങ്ങള്‍ക്കിടയില്‍ ഭീതിപരത്തി മടങ്ങിപ്പോകാനാണ് പദ്ധതിയിട്ടിരുന്നത്. സംഭവത്തിനുശേഷം കേരളത്തില്‍നിന്ന് കടന്നുകളഞ്ഞ ഇയാളെ രത്നഗിരി റെയില്‍വെ സ്റ്റേഷനില്‍നിന്ന് മഹാരാഷ്ട്ര പോലീസ് പിടികൂടി കേരള പോലീസിന് കൈമാറുകയായിരുന്നു. കേസില്‍ സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. വിപുലമായ അന്വേഷണം നടത്തിയ എന്‍ഐഎ 350 സാക്ഷിമൊഴികള്‍ ഉള്‍ക്കൊള്ളിച്ചാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. പ്രതിക്ക് കോടതിയില്‍ നിന്ന് അര്‍ഹമായ ശിക്ഷ ലഭിക്കുമെന്ന് കരുതാം.
കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ സി-1 കോച്ചില്‍ കോഴിക്കോട് എലത്തൂരില്‍ വച്ച് സെയ്ഫി നടത്തിയ തീവയ്പ്പ് ജിഹാദി ആക്രമണമാണെന്ന് വ്യക്തമായതോടെ പലരുടെയും മുഖംമൂടി അഴിഞ്ഞുവീഴുകയാണ്. തൊഴിലൊന്നും ലഭിക്കാതെ ജീവിതം വഴിമുട്ടി മാനസിക നില തകരാറിലായ ഒരു യുവാവിന്റെ പരാക്രമമാണ് എലത്തൂരില്‍ നടന്നതെന്നും, ഇതിന് ഭീകരവാദവുമായി യാതൊരു ബന്ധവുമില്ലെന്നും കൊണ്ടുപിടിച്ച പ്രചാരണമാണ് കേരളത്തില്‍ നടന്നത്. അങ്ങനെയെങ്കില്‍ ഈ പരാക്രമം എന്തുകൊണ്ട് സ്വന്തം നാടായ ദല്‍ഹിയില്‍ നടത്തിയില്ലെന്ന ചോദ്യത്തിന് പക്ഷേ ഉത്തരമുണ്ടായില്ല. ബോധപൂര്‍വം ആക്രമണത്തിന് കേരളം തെരഞ്ഞെടുക്കുകയായിരുന്നു എന്ന കുറ്റപത്രത്തിലെ കണ്ടെത്തല്‍ പ്രസക്തമാവുന്നത് ഇവിടെയാണ്. മുസ്ലിം നാമധാരി ആയതുകൊണ്ടുമാത്രം ഒരു യുവാവിനെ വേട്ടയാടുകയാണെന്നും, ഇത് അനീതിയാണെന്നും പറഞ്ഞ വ്യക്തികളും മാധ്യമങ്ങളുമുണ്ട്. ജിഹാദിയായ സെയ്ഫിയുടെ അതേ അജണ്ട തന്നെയാണ് ഇവര്‍ക്കുമുള്ളതെന്ന് തെളിഞ്ഞിരിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭീകരര്‍ അധികാരം പിടിച്ചത് വിസ്മയമായി കണ്ടവര്‍ ഇങ്ങനെയൊക്കെ പെരുമാറുന്നതില്‍ അത്ഭുതപ്പെടാനില്ലല്ലോ. ജിഹാദി മനസ്സുമായി നമുക്കിടയില്‍ നിരവധി സെയ്ഫിമാര്‍ കഴിയുന്നുണ്ടാവാം എന്നാണ് മനസ്സിലാക്കേണ്ടത്. ആക്രമണങ്ങളും കൊലപാതകങ്ങളും നടത്താന്‍ അവര്‍ അവസരംപാര്‍ത്ത് നടക്കുകയാവാം. ഇത്തരക്കാരുടെ ഒളിത്താവളമായും, വിഹാര രംഗമായും കേരളം മാറിയിട്ട് വര്‍ഷങ്ങളായി എന്നത് ആര്‍ക്കും മറച്ചുപിടിക്കാനാവില്ല.
എലത്തൂര്‍ തീവയ്പ്പ് ഭീകരാക്രമണമല്ലെന്ന് യാതൊരു അന്വേഷണവും നടത്താതെ പ്രഖ്യാപിക്കുകയായിരുന്നു കേരളാ പോലീസ്. അന്വേഷണത്തിന്റെ ചുമതലയുണ്ടായിരുന്ന പോലീസുകാരന് ഇത് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. പ്രതി മഹാരാഷ്ട്ര പോലീസിന്റെ പിടിയിലാവുകയും, അസ്വാഭാവികമായ നിരവധി കാര്യങ്ങള്‍ പുറത്തുവരികയും ചെയ്തിട്ടും ജിഹാദി ആക്രമണത്തെ വെള്ളപൂശിക്കാണിക്കാനാണ് ഈ പോലീസുദ്യോഗസ്ഥന് ശ്രമിച്ചത്. ഈ സംഭവത്തിലെ വസ്തുത പുറത്തുവരണമെന്ന് ആഗ്രഹിച്ച സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടിയെടുക്കാന്‍ പോലും കേരള സര്‍ക്കാര്‍ മടിച്ചില്ല. സര്‍ക്കാരിന്റെയും സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയുടെയും താല്‍പ്പര്യം ഇതാണെന്ന് അറിഞ്ഞുകൊണ്ടുള്ള പ്രകടനങ്ങളായിരുന്നു ഇതൊക്കെ. കേരളം ഭീകരരുടെ താവളമായി മാറുന്നതിന്റെ കാരണവും ഇതാണ്. അബ്ദുള്‍ നാസര്‍ മദനിയുടെ ഭീകരപ്രവര്‍ത്തനം ഒന്നിനു പുറകെ ഒന്നായി പുറത്തുവന്നിട്ടും അതിനെയൊക്കെ വെള്ളപൂശി അയാളുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കിയവരാണല്ലോ ഇവിടത്തെ ഇടതു-വലതു മുന്നണികള്‍. ബോംബു സ്ഫോടനത്തില്‍ വിചാരണ നേരിടുന്ന മദനി കര്‍ണാടക ജയിലില്‍ നിന്ന് ജാമ്യം നേടി പുറത്തുവന്നിരിക്കുന്നത് എങ്ങനെ രാഷ്ട്രീയമായി ഉപയോഗിക്കാമെന്ന് കണക്കുകൂട്ടുന്നവരാണ് ഇക്കൂട്ടര്‍. മദനിയുടെ മകനെ രംഗത്തിറക്കാന്‍ പോലുമുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നു എന്നാണ് വിവരം. ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച പശ്ചാത്തലത്തില്‍ ആഗോള ഇസ്ലാമിക ഭീകര സംഘടനയായ ഐഎസിന്റെ പ്രവര്‍ത്തനം കേരളത്തില്‍ ശക്തിപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എലത്തൂര്‍ തീവയ്പ്പ് ഭീകരവാദമാണെന്ന് കണ്ടെത്തിയതോടെ മലയാളികളായ ഐഎസ് ഭീകരരെയും പിടികൂടി നിയമത്തിന് മുന്പില് കൊണ്ടുവരേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: