കരുനാഗപ്പള്ളി: മുന്നൂറു പേര്‍ക്ക് സൗജന്യ ചികിത്സ, 108 സമൂഹ വിവാഹം, നാലു ലക്ഷം പേര്‍ക്ക് വസ്ത്ര ദാനം തുടങ്ങി വിവിധ സേവന പ്രവര്‍ത്തനങ്ങളും പരിസ്ഥിതി സംരക്ഷണ സന്ദേശവും ഉയര്‍ത്തി മാതാ അമൃതാനന്ദമയി ദേവിയുടെ 70-ാം ജന്മദിനാഘോഷം ഒക്ടോ. മൂന്നിന്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്മാന് സ്വാമി അമൃത സ്വരൂപാനന്ദപുരി അറിയിച്ചു.
മൂന്നിന് അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിലെ പ്രത്യേക വേദിയിലാണ് ജന്മദിനാഘോഷം. 2ന് വൈകിട്ട് 5ന് പ്രഭാഷണങ്ങള്‍, അമ്മയുടെ നേതൃത്വത്തില്‍ ധ്യാനം, വിശ്വശാന്തി പ്രാര്‍ഥനകള്‍, അമൃത സര്‍വകലാശാലയിലെ പുതിയ ഗവേഷണ പദ്ധതികളുടെ പ്രഖ്യാപനം, ആശ്രമത്തിന്റെ പുതിയ വെബ്സൈറ്റിന്റെയും പ്രസിദ്ധീകരണങ്ങളുടെയും പ്രകാശനം എന്നിവ നടക്കും.
3ന് രാവിലെ 5ന് മഹാഗണപതി ഹോമം, 7ന് സത്സംഗം, 7.45ന് സംഗീത സംവിധായകന് രാഹുല്‍രാജും സംഘവും അവതരിപ്പിക്കുന്ന നാദാമൃതം, 9ന് ഗുരുപാദ പൂജ. തുടര്‍ന്ന് മാതാ അമൃതാനന്ദമയി ദേവി ജന്മദിന സന്ദേശം നല്‍കും. ധ്യാനം, വിശ്വശാന്തി പ്രാര്‍ഥന എന്നിവയുമുണ്ട്. 11 ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ 193 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.
അമേരിക്കയിലെ ബോസ്റ്റണ്‍ ഗ്ലോബല്‍ ഫോറവും മൈക്കല്‍ ഡ്യൂക്കാക്കിസ് ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്ന് ‘വേള്‍ഡ് ലീഡര്‍ ഫോര്‍ പീസ് ആന്‍ഡ് സെക്യൂരിറ്റി’ പുരസ്കാരം മാതാ അമൃതാനന്ദമയി ദേവിക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് അമൃത കീര്‍ത്തി പുരസ്കാര വിതരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: