കൊല്ലം: ജര്‍മ്മനിയില്‍ പഠനത്തിനും ജോലിക്കുമായുള്ള ബി ടു ലെവല്‍ പരീക്ഷയെഴുതാന്‍ കേരളത്തിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങി നടത്തിയ തട്ടിപ്പില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഷ്ടമായത് അഞ്ച് കോടിയോളം രൂപ. ചെന്നൈ, കോയമ്പത്തൂര്‍, ബെംഗളൂരു എന്നിവിടങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളില്‍ പരീക്ഷ എഴുതാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പ്രധാന തട്ടിപ്പുകാരെന്ന് കരുതുന്ന ശ്യാമും ഡാനിയേലും ഒളിവിലാണ്.
കബളിപ്പിക്കപ്പെട്ടവരിൽ ഒരു പൊലീസുകാരന്റെ ഭാര്യയും ഉള്‍പ്പെടുന്നു. മറ്റു വിദ്യാർത്ഥികളെ ഏജൻസിയിലേക്കെത്തിക്കാൻ തന്നെ സബ്ബ് ഏജന്‍റായി ഉപയോഗിച്ചെന്നാണ് തട്ടിപ്പിനിരയായ പൊലീസുകാരന്റെ ഭാര്യ പറയുന്നത്. കൊച്ചി തൃക്കാക്കരയിലെ സ്ഥാപനം വഴിയായിരുന്നു തട്ടിപ്പ് നടന്നത്. തട്ടിപ്പിനിരയായ ഉദ്യോഗാര്‍ത്ഥികള്‍ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും ഡിജിപിയ്‌ക്കും പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
പത്തനംതിട്ട ഡോഗ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥന്റെ ഭാര്യ അഖിലയാണ് ജർമ്മൻ ഭാഷാ പരീക്ഷാ തട്ടിപ്പിൽ കബളിപ്പിക്കപ്പെട്ടത്. സീറ്റ് വാഗ്ദാനം ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പണമടച്ച് കാത്തിരിന്നിട്ടും പരീക്ഷാ തീയതി അറിയിപ്പോ മറ്റു പ്രതികരണങ്ങളോ ഏജൻസിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. ഇതിനെത്തുടർന്ന് ഏജന്‍റിനെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
മറ്റു വിദ്യാർത്ഥികളെ ഏജൻസിയിലേക്കെത്തിക്കാൻ ഒരു സബ്ബ് ഏജന്‍റായി തന്നെ ഉപയോഗിച്ചെന്നും അഖില പറയുന്നു.ആയിരത്തിലധികം പരീക്ഷാർത്ഥികൾ കബളിപ്പിക്കപ്പെട്ടന്നാണ് വിവരം. അഞ്ചു കോടിയലധികം രൂപ തട്ടിയെടുത്തെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: